ഓണക്കാലമായി; വകയാറിലെ വാഴക്കുല വിപണിയും സജീവം

ഓണക്കാലമായതോടെ പത്തനംതിട്ട വകയാറിലെ വാഴക്കുല വിപണിയും സജീവമായി. ഇടനിലക്കാരില്ലാതെ കര്‍ഷകര്‍ക്ക് നേരിട്ട് അവരുടെ ഉല്‍പന്നങ്ങള്‍ വില്‍പന നടത്താം എന്നതാണ് ഈ വിപണിയുടെ പ്രത്യേകത. മധ്യ തിരുവിതാംകൂറിലെ അതി പ്രശസ്തമാണ് കോന്നി വകയാറിലെ വാഴക്കുല വിപണി.

കര്‍ഷക സംഘത്തിന്റെ ഉടമസ്ഥതയിലാണ് ഇവിടുത്ത വാഴക്കുല വിപണി. രാജഭരണ കാലം മുതലെ വകയാറില്‍ വാഴക്കുല വിപണിയുണ്ട്. ചൊവ്വാഴ്ചയിലും വെള്ളിയാഴ്ചയിലുമാണ് ഇവിടെ വിപണി ഉണ്ടാവുക. കോന്നി വനമേഖലയോട് അടുത്ത് കിടക്കുന്ന വിപണികളില്‍ നിന്നുമാണ് വകയാറിലേക്ക് വാഴക്കുലകളെത്തുന്നത്.

ജൈവകൃഷിയിലൂടെ തയ്യാറാക്കിയ വാഴക്കുലകള്‍ കര്‍ഷകര്‍ക്ക് നേരിട്ട് ഇടനിലക്കാരില്ലാതെ ഈ ചന്തയിലൂടെ വില്‍പന നടത്താം. ഓണക്കാലമായതോടെ ലക്ഷക്കണക്കിന് രൂപയുടെ വിപണനമാണ് ഇവിടെ നടക്കുന്നത്.കഴിഞ്ഞ വര്‍ഷം പത്തനംതിട്ട ജില്ലയിലെ 18 ചന്തകളില്‍ നിന്നുമായി 18 കോടി രൂപയായിരുന്നു വിറ്റുവരവ്.

എന്നാല്‍ വകയാറിലെ ചന്തയില്‍ നിന്നു മാത്രം കഴിഞ്ഞ ഓണക്കാലത്ത് വിറ്റുവരവ് 4.5 കോടി രൂപയായിരുന്നു. ഇത്തവണ 5.5 കോടി രൂപയാണ് വിറ്റുവരവ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുവരെ മൊത്തക്കച്ചവടക്കാര്‍ വാഴക്കുലകള്‍ തേടി ഇവിടെ എത്താറുണ്ട്. വാഴക്കുലയാണ് ഇവിടുത്തെ പ്രധാന ഇനമെങ്കിലും കര്‍ഷകര്‍ എത്തിക്കുന്ന മറ്റ് ഇനങ്ങളും ഇവിടെ വിപണനം നടത്താറുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here