രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ച് കമല്‍ഹാസന്‍; പിന്തുണ അറിയിച്ച് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: തന്റെ രാഷ്ട്രീയപ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ച് ഉലകനായകന്‍ കമല്‍ഹാസന്‍. കലാകാരന്‍ എന്ന നിലയില്‍ തനിക്ക് ലഭിച്ച പിന്തുണയുടെ പാതി ലഭിച്ചാല്‍ താന്‍ രാഷ്ട്രീയത്തില്‍ മുന്നേറുമെന്ന് കമല്‍ഹാസന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായിയുമായുള്ള കൂടിക്കാഴ്ചയിലാണ് കമല്‍ഹാസന്‍ തന്റെ രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ചത്.

കമല്‍ഹാസനെ പോലുള്ള സാമൂഹികപ്രതിബദ്ധതയുള്ള കലാകാരന്‍മാര്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത് നല്ലതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കമല്‍ഹാസന്‍ തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനുള്ള ഒരുക്കത്തിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ട്വീറ്റുകളിലൂടെയും പ്രസ്താവനകളിലൂടെയും കമല്‍ ഇതിന്റെ സൂചനകള്‍ നല്‍കിയിരുന്നു. നിലപാടുകള്‍ എന്നും പൊതുവേദിയില്‍ തന്നെ തുറന്നുപറയുന്ന കമല്‍ഹാസന്‍, സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരെയും രൂക്ഷവിമര്‍ശനമാണ് നടത്തിയിട്ടുള്ളത്.

തമിഴ്‌നാട്ടിലെ എഐഎഡിഎംകെ സര്‍ക്കാരിനെതിരെയും രൂക്ഷവിമര്‍ശനങ്ങളാണ് കമല്‍ നടത്തിയിട്ടുള്ളത്. പളനിസാമി സര്‍ക്കാരില്‍ അഴിമതി സര്‍വ്വവ്യാപിയാണെന്നും മറ്റ് പാര്‍ട്ടികള്‍ എന്തുകൊണ്ടാണ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടാത്തതെന്നും കമല്‍ ചോദിച്ചിരുന്നു. അഴിമതിയില്‍ നിന്ന് മോചിപ്പിക്കുന്ന ഒരു പുതിയ സ്വാതന്ത്ര്യസമരത്തിന് കാത്തിരിക്കാനായിരുന്നു ഇത്തവണത്തെ സ്വാതന്ത്ര്യദിനത്തിന് അദ്ദേഹത്തിന്റെ ആഹ്വാനം.

തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നിലവിലുണ്ടായിരിക്കുന്ന മൂല്യച്യുതിയെക്കുറിച്ചും പിണറായി വിജയനുമായി കമല്‍ഹാസന്‍ ചര്‍ച്ച നടത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി ക്ലിഫ് ഹൗസിലായിരുന്നു കമല്‍ഹാസന്റെ കൂടിക്കാഴ്ച. കൂടുതല്‍ ക്ഷേമപ്രവര്‍ത്തനങ്ങളും മികവുറ്റ പദ്ധതികളും ജനങ്ങളില്‍ എത്തിക്കുന്ന ഭരണതന്ത്രത്തെകുറിച്ചുള്ള ഉപദേശവും കമല്‍ഹാസന്‍ മുഖ്യമന്ത്രിയില്‍ നിന്ന് തേടി. മുഖ്യമന്ത്രിക്കും കുടുംബത്തിനുമൊപ്പം ഓണസദ്യയും കഴിച്ചാണ് കമല്‍ഹാസന്‍ ക്ലിഫ് ഹൗസില്‍ നിന്ന് മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News