റിമാ രാജനൊപ്പം പിണറായി സര്‍ക്കാരുണ്ട്; വിദേശ പഠനത്തിന് 10 ലക്ഷം രൂപ അനുവദിച്ചു; ആരോപണങ്ങള്‍ വസ്തുതകള്‍ മനസിലാക്കാതെയെന്ന് മന്ത്രി ബാലന്‍

തിരുവനന്തപുരം: ദളിത് വിദ്യാര്‍ഥി റിമാ രാജന്റെ വിദേശ പഠനത്തിന് സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം രൂപ അനുവദിച്ചു. ഇതില്‍ അഞ്ചു ലക്ഷം രൂപ ഇന്ന് തന്നെ പോര്‍ച്ചുഗലിലെ കോയിമ്പ്ര സര്‍വകലാശാലയില്‍ അടയ്ക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. നടപടിക്ക് എസ്‌സി- എസ്ടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി എകെ ബാലന്‍ അറിയിച്ചു.

പോര്‍ച്ചുഗലിലെ കോയിമ്പ്ര സര്‍വകലാശാലയില്‍ എംഎസ്‌സി ബിസിനസ് മാനേജ്‌മെന്റ് വിദ്യാര്‍ഥിനിയാണ് തൃശൂര്‍ കൊടകര സ്വദേശിയായ റിമാ രാജന്‍.

റിമ രാജന് സ്‌കോളര്‍ഷിപ്പ് തുക അനുവദിക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച വന്നുവെന്ന ആരോപണം വസ്തുതകള്‍ മനസിലാക്കാതെയാണെന്നും മന്ത്രി ബാലന്‍ പറഞ്ഞു.

മന്ത്രി ബാലന്റെ വാക്കുകള്‍ ഇങ്ങനെ:

വിദേശപഠനസഹായവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഒരു പൊതു മാനദണ്ഡം രൂപീകരിക്കുന്നത് സംബന്ധിച്ചും വിദേശപഠന സഹായം നല്‍കുന്ന നടപടി സംബന്ധിച്ചും നേരത്തെ വിശദീകരിച്ചിട്ടുള്ളതാണ്. എന്നാല്‍ ചില കോണുകളില്‍ നിന്നും വസ്തുതകള്‍ മനസിലാക്കാതെ സര്‍ക്കാരിന്റെ അനാസ്ഥയാണ് ഇക്കാര്യത്തിലുള്ളതെന്ന പ്രചരണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

സര്‍ക്കാരില്‍ നിന്നും ധനസഹായം ലഭിക്കുമെന്ന് മുന്‍കൂട്ടി ഉത്തരവ് ആവും മുന്‍പ് സ്വന്തം നിലയ്ക്കാണ് ചില വിദ്യാര്‍ത്ഥികള്‍ വിദേശ സര്‍വ്വകലാശാലകളില്‍ പ്രവേശനം നേടുന്നത്. എന്നാല്‍ പ്രവേശനം നേടിയ കോഴ്‌സിന് മാനദണ്ഡങ്ങള്‍ പ്രകാരം സര്‍ക്കാര്‍ സഹായം ലഭിക്കുമോ എന്ന് ഉറപ്പ് വരുത്താതെ പ്രവേശനം നേടുന്നവയാണ് ഇപ്പോള്‍ വന്ന കേസുകള്‍. സര്‍ക്കാര്‍ മാനദണ്ഡം അനുസരിച്ച് ഇന്ത്യയില്‍ നിലവിലുള്ള കോഴ്‌സുകള്‍ക്ക് ധനസഹായം അനുവദിക്കാന്‍ സാധിക്കുന്നതല്ല.

എന്നാല്‍ സര്‍ക്കാര്‍ ഇത് അറിയിക്കുമ്പോഴേക്കും വിദ്യാര്‍ത്ഥി പ്രവേശനം നേടുന്ന സ്ഥിതിയാണ്. തുടര്‍ന്ന് പഠനം മുടങ്ങുമെന്ന ഘട്ടത്തിലെത്തുമ്പോള്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്ന രീതിയാണുള്ളത്. അര്‍ഹതയുള്ള ഒരു വിദ്യാര്‍ത്ഥിയുടെയും പഠനം മുടങ്ങരുതെന്ന് തന്നെയാണ് സര്‍ക്കാരിന്റെ ആഗ്രഹം. അതുകൊണ്ടാണ് പലപ്പോഴും മാനദണ്ഡങ്ങള്‍ മറികടന്ന് ധനസഹായം അനുവദിക്കേണ്ടി വരുന്നത്. ഈ വസ്തുതയ്ക്ക് വിരുദ്ധമായി ദളിത് അവഗണന എന്ന പ്രചരണമാണ് ചിലര്‍ ബോധപൂര്‍വ്വം നടത്തുന്നത്. പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗം വിദ്യാര്‍ത്ഥികളുടെ നിലവിലുള്ള വിദ്യാഭ്യാ ആനുകൂല്യങ്ങള്‍ നൂറ് ശതമാനമാക്കി വര്‍ദ്ധിപ്പിച്ചത് ഈ സര്‍ക്കാരാണ്.

മാത്രമല്ല, ഈ സര്‍ക്കാര്‍ വന്നതിന് ശേഷം ഇതുവരെ ഒരു ആനുകൂല്യവും ലഭിക്കാതിരുന്ന കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആനുകൂല്യം നല്‍കുന്നതിനും നടപടി കൈക്കൊണ്ടു. സ്വാശ്രയ പ്രവേശനം ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം 11 ലക്ഷം ഫീസ് എന്ന ഘട്ടത്തിലെത്തിയപ്പോള്‍ മുഴുവന്‍ മെറിറ്റ് സീറ്റുകളിലും പട്ടികജാതി/പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ ഫീസ് സര്‍ക്കാര്‍ വഹിക്കുന്നതിന് നടപടി സ്വീകരിച്ചു. ഇപ്രകാരം മുന്നോട്ടുപോകുന്ന സര്‍ക്കാരിനെതിരെയാണ് ചിലര്‍ ദളിത് വിരുദ്ധ പ്രചരണങ്ങള്‍ നടത്തുന്നത്.

തൃശൂരിലെ റിമ രാജന്‍ എന്ന വിദ്യാര്‍ത്ഥിയുടെ കേസില്‍ ധനസഹായം അനുവദിക്കുന്നതിനുള്ള തടസ്സം സര്‍ക്കാര്‍ മുന്‍പ് തന്നെ അറിയിച്ചിട്ടുള്ളതാണ്. പോസ്റ്റ് ഗ്രാജ്വേറ്റ് മാനേജ്‌മെന്റ് കോഴ്‌സ് പ്ലേസ്‌മെന്റ് സൗകര്യത്തോട് കൂടി ഇന്ത്യയില്‍ ലഭ്യമായിരുന്നതിനാലാണ് മാനദണ്ഡങ്ങള്‍ പ്രകാരം ധനസഹായം അനുവദിക്കാന്‍ കഴിയാത്ത സ്ഥിതി വന്നുചേര്‍ന്നത്. ഇന്ത്യയില്‍ നിലവിലുള്ള കോഴ്‌സുകള്‍ക്ക് വിദേശത്ത് പഠിക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ സഹായം അനുവദിക്കുന്നതിന് കഴിയുകയില്ല. ഇക്കാര്യം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പൊതുസമൂഹവും മാധ്യമങ്ങളും മനസ്സിലാക്കേണ്ടതാണ്.

റിമ രാജന്റെത് ഒരു പ്രത്യേക കേസായി പരിഗണിച്ച് മാനദണ്ഡങ്ങളില്‍ ഇളവ് ചെയ്ത് കൊണ്ട് മാത്രമെ പരിഗണിക്കാനാവു. അപേക്ഷയോടൊപ്പം റിമ കോഴ്‌സിനായി സര്‍ട്ടിഫൈ ചെയ്ത് ആവശ്യപ്പെട്ട അഞ്ച് ലക്ഷം രൂപ അവരുടെ ഇപ്പോഴത്തെ സാഹചര്യം പരിഗണിച്ച് അനുവദിക്കുകയാണ്. ബി ഡി ദേവസ്സി എംഎല്‍എയും കുട്ടിയുടെ ജീവിത സാഹചര്യവും പഠനം മുടങ്ങുമെന്ന ഇപ്പോഴത്തെ പ്രയാസവും അറിയിച്ച് കത്ത് നല്‍കിയിരുന്നു. അത് പരിഗണിച്ച് കോഴ്‌സ് തുടരുന്നതിന് പ്രത്യേക ധനസഹായം അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് നിശ്ചയിച്ചിരുന്നു. ഇന്ന് (02.09.2017) റിമ രാജന് അഞ്ച് ലക്ഷം രൂപ അനുവദിച്ചുള്ള ഉത്തരവ് ഇറങ്ങും.

അര്‍ഹതയുള്ള ഒരു വിദ്യാര്‍ത്ഥിയുടെയും ഭാവിക്ക് തടസ്സം നില്‍ക്കുന്നതല്ല. എന്നാല്‍ മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമെ സര്‍ക്കാരിന് അത് ചെയ്യാന്‍ സാധിക്കുകയുള്ളു എന്ന വസ്തുത ഒന്ന് കൂടി ഓര്‍മ്മിപ്പിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News