പാചകവാതക വിലവര്‍ധനവ് മോദിസര്‍ക്കാരിന്റെ ഓണസമ്മാനമാണെന്ന് കോടിയേരി; ഇത് സാധരണക്കാരോടുള്ള വെല്ലുവിളി

തിരുവനന്തപുരം: പാചകവാതക വിലവര്‍ധനവ് കേന്ദ്രസര്‍ക്കാരിന്റെ ഓണസമ്മാനമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാജ്യത്തെ സബ്‌സിഡിയുള്ള സിലിണ്ടറിന് ഏഴുരൂപയും സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 73 രൂപ 50 പൈസയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇത് സാധരണക്കാരോടുള്ള വെല്ലുവിളിയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

2018 മാര്‍ച്ചോടെ പാചകവാതകത്തിന്റെ സബ്‌സിഡി പൂര്‍ണമായും ഇല്ലാതാക്കുന്നതിന്റെ മുന്നോടിയാണ് ഈ നീക്കം. എല്ലാ മാസവും സിലിണ്ടര്‍ വില വര്‍ധിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനമെന്നും കോടിയേരി പറഞ്ഞു.

കേരളത്തില്‍ ഓണാഘോഷം ആരംഭിച്ചതിനുശേഷമുണ്ടായ ഈ വില വര്‍ധന കനത്ത ആഘാതമാണ്. സാധാരണക്കാരനോടുള്ള വെല്ലുവിളിയാണ് കേന്ദ്രത്തിന്റെ ഈ തീരുമാനം. പാവപ്പെട്ടവന്റെ അടുപ്പില്‍ തീ പുകഞ്ഞില്ലെങ്കിലും കുത്തകകള്‍ക്ക് കൊള്ളലാഭമുണ്ടാക്കിക്കൊടുക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ താല്‍പര്യമാണ് ഈ വിലവര്‍ധനയ്ക്കുപിന്നില്‍. സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കുന്ന നടപടിയാണിത്.

രാജ്യത്താകെ പെട്രോളിയം ഉല്‍പ്പന്നങ്ങളള്‍ക്ക് അനിയന്ത്രിതമായി വില വര്‍ധിക്കുകയാണ്. റിലയന്‍സ് ഉള്‍പ്പെടെയുള്ള വന്‍കിട എണ്ണക്കമ്പനികളെ സഹായിക്കുന്നതിനാണ് കേന്ദ്രത്തിന്റെ ഈ നീക്കം. 73 രൂപ 23 പൈസയാണ് ശനിയാഴ്ചയിലെ പെട്രോള്‍ വില. ഡീസലിന് 62 രൂപ 24 പൈസയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന തുകയാണിത്. നേരത്തെ 2012ല്‍ ക്രൂഡോയിലിന്റെ വില അന്താരാഷ്ട്ര കമ്പോളത്തില്‍ ബാരലിന് 150 ഡോളറിനടുത്തെത്തിയപ്പോഴാണ് രാജ്യത്ത് ഏറ്റവും ഉയര്‍ന്ന എണ്ണവില ഉണ്ടായിരുന്നത്. ലിറ്ററിന് 77രൂപ. ഇപ്പോള്‍ ക്രൂഡോയില്‍ വില ബാരലിന് 50 ഡോളറില്‍ താഴെയാണ്. എന്നാല്‍, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലയില്‍ കാര്യമായ കുറവില്ല. ഇപ്പോള്‍ ദിവസേന വില വര്‍ധിക്കുകയാണ്.

ഒരു ദിവസം നാലുപൈസ മുതല്‍ 12 പൈസ വരെ വര്‍ധിപ്പിക്കുന്നു. ഉപഭോക്താവ് അറിയാത്തവിധം ദിവസേന ചെറിയതോതില്‍ വിലഉയര്‍ത്തിക്കൊണ്ടുവന്ന് വന്‍ വിലക്കയറ്റമാണ് കേന്ദ്രസര്‍ക്കാര്‍ സൃഷ്ടിക്കുന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റത്തില്‍ ശ്കതമായ പ്രതിഷേധം ഉയര്‍ന്നു വരണമെന്നും കോടിയേരി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News