മനോജ് വധം: പാര്‍ട്ടി നേതാക്കളെ കുടുക്കാന്‍ രാഷ്ട്രീയ ഗൂഢാലോചനയെന്ന് സിപിഐഎം

കണ്ണൂര്‍: കതിരൂര്‍ കേസില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും പ്രതിഷേധ യോഗങ്ങളും സംഘടിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് സിപിഐഎം. കതിരൂര്‍ കേസില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി പി. ജയരാജന്‍, പയ്യന്നൂര്‍ ഏരിയ സെക്രട്ടറി ടി.ഐ മധുസൂദനന്‍ എന്നിവരെ യുഎപിഎ കേസില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുകയാണ്. സിപിഐഎമ്മിനെ തകര്‍ക്കുന്നതിന് സിബിഐ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നതിനുള്ള സംഘപരിവാര്‍ ഗൂഡാലോചനയുടെ ഫലമാണ് ഈ കുറ്റപത്ര സമര്‍പ്പണം.

യുഡിഎഫ് ഗവണ്‍മെന്റിന്റെ കാലത്ത് സിബിഐയെ അടക്കം ഉപയോഗപ്പെടുത്തി സിപിഐഎം നേതാക്കളെ കള്ളക്കേസില്‍ കുടുക്കി പീഢിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. ഇപ്പോള്‍ കേന്ദ്രഗവണ്‍മെന്റിന്റെ മുന്‍കൈയ്യില്‍ ഇത് ശക്തിപ്പെടുത്തിയിരിക്കുകയാണ്.

പി ജയരാജന്‍, ടി ഐ മധുസൂദനന്‍ എന്നിവരെ കതിരൂര്‍ കേസില്‍ ഉള്‍പ്പെടുത്തിയതിന് യാതൊരു ന്യായീകരണവുമില്ല എന്ന് കണ്ടെത്തിക്കൊണ്ടാണ് സെഷന്‍സ് കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്. ഇതുവരെയുണ്ടായ ഒരു അക്രമസംഭവത്തിലും യുഎപിഎ ഉള്‍പ്പെടുത്താതെ ഒരു സാധാരണ കേസില്‍ യുഎപിഎ ഉള്‍പ്പെടുത്തിയത് ബോധപൂര്‍വ്വമാണ്. മാത്രവുമല്ല യുഎപിഎ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ കൂടെ ഹാജരാക്കേണ്ട അവണ്‍മന്റ് അനുമതിപത്രം ഹാജരാക്കിയിട്ടുമില്ല. ആര്‍എസ്എസുകാര്‍ നടത്തിയ കൊലപാതകങ്ങളിലൊന്നും യുഎപിഎ വകുപ്പ് ചേര്‍ത്തിട്ടുമില്ല.

സിപിഐഎം നേതാക്കളായ കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും തെറ്റായി പ്രതിചേര്‍ത്തുകൊണ്ട് തലശേരിയിലെ ഫസല്‍ കേസും ഇതേപോലെയാണ് സിബിഐ കൈകാര്യം ചെയ്തത് എന്ന് ഓര്‍ക്കേണ്ടതാണ്. ഫസലിനെ കൊലപ്പെടുത്തിയ സംഘത്തില്‍ ഉള്‍പ്പെട്ട ആര്‍എസ്എസുകാരന്‍ കുറ്റസമ്മതം നടത്തിയിട്ട് പോലും രാഷ്ട്രീയ യജമാനരെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടി പുനരന്വേഷണം നടത്താന്‍ സിബിഐ തയ്യാറായിട്ടില്ല.

കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടിയെ നയിക്കുന്ന നേതാക്കളെ ലക്ഷ്യം വെച്ച് പ്രസ്ഥാനത്തെ തകര്‍ക്കുന്നതിനുള്ള ഗൂഡനീക്കമാണ് സിബിഐയെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ യുഎപിഎ നിയമം ദുരുപയോഗം ചെയ്യാനുള്ള നീക്കത്തിനെതിരെയും സിബിഐയെ ഉപയോഗിച്ച് സിപിഐഎമ്മിനെ വേട്ടയാടാനുള്ള ശ്രമങ്ങള്‍ക്കെതിരെയും ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.

ഇതിന്റെ ഭാഗമായി സെപ്തംബര്‍ 8ന് വൈകുന്നേരം എല്ലാ ഏരിയ കേന്ദ്രങ്ങളിലും കേന്ദ്രീകരിച്ച പ്രതിഷേധ പ്രകടനവും ബഹുജനകൂട്ടായ്മയും സംഘടിപ്പിക്കണമെന്ന് സിപിഐഎം ആഹ്വാനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News