മാവോയിസ്റ്റ് വനിതാ നേതാവ് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചു

പാലക്കാട്: മാവോയിസ്റ്റ് വനിതാ നേതാവ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. സിപിഐ മാവോയിസ്റ്റ് പ്രവര്‍ത്തകയായ മലമ്പുഴ കൊട്ടേക്കാട് സ്വദേശി ലതയാണ് കൊല്ലപ്പട്ടത്. ഭവാനിദളത്തിലെ സായുധസേനയില്‍ പ്രവര്‍ത്തിക്കുന്ന ലത കൊല്ലപ്പെട്ടതായി മാവോയിസ്റ്റ് പശ്ചിമഘട്ട പ്രത്യേക മേഖലാ കമ്മറ്റി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലൂടെയാണ് വെളിപ്പെടുത്തിയത്.

കഴിഞ്ഞ മാസം ആറിന് നാടുകാണി വനമേഖലയില്‍ വെച്ച് വൈകുന്നേരം കാട്ടാനയുടെ ആക്രമണത്തില്‍ ലതക്ക് പരുക്കേറ്റുവെന്നും ഗുരുതരമായി പരുക്കേറ്റ ഇവര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കാന്‍ കഴിയാത്തതിനാല്‍ കൊല്ലപ്പെട്ടുവെന്നുമാണ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. പശ്ചിമഘട്ട പ്രത്യേക മേഖലാ കമ്മറ്റി വക്താവ് ജോഗിയുടെ പേരിലാണ് കുറിപ്പ് പുറത്തുവന്നിരിക്കുന്നത്. 48 വയസ്സുള്ള ലത സിപിഐ മാവോയിസ്റ്റ് സായുധ സേനാംഗവും സിപിഐ മാവോയിസ്റ്റ് ജില്ലാ കമ്മറ്റി അംഗവുമാണ്. തീവ്രഇടതുസംഘടനകളില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന ലത 2000 മുതല്‍ സിപിഐഎംഎല്‍ നക്‌സല്‍ബാരിയില്‍ അംഗമായി പ്രവര്‍ത്തിച്ചു.

2004 മുതല്‍ ഒളിവില്‍ കഴിഞ്ഞ് പശ്ചിമഘട്ടമേഖലയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. ഇക്കാലത്ത് നക്‌സല്‍ബാരി സംസ്ഥാനകമ്മറ്റി അംഗമായിരുന്നു. പിന്നീട് സിപിഐ മാവോയിസ്റ്റ് നക്‌സല്‍ബാരി ലയനം നടന്നതിനുശേഷം 2014 മുതല്‍ മാവോയിസ്റ്റ് സായുധസേനയുടെ പശ്ചിമഘട്ടത്തിലെ സജീവപ്രവര്‍ത്തകയായി.

വാര്‍ത്താക്കുറിപ്പിലുള്ള വിവരങ്ങള്‍ക്കപ്പുറം ലതയുടെ മരണവുമായി ബന്ധപ്പെട്ട സ്ഥിരീകരണം പൊലീസിന് ലഭിച്ചിട്ടില്ല. നേരത്തെ മാവോയിസ്റ്റ് നേതാവ് തൃശൂര്‍ സ്വദേശിയായ സനോജ് കൊല്ലപ്പെട്ടതായി വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു. എന്നാല്‍ സനോജിന്റെ മരണം സ്‌ഫോടനത്തിലാണെന്നും മാവോയിസ്റ്റുകള്‍ക്കിടയിലെ ഭിന്നതയാണ് മരണകാരണമെന്നും ആരോപണമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ ലതയുടെ മരണത്തെക്കുറിച്ച് വിശദമായി അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News