ആദിപമ്പയേയും വരട്ടാറിനേയും പുനരുജ്ജീവിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതി; ഉദ്ഘാടനം ഇന്ന്

പമ്പാനദിയുടെ കൈവഴികളായ ആദിപമ്പയേയും വരട്ടാറിനേയും നാശോന്‍മുഖമായ അവസ്ഥയില്‍നിന്ന് പുനരുജ്ജീവിപ്പിക്കുന്ന സര്‍ക്കാര്‍തല ബൃഹദ് പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 11 മണിക്ക് ഓതറ പുതുക്കുളങ്ങര ക്ഷേത്രത്തിനു സമീപം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

ജനകീയപ്രവര്‍ത്തനത്തിലൂടെ പുനരുജ്ജീവനത്തിനു തുടക്കം കുറിച്ചു മഹായജ്ഞമായി മാറിയ വരട്ടാര്‍ മാതൃക പിന്തുടര്‍ന്ന് കോലറയാറിലും പുനരുജ്ജീവനപ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. രാവിലെ 10ന് നിരണം ആലംതുരുത്തിയില്‍ കോലറയാര്‍ പുനരുജ്ജീവനപ്രവര്‍ത്തനങ്ങള്‍ പിണറായി വിലയിരുത്തും

ആദിപമ്പ, വരട്ടാര്‍ കരകളിലൂടെയുള്ള നടപ്പാത നിര്‍മാണം, ശാസ്ത്രീയമായി പുഴയുടെ ആഴവും വീതിയും വര്‍ധിപ്പിക്കല്‍, ഇരുവശങ്ങളിലും വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കല്‍, ടൂറിസം പദ്ധതി എന്നിവയുള്‍ക്കൊള്ളുന്നതാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്ന വരട്ടാര്‍ പദ്ധതി.

ജനകീയമായി നടത്തിയ പുനരുജ്ജീവന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് പദ്ധതി. ജനകീയപ്രവര്‍ത്തനങ്ങളുടെ വിജയപ്രഖ്യാപനം കൂടി ഇന്ന് നടക്കും. ഇതുവരെ നടന്ന പ്രവര്‍ത്തനങ്ങളുടെ വിവരങ്ങളടങ്ങുന്ന ‘വരട്ടാര്‍ നാള്‍വഴിയുടെ’ പ്രകാശനവും നടക്കും.

ജലവിഭവ മന്ത്രി മാത്യു ടി. തോമസിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനത്തില്‍ രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യന്‍ മുഖ്യപ്രഭാഷണവും ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് വരട്ടാര്‍ നാള്‍വഴിയുടെ പ്രകാശനവും വനം മന്ത്രി കെ. രാജു വൃക്ഷത്തൈ നടുന്ന പദ്ധതിയുടെ ഉദ്ഘാടനവും നിര്‍വഹിക്കും.

വീണാ ജോര്‍ജ്ജ് എം.എല്‍.എ. സ്വാഗതം ആശംസിക്കുന്ന ചടങ്ങില്‍ കെ.കെ. രാമചന്ദ്രന്‍ നായര്‍ എം.എല്‍.എ ജനപങ്കാളിത്ത പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടും ജലസേചന വകുപ്പ് ചീഫ് എന്‍ജിനിയര്‍ കെ. എ. ജോഷി പദ്ധതി സംബന്ധിച്ച റിപ്പോര്‍ട്ടും അവതരിപ്പിക്കും. എം.പിമാരായ സുരേഷ് ഗോപി, ആന്റോ ആന്റണി, കൊടിക്കുന്നില്‍ സുരേഷ്, എം.എല്‍.എമാരായ രാജു ഏബ്രഹാം, ചിറ്റയം ഗോപകുമാര്‍, ജലവിഭവ വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍, ഹരിതകേരളം മിഷന്‍ ഉപാദ്ധ്യക്ഷ ഡോ.ടി.എന്‍.സീമ തുടങ്ങിയവര്‍ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News