
തിരുവനന്തപുരം: NRI സീറ്റുകള്‍ സര്‍ക്കാര്‍ പിടിച്ചെടുത്തത് വഴി മെറിറ്റ് സീറ്റില്‍ പഠിക്കാനായത് നിരവധി നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക്. ഉയര്‍ന്ന റാങ്ക് ഉണ്ടായിട്ടും അഡ്മിഷന്‍ ലഭിക്കാതെ മടങ്ങി പോയ തിരുവനന്തപുരം മണക്കാട് സ്വദേശിനി ജെംഷിക്ക് തുണയായത് പീപ്പിള്‍ അടക്കമുളള മാധ്യമങ്ങളുടെ വാര്‍ത്ത. ഉയര്‍ന്ന റാങ്ക് ലഭിച്ചിട്ടും അഡ്മിഷന്‍ ലഭിക്കാതിരുന്ന ജെംഷിക്ക് ആശ്വാസമായത് എസ്എഫ്‌ഐ നേതാക്കളായ ജെയ്ക്കിന്റെയും വിജിന്റെയും കരുതലോടെയുളള ഇടപെടലാണ്. കൈതട്ടി പോയെന്ന് കരുതിയ ഭാഗ്യം തിരികെ വന്നതിന്റെ ആശ്വാസത്തിലാണ് ജെംഷിയും കുടുംബവും.
വിങ്ങിപെട്ടുന്ന മനസുമായിട്ടാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ നടമുറ്റത്ത് നിന്ന് ജെംഷി ഇന്നലെ പീപ്പിളിനോട് സങ്കടം പങ്ക് വെച്ചത്. എന്‍ട്രന്‍സ് റാങ്ക് ലിസ്റ്റില്‍ 2414ലാണ് ജെംഷിയുടെ റാങ്ക്. എന്നാല്‍ ആറ് ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരണ്ടി കൂടിയെ തീരു എന്ന് സ്വാശ്രയ മാനേജ്‌മെന്റ് വാശി പിടിച്ചപ്പോള്‍ വര്‍ഷങ്ങളായി മനസില്‍ കൊണ്ട് നടന്ന എംബിബിഎസ് എന്ന മോഹം ഉപേക്ഷിക്കാന്‍ തന്നെ അവള്‍ തീരുമാനിച്ചു. മനസില്ലാ മനസോടെ തിരുവനന്തപുരം ദന്തല്‍ കോളേജില്‍ ബിഡിഎസിന് അഡ്മിഷന്‍ എടുത്തു. എന്നാല്‍ ബാങ്ക് ഗ്യാരണ്ടി സര്‍ക്കാര്‍ വഹിക്കുമെന്ന തീരുമാനം ഉണ്ടായപ്പോള്‍ വീണ്ടും അഡ്മിഷന്‍ കേന്ദ്രത്തിലെത്തിയെങ്കിലും അകത്തേക്ക് കടത്തി വിടാന്‍ പോലും സെക്യൂരിറ്റി തയ്യാറായില്ല. വാര്‍ത്ത ലൈവ് ആയി റിപ്പോര്‍ട്ട് ചെയ്യുന്ന പീപ്പിള്‍ വാര്‍ത്ത സംഘത്തോട് പരാതി പറഞ്ഞു.
പീപ്പിള്‍ അടക്കമുളള ദൃശ്യമാധ്യമങ്ങളിലെ വാര്‍ത്ത ശ്രദ്ധയില്‍ പെട്ട എസ്എഫ്‌ഐ സംസ്ഥാന ഭാരവാഹികളായ ജെയ്ക്കും വിജിനും എന്‍ട്രന്‍സ് നടപടി ക്രമങ്ങള്‍ നടത്തുന്ന ഉദ്യോഗസ്ഥരോട് സംസാരിച്ചെങ്കിലും നിരാശയായിരുന്നു ഫലം. എസ്എഫ്‌ഐ നേതാക്കള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്താം എന്ന് പറഞ്ഞെങ്കിലും കേട്ട് പതിഞ്ഞൊരു ആശ്വാസവാക്കായി മാത്രമേ അവര്‍ കണ്ടുളളു. വേദനയോടെ മടങ്ങിപോയ ജെംഷിയെ തേടി രാവിലെ എത്തിയ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി വിജിന്റെ ഫോണ്‍കോള്‍ അവളുടെ ജീവിതം മാറ്റി മറിച്ചു.
113 NRI സീറ്റുകളില്‍ സ്റ്റേറ്റ് മെറിറ്റില്‍ പ്രവേശനം നടത്താന്‍ തീരുമാനിച്ച സര്‍ക്കാര്‍ നിലപാട് തുണയായത് ജെംഷിയെ പോലുളള 113 പേര്‍ക്കാണ്. ഒരു തുണ്ട് ഭൂമി സ്വന്തമായി ഇല്ലാത്ത ജെംഷിക്ക് ഇനി ധൈര്യമായി സ്‌തെതസ്‌കോപ്പ് കഴുത്തില്‍ തൂക്കാം. ഗോകുലം മെഡിക്കല്‍ കോളേജില്‍ അഡ്മിഷന്‍ ലഭിച്ചപ്പോള്‍ ചിരിക്കണോ കരയണോ എന്നറിയാതെ അമ്പരന്ന് നില്‍ക്കുകയാണ് ജെംഷി.
മെഡിക്കല്‍ പ്രവേശനം സാധ്യമായെങ്കിലും ഒരു സ്വകാര്യ വസ്ത്രശാലയിലെ സെയില്‍സ്മാനായ മുഹമ്മദ് ഷാഫിയുടെ മകളുടെ ആശങ്കകള്‍ അകലുന്നില്ല. അഞ്ച് ലക്ഷം ഒപ്പിച്ചപാട് ഓര്‍ത്താല്‍ തന്നെ ഇരിപ്പ് ഉറക്കുന്നില്ല. ഇനി തുടര്‍ന്നുളള പഠനത്തിന്റെ ചിലവ് എങ്ങനെ വഹിക്കുമെന്ന് ഓര്‍ത്തുളള ടെന്‍ഷനിലാണ് ജെംഷിയുടെ ഉമ്മ സീനത്ത്. എന്നാല്‍ നിനച്ചിരിക്കാതെ കിട്ടിയ ഈ പെരുന്നാള്‍ സമ്മാനം സര്‍ക്കാരിന്റെ കനിവെന്ന് ഉമ്മ സീനത്ത് തറപ്പിച്ച് പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here