‘എന്റെ ഹീറോസ് എന്നും ഇടതുനേതാക്കള്‍; എന്റെ നിറം കാവിയല്ല; ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതാണ് നല്ലത്’; നിലപാട് വ്യക്തമാക്കി കമല്‍ഹാസന്‍

തിരുവനന്തപുരം: ഇടതുനേതാക്കളാണ് എന്നും തന്റെ ഹീറോസ് എന്ന് ഉലകനായകന്‍ കമല്‍ഹാസന്‍. കുടുംബത്തില്‍ നിരവധി പേര്‍ ഇടതിനോട് അനുഭാവമുള്ളവരാണ്. തന്റെ നിറം കാവിയല്ലെന്നും ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതാണ് ജനങ്ങള്‍ക്ക് നല്ലതെന്നും കമല്‍ഹാസന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

തമിഴ്‌നാട്ടിലെ ഇപ്പോഴത്തെ രാഷ്ട്രീയസാഹചര്യങ്ങള്‍ തമാശ മാത്രമാണ്. തമിഴ് രാഷ്ട്രീയപാര്‍ട്ടികളുമായി താന്‍ സഹകരിക്കില്ലെന്നും കമല്‍ഹാസന്‍ മാധ്യമങ്ങളോട് പറഞ്ഞു.

40 വര്‍ഷമായി സിനിമയില്‍ ഉണ്ട്. അതില്‍നിന്നുള്‍പ്പെടെ എന്റെ രാഷ്ട്രീയ നിറം എന്തെന്നത് വ്യക്തമാണ്. അത് തീര്‍ച്ചയായും കാവിയല്ല.’ ഏതെങ്കിലും ഒരു പക്ഷത്തേക്ക് ചായതെ മധ്യപക്ഷത്ത് നിലയുറപ്പിക്കാനാണ് ആഗ്രഹം. നിലപാട് പ്രഖ്യാപിക്കുന്നതിന് മുമ്പ് വിവിധ രാഷട്രീയ നേതാക്കളെ സന്ദര്‍ശിക്കുമെന്നും കമല്‍ഹാസന്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായിയുമായുള്ള കൂടിക്കാഴ്ചയില്‍ കമല്‍ഹാസന്‍ തന്റെ രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ചിരുന്നു. തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നിലവിലുണ്ടായിരിക്കുന്ന മൂല്യച്യുതിയെക്കുറിച്ചും പിണറായി വിജയനുമായി കമല്‍ഹാസന്‍ ചര്‍ച്ച നടത്തിയിരുന്നു.

കമല്‍ഹാസന്‍ തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനുള്ള ഒരുക്കത്തിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ട്വീറ്റുകളിലൂടെയും പ്രസ്താവനകളിലൂടെയും കമല്‍ ഇതിന്റെ സൂചനകള്‍ നല്‍കിയിരുന്നു. നിലപാടുകള്‍ എന്നും പൊതുവേദിയില്‍ തന്നെ തുറന്നുപറയുന്ന കമല്‍ഹാസന്‍, സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരെയും രൂക്ഷവിമര്‍ശനമാണ് നടത്തിയിട്ടുള്ളത്.

തമിഴ്‌നാട്ടിലെ എഐഎഡിഎംകെ സര്‍ക്കാരിനെതിരെയും രൂക്ഷവിമര്‍ശനങ്ങളാണ് കമല്‍ നടത്തിയിട്ടുള്ളത്. പളനിസാമി സര്‍ക്കാരില്‍ അഴിമതി സര്‍വ്വവ്യാപിയാണെന്നും മറ്റ് പാര്‍ട്ടികള്‍ എന്തുകൊണ്ടാണ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടാത്തതെന്നും കമല്‍ ചോദിച്ചിരുന്നു. അഴിമതിയില്‍ നിന്ന് മോചിപ്പിക്കുന്ന ഒരു പുതിയ സ്വാതന്ത്ര്യസമരത്തിന് കാത്തിരിക്കാനായിരുന്നു ഇത്തവണത്തെ സ്വാതന്ത്ര്യദിനത്തിന് അദ്ദേഹത്തിന്റെ ആഹ്വാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here