മോദി സര്‍ക്കാരിന്റെ മൂന്നാമത്തെ മന്ത്രിസഭാ പുനഃസംഘടന ഞായറാഴ്ച്ച; എട്ട് കേന്ദ്രമന്ത്രിമാരെങ്കിലും പുറത്ത്

ദില്ലി: നരേന്ദ്രമോദി സര്‍ക്കാരിന്റെ മൂന്നാമത്തെ മന്ത്രിസഭാ പുനഃസംഘടന ഞായറാഴ്ച്ച രാവിലെ പത്ത് മണിയ്ക്ക് നടക്കും. പുനഃസംഘടനയ്ക്ക് മുന്നോടിയായി രാജീവ് പ്രതാപ് റൂഡീ, സജീവ് ബല്യാന്‍ എന്നിവര്‍ കേന്ദ്രമന്ത്രി സ്ഥാനം രാജി വച്ചു. ഉമാഭാരതി, കല്‍രാജ് മിശ്ര എന്നിവര്‍ രാജി സന്നദ്ധത അറിയിച്ചു. എട്ട് കേന്ദ്രമന്ത്രിമാരെങ്കിലും പുറത്ത് പോകും. പ്രതിരോധം, റെയില്‍, പരിസ്ഥിതി വകുപ്പുകള്‍ക്ക് പുതിയ മന്ത്രിമാരെ ലഭിക്കും.

മന്ത്രിസഭാ പുനസംഘടനാ സമയം ഔദ്യോഗികമായി പ്രധാനമന്ത്രിയുടെ ഓഫീസ് രാഷ്ട്രപതിയെ അറിയിച്ചു. രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഞായറാഴ്ച്ച രാവിലെ പത്ത് മണിയക്ക് പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യും. ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ മന്ത്രിസഭ പുനഃസംഘടന ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലേയ്ക്ക് കടക്കുകയാണ്. അമിത്ഷാ ആവശ്യപ്പെട്ടതനുസരിച്ച് നൈപുണ്യ വികസനമന്ത്രി രാജീവ് പ്രതാപ് റൂഡി, ജലമന്ത്രാലയം സഹമന്ത്രി സജീവ് ബല്യാണും രാജി വച്ചു.

ജലവകുപ്പ് മന്ത്രി ഉമാഭാരതി ആരോഗ്യപരമായ കാരണങ്ങളാല്‍ രാജി സനദ്ധത അറിയിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശ് ബിജെപി അദ്ധ്യക്ഷനായ തെരഞ്ഞെടുക്കപ്പെട്ട മഹേഷ്‌നാഥ് പാണ്ടെ സഹമന്ത്രി സ്ഥാനം രാജിവയ്ക്കും. 75 വയസ് പിന്നിട്ട കല്‍രാജ് മിശ്രയും പുറത്തേയ്ക്കുള്ള വഴിയിലാണ്. ഇദേഹത്തെ ഗവര്‍ണ്ണറാക്കും. ആറ് ഗവര്‍ണ്ണര്‍ പദവികള്‍ രാജ്യത്ത് ഒഴിഞ്ഞ് കിടപ്പുണ്ട്. രണ്ട് വര്‍ഷത്തിനുള്ളില്‍ എത്തുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ്, ഗുജറാത്ത് അടക്കമുള്ള നിയമസഭാ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടാണ് മന്ത്രിസഭാ അഴിച്ച് പണി. എട്ട് മന്ത്രിമാരെങ്കിലും പുറത്താകും.

അതേസമയം, അരുണ്‍ ജയ്റ്റ്‌ലി വഹിക്കുന്ന പ്രതിരോധമന്ത്രാലയത്തിന് പുതിയ ചുമതലക്കാരനെത്തും. അടിക്കടിയുണ്ടാകുന്ന റെയില്‍ അപകടങ്ങളെ തുടര്‍ന്ന് രാജി സന്നദ്ധത അറിയിച്ച് മന്ത്രി സുരേഷ് പ്രഭുവിനെ റയില്‍വേ വകുപ്പില്‍ നിന്നും പരിസ്ഥിതി മന്ത്രാലയത്തിലേയക്ക് മാറ്റുമെന്ന് സൂചനയുണ്ട്. ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിന്‍ ഗഡ്ക്കരി റയില്‍വേ മന്ത്രിയാകും. എന്‍ഡിഎയിലെത്തിയ ജെഡിയുവില്‍ നിന്നും സന്തോഷ് ഖുശ്വ, ആര്‍സിപി സിങ്ങ് എന്നിവര്‍ മന്ത്രിസഭയിലെത്തും. അണ്ണാ ഡിഎംകെയുടെ പ്രാതിനിധ്യം സംബന്ധിച്ച് തമ്പിദുരെയുമായി അമിത്ഷാ ചര്‍ച്ച നടത്തുന്നുണ്ട്. സംസ്ഥാന പര്യടനത്തിനുള്ള രാഷ്ട്രപതി നാളെ ഉച്ചയ്ക്ക് ദില്ലിയില്‍ തിരിച്ചെത്തും. മറ്റന്നാള്‍ പ്രധാനമന്ത്രി ബ്രിക്‌സ് ഉച്ചക്കോടിയില്‍ പങ്കെടുക്കാന്‍ ചൈനയ്ക്ക് പോകും. അതിന് മുമ്പ് ഞായറാഴ്ച്ച രാവിലെ പുനഃസംഘടന പൂര്‍ത്തിയാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News