തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ നിരക്ക് വര്‍ധന ഇന്ന് മുതല്‍

തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ ഇന്ന് മുതല്‍ വാഹനങ്ങളുടെ നിരക്ക് വര്‍ധിക്കും. വിവിധ ഇനങ്ങളിലുള്ള വാഹനങ്ങളുടെ ചുങ്കം അഞ്ച് രൂപ മുതല്‍ ഇരുപത് രൂപ വരെയാണ് വര്‍ധിപ്പിച്ചത്. കരാര്‍ വ്യവസ്ഥകള്‍ക്കനുസരിച്ചാണ് വര്‍ധനവെന്നാണ് ടോള്‍ കമ്പനിയുടെ വിശദീകരണം. അതേസമയം കരാറിലെ മറ്റ് വ്യവസ്ഥകള്‍ പാലിക്കാതെ കമ്പനി നിരക്ക് വര്‍ധനവ് മാത്രം നടപ്പാക്കുകയാണെന്ന് ആരോപണമുയര്‍ന്നു

ഇടപ്പള്ളി മണ്ണൂത്തി ദേശീയ പാതയിലെ പാലിയേക്കര ടോള്‍ പ്ലാസയിലെ നിരക്കുകളാണ് ഇന്നലെ അര്‍ധരാത്രിയോടെ വര്‍ധിപ്പിച്ചത്. ഒറ്റ തവണത്തേക്കുള്ള ചുങ്കത്തില്‍ അറുപത്തിയഞ്ച് രൂപയായിരുന്ന കാറുകളുടെ നിരക്ക് എഴുപതായും, നൂറ്റി പതിനഞ്ചായിരുന്ന ചെറു വാഹനങ്ങളുടേത് നൂറ്റിയിരുപത്തായും, ബസുകളും ട്രക്കുകളും ഉള്‍പ്പെടുന്ന വിഭാഗത്തിന്റേത് ഇരുന്നൂറ്റി ഇരുപത്തിയഞ്ചില്‍ നിന്ന് ഇരുന്നൂറ്റി നാല്‍പ്പതായും വര്‍ധിപ്പിച്ചു.

വന്‍കിട നിര്‍മാണങ്ങള്‍ക്കുള്ള വാഹനങ്ങളുടെയും മള്‍ടി ആക്‌സില്‍ വാഹനങ്ങളുടെയും നിരക്ക് മുന്നൂറ്റി അറുപത്തിയഞ്ചില്‍ നിന്ന് മുന്നൂറ്റി എണ്‍പതായി ഉയര്‍ന്നു. വര്‍ഷാവര്‍ഷം നിരക്ക് പുതുക്കാനുള്ള കരാര്‍ വ്യവസ്ഥയിലെ നിബന്ധന അനുസരിച്ചാണ് ടോള്‍ ഉയര്‍ത്തിയതെന്നാണ് കമ്പനിയുടെ വാദം.

എന്നാല്‍ കരാറിലെ നിരക്ക് വര്‍ധന ഒഴികെയുള്ള മറ്റ് വ്യവസ്ഥകള്‍ കമ്പനി പാലിക്കുന്നില്ല എന്ന ആരോപണം ശക്തമായി. ഇക്കാര്യത്തില്‍ പൊതുമരാമത്ത് മന്ത്രിയുടെ ഇടപെല്‍ ഉണ്ടാകണമെന്നാണ് ആവശ്യമുയരുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here