”ഈ ചിത്രത്തിന് 26 വയസായെങ്കിലും മമ്മൂട്ടിക്ക് ഇന്നും 24”

കാല്‍നൂറ്റാണ്ട് മുമ്പത്തെ മമ്മൂട്ടിയും ഇപ്പോഴത്തെ മമ്മൂട്ടിയും തമ്മിലുള്ള രൂപാന്തരം അറിയാന്‍ ഈ വിവാഹ ആല്‍ബത്തിലൂടെ ഒരു ഓട്ട പ്രദിക്ഷണം നടത്തിയാല്‍ മതി. മമ്മൂട്ടിയെ അക്ഷരാര്‍ത്ഥത്തില്‍ മമ്മൂട്ടിയാക്കിയ എഴുത്തുകാരന്‍ ടി ദാമോദരന്‍ മാഷിന്റെ മകള്‍ ഇപ്പോഴത്തെ പ്രമുഖ തിരക്കഥാകൃത്തും ചലച്ചിത്ര അക്കാദമി ഭരണസമിതി സമിതി അംഗവുമായ ദീദി ദാമോദരന്റെ വിവാഹ ആല്‍ബത്തില്‍ നിന്നാണ് ഈ ചിത്രങ്ങള്‍.

വരന്‍ മാധ്യമ പ്രവര്‍ത്തകനും ചലച്ചിത്ര നിരൂപകനുമായ പ്രേംചന്ദ്. ഈ സെപ്തംബര്‍ 2 ഇരുവരുടെയും 26-ാമത് വിവാഹവാര്‍ഷികമാണ്. വിവാഹവാര്‍ഷികത്തിന് പ്രേംചന്ദ് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തതാണ് പഴയ ആല്‍ബത്തില്‍ നിന്നുള്ള ചിത്രങ്ങള്‍. മമ്മൂട്ടിയോടൊപ്പം ദാമോദരന്‍ മാഷിനെയും ചിത്രത്തില്‍ കാണാം.

ടി ദാമോദരന്‍ മാഷ് എഴുതി ഐവി ശശി സംവിധാനം ചെയ്ത ഇന്‍സ്പക്ടര്‍ ബല്‍റാം തീയറ്ററുകളില്‍ ഇടിമുഴക്കമായ വര്‍ഷമാണ് 1991. ദാമോദരന്‍ മാഷിന്റെ മകളുടെ കല്യാണത്തിന് മമ്മൂട്ടിയെത്തുന്നത് ആ തിളക്കത്തോടെയാണ്. ദാമോദരന്‍ മാഷിന്റെ തന്നെ ആവനാഴിയുടെ തുടര്‍ച്ചയാണ് ഇന്‍സ്‌പെക്ടര്‍ ബലറാം.

2006ല്‍ അതിന്റെ മൂന്നാം ഭാഗം ബല്‍റാം താരാദാസ് ആണ് ഇരുവരും അവസാനമായി ഒരുമിച്ച ചിത്രം. 2009ല്‍ പുറത്തിറങ്ങിയ രഞ്ജിത്തിന്റെ പാലേരി മാണിക്ക്യത്തില്‍ മമ്മൂട്ടിയോടൊപ്പം ദാമോദരന്‍ മാഷ് ഒരു പ്രധാന വേഷത്തില്‍ അഭിനയിച്ചിരുന്നു. 2012ല്‍ മരിക്കുന്നത് വരെ ദാമോദരന്‍ മാഷ് സിനിമാരംഗത്ത് ഏറ്റവും നല്ല സൗഹൃദം സൂക്ഷിച്ച നടനുമായിരുന്നു മമ്മൂട്ടി.

അതുകൊണ്ട് തന്നെ സാധാരണ വിവാഹ ഫോട്ടോയില്‍ കാണുന്നത് പോലെ മമ്മൂട്ടിയെ ഈ ചിത്രത്തില്‍ കാണാനാവില്ല. മമ്മൂട്ടിയും ദാമോദരന്‍ മാഷും കത്തിനിന്ന മലയാള സിനിമയുടെ ഒരു നീണ്ടകാല ചരിത്രം മുഴുവന്‍ ഈ ചിത്രം കാണുമ്പോള്‍ മനസിലേക്കെത്തും. അതുകൊണ്ട് ഈ ചിത്രവും ആ ചരിത്രത്തിന്റെ ഭാഗമാണ്.

അങ്ങാടിയില്‍ ജയന് വേണ്ടി ദാമോദരന്‍ മാഷെഴുതിയ ഡയലോഗ് ഇപ്പോഴും മലയാളിയുടെ നാവിന്‍ തുമ്പിലുണ്ട്. വീ ആര്‍ നോട്ട് ബെഗ്ഗേഴ്‌സ്. ജയനിലൂടെ മലയാള സിനിമയില്‍ ദാമോദരന്‍ മാഷും ഐവി ശശിയും ചേര്‍ന്ന് സൃഷ്ടിച്ച രോഷാകുല നായക സങ്കല്‍പ്പം ജയന്റെ മരണ ശേഷം മലയാളി ഏറ്റെടുത്തത് മമ്മൂട്ടിയിലൂടെയാരുന്നു.

അങ്ങാടി, മീന്‍, കരിമ്പന, കാന്ത വലയം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജയന്റെ അപകടമരണം നിരാശയിലാഴ്ത്തിയ ഐവി ശശിദാമോദരന്‍ സഖ്യത്തിന്റെ ശ്രദ്ധ തുടക്കക്കാരനായ മമ്മൂട്ടിയില്‍ എത്തുകയായിരുന്നു. 1981ലെ അഹിംസ എന്ന ചിത്രം അങ്ങനെയാണ് പുറത്ത് വരുന്നത്.

പിന്നീട് അടിമകള്‍ ഉടമകള്‍, ഈ നാട്, വാര്‍ത്ത, ആവനാഴി, 1921, ഇന്‍സ്‌പെക്ടര്‍ ബലറാം തുടങ്ങി വന്‍ഹിറ്റുകളുടെ പെരുമഴ തന്നെ സംഭവിച്ചതോടെ മമ്മൂട്ടിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. ഈ വിവാഹ ഫോട്ടോ ഇപ്പോള്‍ കാഴ്ച്ചക്കാരിലെത്തിക്കുന്നത് ആ ചലച്ചിത്രകാലമാണ്. സഹപാഠിയായിരുന്ന ജോയ്മാത്യുവിന്റെ ഫോട്ടോയും ആല്‍ബത്തിലുണ്ട്.

വിവാഹ ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് പ്രേംചന്ദ് എഴുതിയ വരികളും രസകരമാണ്. അതിങ്ങനെയാണ്. ‘ചിത്രത്തിന് 26 വയസായെങ്കിലും മമ്മുക്കക്ക് ഇപ്പോള്‍ 24 തികയുന്നേയുള്ളൂ. ജോയ് മാത്യുവിന് 16ഉം. രണ്ടു പേരും കല്യാണം കൂടാന്‍ വന്നത് ഭാവിയില്‍ നിന്നായത് കൊണ്ടാണിത് (ടെര്‍മിനേറ്റര്‍ സ്‌റ്റൈലില്‍ ). കാലത്തിന്റെ ഓരോരോ കളി എന്നല്ലാതെ എന്തു പറയാന്‍ .. യാ അള്ളാ”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News