പിണറായി സര്‍ക്കാര്‍ ‘ഗ്രേറ്റ് സര്‍ക്കാര്‍’: കമല്‍ഹാസന്‍

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിനെ ഗ്രേറ്റ് സര്‍ക്കാര്‍ എന്ന് വിശേഷിപ്പിച്ച് ഉലകനായകന്‍ കമല്‍ഹാസന്‍. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന് എത്തണമെന്ന് ആഗ്രഹിച്ചിരുന്നെന്നും തനിക്ക് കൂടുതല്‍ കാര്യങ്ങള്‍ പഠിക്കണം എന്ന ആഗ്രഹത്തോടെയാണ് അതെന്നും കമല്‍ പറഞ്ഞു. കേരളത്തിലേക്കുള്ള ഓരോ യാത്രയും തനിക്ക് പഠനയാത്രകളാണെന്നും മുഖ്യമന്ത്രിയുമായി ഓണം ആഘോഷിക്കാന്‍ വന്നതാണെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നിലവിലുണ്ടായിരിക്കുന്ന മൂല്യച്യുതിയും തന്റെ രാഷ്ട്രീയപ്രവേശനം സംബന്ധിച്ചും കമല്‍ഹാസന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനുമായി ക്ലിഫ് ഹൗസിലായിരുന്നു കമല്‍ഹാസന്റെ കൂടിക്കാഴ്ച. കൂടുതല്‍ ക്ഷേമപ്രവര്‍ത്തനങ്ങളും മികവുറ്റ പദ്ധതികളും ജനങ്ങളില്‍ എത്തിക്കുന്ന ഭരണതന്ത്രത്തെകുറിച്ചുള്ള ഉപദേശവും കമല്‍ഹാസന്‍ മുഖ്യമന്ത്രിയില്‍ നിന്ന് തേടി. മുഖ്യമന്ത്രിക്കും കുടുംബത്തിനുമൊപ്പം ഓണസദ്യയും കഴിച്ചാണ് കമല്‍ഹാസന്‍ ക്ലിഫ് ഹൗസില്‍ നിന്ന് മടങ്ങിയത്.

മുഖ്യമന്ത്രി പിണറായി വിജയനുമായി വര്‍ഷങ്ങളായി അടുത്ത ബന്ധവും സൗഹൃദവും പുലര്‍ത്തുന്ന സകലകലാവല്ലഭന്‍ കമലഹാസന്റെ ഏറെ നാളായുള്ള ആഗ്രഹമാണ് അദ്ദേഹത്തോടൊപ്പമുള്ള ഒരു ഓണക്കാലം. അതിനായി കഴിഞ്ഞവര്‍ഷം കമല്‍ഹാസന്‍ തിരുവനന്തപുരത്ത് എത്താന്‍ ശ്രമിച്ചെങ്കിലും ശാരീരിക പ്രശ്‌നങ്ങള്‍ അതിന് തടസമായി. അതുകൊണ്ട് തന്നെ ഇക്കുറി മുഖ്യമന്ത്രിയുടെ പ്രത്യേക ക്ഷണം ലഭിച്ചപ്പോള്‍ കമലഹാസന്‍ ഏറെ സന്തോഷവാനാവുകയായിരുന്നു. തലസ്ഥാനത്ത് വിമാനമിറങ്ങിയ കമല്‍ഹാസന് ഊഷ്മള വരവേല്‍പ്പാണ് വിമാനത്താവളത്തില്‍ ലഭിച്ചത്. കസവ് മുണ്ടും കറുത്ത ഷര്‍ട്ടും ധരിച്ച് മുഖ്യമന്ത്രിയെ കാണാനായി ഹോട്ടലില്‍ നിന്ന് ക്ലിഫ് ഹൗസിലേക്ക് യാത്ര പുറപ്പെട്ട ഉലകനായകന്‍ പുറത്ത്, തന്നെ കാത്തു നിന്ന മാധ്യമപ്രവര്‍ത്തകരോട് തന്റെ ആഗമനോദ്ദേശം മറച്ചുവച്ചില്ല.

മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ബ്രിട്ടാസിനൊപ്പം ക്ലിഫ് ഹൗസിലെത്തിയ കമല്‍ഹാസനെ മുഖ്യമന്ത്രിയും കുടുംബവും ചേര്‍ന്ന് സ്വീകരിച്ചു. പിന്നെ 15 മിനിട്ട് അടച്ചിട്ട മുറിയില്‍ കമലഹാസനും മുഖ്യമന്ത്രിയും ചര്‍ച്ച നടത്തി. മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസും ചര്‍ച്ചയില്‍ പങ്കെടുത്തു.

തമിഴ്‌നാട്ടിലെ നിലവിലെ ഭരണത്തിലെ പ്രശ്‌നങ്ങളും AIADMKലുണ്ടായിരിക്കുന്ന മൂല്യച്യുതിയും കമലഹാസന്‍ മുഖ്യമന്ത്രിയോട് പങ്ക് വച്ചു. നിലവിലെ സാഹചര്യത്തില്‍ തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള സാധ്യതയും ചര്‍ച്ചയായി. കൂടാതെ സംസ്ഥാനത്ത് സര്‍ക്കാര്‍ നടത്തുന്ന ജനക്ഷേമ പദ്ധതികളും ഭരണതന്ത്രവുമൊക്കെ കമല്‍ഹാസന്‍ മുഖ്യമന്ത്രിയുമായി സംസാരിച്ചു. പിന്നെ ചില രാഷ്ട്രീയ ഉപദേശങ്ങളും തേടാനും കമലഹാസന്‍ മടികാണിച്ചില്ല. പിന്നെ മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കൊപ്പമിരുന്നൊരു വിഭവ സമൃദ്ദമായ ഓണസദ്യയും കഴിച്ചാണ് കമല്‍ഹാസന്‍ ക്ലിഫ് ഹൗസില്‍ നിന്ന് മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News