മീനാക്ഷിപുരം ചെക്കുപോസ്റ്റില്‍ വീണ്ടും മായം കലര്‍ത്തിയ പാല്‍ പിടികൂടി

പാലക്കാട്: മീനാക്ഷിപുരം ചെക്ക് പോസ്റ്റില്‍ വീണ്ടും മായം കലര്‍ത്തിയ പാല്‍ പിടികൂടി. ദിണ്ഡിഗലില്‍ നിന്ന് കണ്ണൂരിലേക്ക് കൊണ്ടുപോവുകയായിരുന്ന 20,500 ലിറ്റര്‍ പാലിലാണ് രാസവസ്തു കലര്‍ന്നതായി കണ്ടെത്തിയത്. ക്ഷീരവികസനവകുപ്പിന്റെയും ഭക്ഷ്യസുരക്ഷാവിഭാഗത്തിന്റെയും പരിശോധനക്ക് ശേഷം വാഹനം തമിഴ്‌നാട്ടിലേക്ക് തിരിച്ചയച്ചു.

കഴിഞ്ഞ ദിവസം രാത്രിയോടെ കണ്ണൂരിലേക്ക് കൊണ്ടുപോവാനായി എത്തിച്ച പാലില്‍ കാര്‍ബണേറ്റ് അടങ്ങിയതായാണ് മീനാക്ഷിപുരത്തെ ക്ഷീരവികസന വകുപ്പിന്റെ ലാബില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. ടാങ്കറിലുണ്ടായിരുന്ന 20500 ലിറ്റര്‍ പാലില്‍ കാര്‍ബണേറ്റിന്റെ അളവ് കൂടുതലായി കണ്ടെത്തി. ദിണ്ഡിഗലിലെ അമ്മന്‍ ഡയറി പ്രൊഡക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നാണ് പാല് കേരളത്തിലേക്ക് കൊണ്ടുവന്നത്. പാല് കേട് വരാതിരിക്കാനായി കാര്‍ബണേറ്റ് പാലില്‍ കലര്‍ത്തിയതായാണ് സംശയിക്കുന്നത്.

ഭക്ഷ്യ സുരക്ഷാ വിഭാഗം സ്ഥലത്തെത്തി പാലിന്റെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്കയ്ച്ചിട്ടുണ്ട്. പരിശോധനയില്‍ നിരോധിത രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയാല്‍ സ്ഥാപനത്തിനെതിരെ ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കാനാണ് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ തീരുമാനം.

ഓണ സീസണായതോടെ മീനാക്ഷിപുരം ചെക്ക് പോസ്റ്റിലൂടെ മാത്രം പ്രതിദിനം 5 ലക്ഷത്തിലധികം ലിറ്റര്‍ പാലാണ് കേരളത്തിലേക്കെത്തുന്നത്. കഴിഞ്ഞ ദിവസം മീനാക്ഷിപുരം ചെക്ക് പോസ്റ്റില്‍ അയ്യായിരം ലിറ്റര്‍ രാസവസ്തു കലര്‍ന്ന പാല്‍ പിടികൂടിയിരുന്നു. കാര്‍ബണേറ്റും, ഹൈഡ്രജന്‍ പെറോക്‌സൈഡും കലര്‍ന്നതായി കണ്ടെത്തിയ ഈ പാലും ദിണ്ഡിഗലില്‍ നിന്നാണ് കേരളത്തിലേക്ക് കൊണ്ടുവന്നത്. ഓണസീസണില്‍ മായം കലര്‍ത്തിയ പാല്‍ അതിര്‍ത്തി കടന്നെത്തുന്നത് തടയാന്‍ മീനാക്ഷിപുരത്തെ സ്ഥിരം പരിശോധനകേന്ദ്രത്തിലും നാല് താത്ക്കാലിക പരിശോധനാ കേന്ദ്രങ്ങളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News