മോദി എന്ന ദുരന്തം തുടരുമ്പോള്‍ പുനഃസംഘടനകൊണ്ട് എന്ത് കാര്യം?; ചോദ്യവുമായി സീതാറാം യെച്ചൂരി

ദില്ലി: മോദിയുടെ മന്ത്രിസഭാ പുനഃസംഘടനയെ പരിഹസിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മോദി സര്‍ക്കാര്‍ എന്ന ദുരന്തം തുടരുമ്പോള്‍ പുനഃസംഘടനകൊണ്ട് എന്താണ് കാര്യമെന്ന് യെച്ചൂരി ചോദിക്കുന്നു. മോദിയില്‍ എല്ലാ അധികാരങ്ങളും കേന്ദ്രീകരിച്ചിരിക്കുന്നതിനാല്‍ പുനഃസംഘടന കൊണ്ട് എന്ത് പ്രയോജനമാണുളളതെന്ന് കോണ്‍ഗ്രസും വിമര്‍ശനമുന്നയിച്ചിരുന്നു.

നാളെ നടക്കുന്ന കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയില്‍ ഒരു വനിതയടക്കം പതിനാല് പേര്‍ കേന്ദ്രമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കര്‍ണ്ണാടകയ്ക്ക് മൂന്ന് മന്ത്രിമാരെ ലഭിച്ചേയ്ക്കും. കര്‍ണ്ണാടക മുന്‍ മന്ത്രി ശോഭ കരന്തലജേയാണ് കേന്ദ്രമന്ത്രി സഭയിലെത്തുന്ന വനിതാമുഖം. ഇവരെ കൂടാതെ സുരേഷ് അന്‍ഗാഡി, ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പ്രഹലാദ് ജോഷി എന്നിവര്‍ക്കും കര്‍ണ്ണാടയില്‍ നിന്നും കേന്ദ്രമന്ത്രിസഭയിലേയ്ക്ക് നറുക്ക് വീണേയ്ക്കാം. മുംബൈ കമ്മീഷണറായിരുന്ന സത്യപാല്‍ സിങ്ങ്, വാജ്‌പേയ് മന്ത്രിസഭയില്‍ കല്‍ക്കരി വകുപ്പ് സഹമന്ത്രിയായിരുന്ന പ്രഹലാദ് പട്ടേലും കേന്ദ്രമന്ത്രിമാരാകാനുള്ള ശ്രമത്തിലാണ്.

ബിജെപി ദേശീയ ഉപാധ്യക്ഷന്‍ വിനയ് സഹസ്രാബ്ദയ്ക്ക് പ്രതിരോധം നല്‍കുമെന്ന് സൂചനയുണ്ട്. ആര്‍എസ്എസിന്റെ ശക്തമായ പിന്തുണയാണ് മഹാരാഷ്ട്രയില്‍ നിന്നുള്ള ഈ രാജ്യസഭ എം.പിയുടെ ബലം. ആസാം നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലെത്തിയ ഹിമാന്ത് ബിശ്വാസ് ശര്‍മ്മയും, ദില്ലിയില്‍ അരവിന്ദ് കേജരിവാളിനെ വിട്ട് ബിജെപിയിലെത്തിയ മഹേഷ് ഗിരിയും കേന്ദ്രമന്ത്രിമാരായേക്കാം.

സുപ്രീംകോടതിയുടെ കടുത്ത വിമര്‍ശനത്തെ തുടര്‍ന്ന് മാപ്പ് പറഞ്ഞ് രക്ഷപ്പെട്ട ബിസിസിഐ അധ്യക്ഷന്‍ അനുരാഗ് താക്കൂറിന്റെ പേരും മന്ത്രിസഭാ പുനസംഘടനയോടനുബന്ധിച്ച് കേള്‍ക്കുന്നുണ്ട്. 2018ല്‍ നടക്കുന്ന ഹിമാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഈ ഹിമാചല്‍ക്കാരനെ മന്ത്രിയാക്കുന്നത്. വനംസംരക്ഷണവും സുപ്രീംകോടതിയും എന്ന പുസ്തകം എഴുതിയിട്ടുള്ള രാജസ്ഥാനില്‍ നിന്നും രാജ്യസഭ എം.പി ഭുപേന്ദ്രയാദവ് വനംപരിസ്ഥിതി മന്ത്രാലയത്തിനായി ശ്രമിക്കുന്നുണ്ട്.

അതേസമയം, എട്ട് കേന്ദ്രമാരെങ്കിലും പുറത്താക്കും. തൊഴില്‍മന്ത്രി ബന്ദാരു ദന്ത്രേയുടെ രാജി കഴിഞ്ഞ ദിവസം രാത്രി എഴുതി വാങ്ങി. ഒരു കേന്ദ്രമന്ത്രി അഴിമതി നടത്തിയതിനെ തുടര്‍ന്ന് പുറത്താക്കുന്നതായി ചില ദേശിയ ദിനപത്രങ്ങള്‍ വാര്‍ത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അമിത്ഷാ ആവശ്യപ്പെട്ടതനുസരിച്ച് ജലവകുപ്പ് മന്ത്രി ഉമാഭാരതി രാജി നല്‍കാന്‍ തയ്യാറായിട്ടില്ല. ആര്‍എസ്എസ് വഴി കേന്ദ്രമന്ത്രിസഭയില്‍ തന്നെ തുടരാനാണ് ഉമാഭാരതിയുടെ ശ്രമം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News