ഇത്തവണത്തേത് തൊഴിലാളികളുടെ ഓണം

ഈ ഓണം തൊഴിലാളികളുടേതാണ്. എല്ലാവിഭാഗം തൊഴിലാളികളും ഒരുപോലെ പരിഗണിക്കപ്പെട്ട ഓണക്കാലം മുമ്പുണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ വിതരണംചെയ്യുന്നതില്‍ സാമ്പത്തികപ്രതിസന്ധി തടസ്സമായിരിക്കില്ലെന്ന മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും വാക്കുകളിലെ ആത്മാര്‍ഥത ഈ ഓണക്കാലത്ത് കൂടുതല്‍ വെളിവാകുകയാണ്.

സംസ്ഥാന തൊഴില്‍വകുപ്പിന്റെ കീഴിലുള്ള ക്ഷേമനിധി ബോര്‍ഡുകളിലൂടെ ആഗസ്തുവരെയുള്ള പെന്‍ഷന്‍ ഓണക്കാലത്ത് വിതരണം ചെയ്യുകയാണ്. സര്‍ക്കാര്‍ സഹായത്തോടെ പെന്‍ഷന്‍ വിതരണം ചെയ്യുന്ന 10 മേഖലയിലെ 1,22,757 തൊഴിലാളികള്‍ക്കായി 112 കോടി രൂപയാണ് അനുവദിച്ചത്. ‘

കൂടാതെ ക്ഷേമനിധിബോര്‍ഡുകളുടെ തനത് ഫണ്ടുപയോഗിച്ച് പെന്‍ഷന്‍ നല്‍കുന്ന അഞ്ച് മേഖലയിലായി 337 കോടി രൂപയും വിതരണം ചെയ്യും. വിവിധ സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ക്കായി 1952 കോടി രൂപയാണ് മാറ്റിവച്ചത്.

പരമ്പരാഗതമേഖലയിലെ തൊഴിലാളികള്‍ക്കുള്ള പ്രത്യേക സാമ്പത്തിക സഹായ പദ്ധതി (ഇന്‍കം സപ്പോര്‍ട്ട് സ്‌കീം) നടപ്പാക്കുന്നതിന് 58.28 കോടി രൂപ അനുവദിച്ചു. ഈറ്റ കാട്ടുവള്ളി തഴ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, ഫിഷറീസ് വകുപ്പ്, ഖാദി ആന്‍ഡ് വില്ലജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ്, ഹാന്‍ഡ്‌ലൂം & ടെക്‌സ്‌റ്റൈല്‍ ഡയറക്ടററേറ്റ്, കയര്‍ വികസന ബോര്‍ഡ് എന്നീ സ്ഥാപനങ്ങള്‍ മുഖേനയാണ് സഹായധനം വിതരണം ചെയ്യുന്നത്.

കൂടാതെ പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികള്‍, വ്യവസായ സ്ഥാപനങ്ങള്‍, തോട്ടങ്ങള്‍ എന്നിവയിലെ 53,023 തൊഴിലാളികള്‍ക്ക് തൊഴില്‍വകുപ്പ് 2000 രൂപവീതം എക്‌സ്‌ഗ്രേഷ്യയായി വിതരണം ചെയ്യും. 7558 പൊതുമേഖല സ്വാകര്യമേഖലാ ഫാക്ടറി തൊഴിലാളികള്‍ക്കും 2620 തോട്ടംതൊഴിലാളികള്‍ക്കും 39,320 കശുവണ്ടിത്തൊഴിലാളികള്‍ക്കും ഈ ആനുകൂല്യം ലഭിക്കും. കൂടാതെ കശുവണ്ടിത്തൊഴിലാളികള്‍ക്ക് 10 കിലോ അരി വീതവും തോട്ടംതൊഴിലാളികള്‍ക്ക് 500 രൂപ വില വരുന്ന ഓണക്കിറ്റുകളും ഓണസമ്മാനമായി നല്‍കും.

പ്രവര്‍ത്തനരഹിതമായ ആലപ്പുഴതുറമുഖത്തെ 299 തൊഴിലാളികള്‍ക്ക് പ്രത്യേക സഹായമായി ഈ ഓണക്കാലത്ത് 5000 രൂപയും 10 കിലോഗ്രാം അരിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അനുവദിക്കും. 100 തൊഴില്‍ദിനം പൂര്‍ത്തിയാക്കിയ ഒന്നരലക്ഷത്തോളം വരുന്ന തൊഴിലുറപ്പു തൊഴിലാളികള്‍ക്ക് 1000 രൂപ വീതം പ്രത്യേക പാരിതോഷികം അനുവദിക്കാനും തീരുമാനിച്ചു.

ഓണക്കാലത്താണ് തൊഴിലാളികളുടെ ബോണസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരുന്നത്. കയര്‍, കശുവണ്ടി, ടെക്‌സ്‌റ്റൈല്‍ മേഖലകളില്‍ വ്യവസായ ബന്ധസമിതി യോഗം ചേര്‍ന്ന് ബോണസ് വിഷയത്തില്‍ നേരത്തെതന്നെ തീരുമാനം കൈക്കൊണ്ടു. റിഹാബിലിറ്റേഷന്‍ പ്‌ളാന്റേഷനിലെയും ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് & കെമിക്കല്‍സിലെയും ബിവറേജസ് കോര്‍പറേഷനിലെയും ബോണസ് സംബന്ധിച്ചും ചര്‍ച്ചയില്‍ തീരുമാനമായി.

കേരള സംസ്ഥാന വെയര്‍ഹൌസിങ് കോര്‍പറേഷന്‍, സ്റ്റേറ്റ് ഫാമിങ് കോര്‍പറേഷന്‍, കാംകോ, കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍, ഓയില്‍പാം ഇന്ത്യാ ലിമിറ്റഡ്, പ്‌ളാന്റേഷന്‍ കോര്‍പറേഷന്‍, ഹോര്‍ട്ടികോര്‍പ് എന്നിവിടങ്ങളിലും ആരോഗ്യ വകുപ്പിനു കീഴിലുള്ള ഹോംകോ, ഔഷധി എന്നിവിടങ്ങളിലും വ്യവസായവകുപ്പിനു കീഴിലുള്ള ആലപ്പി സഹകരണ സ്പിന്നിങ് മില്‍, ഓട്ടോകാസ്റ്റ്, കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍, കേരള ഓട്ടോമൊബൈല്‍സ്, കേരള സ്റ്റേറ്റ് ഹാന്‍ഡ്‌ലൂം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍, ഹാന്‍ടെക്‌സ്, കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ്, കേരള സ്റ്റേറ്റ് മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമി.,

കേരള സ്റ്റേറ്റ് പാല്‍മിരാ പ്രോഡക്ട്‌സ് ഡെവലപ്‌മെന്റ് ആന്‍ഡ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ കോര്‍പറേഷന്‍, കേരള സ്റ്റേറ്റ് ടെക്‌സ്‌റ്റൈല്‍സ് കോര്‍പറേഷന്‍, മലബാര്‍ സിമന്റ്‌സ് ലിമി., എസ്എഐല്‍ എസ്സിഎല്‍, കണ്ണൂര്‍ സഹകരണ സ്പിന്നിങ് മില്‍, കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് ടെക്‌സ്‌റ്റൈല്‍സ് ഫെഡറേഷന്‍, മലപ്പുറം സഹകരണ സ്പിന്നിങ് മില്‍, കൊല്ലം സഹകരണ സ്പിന്നിങ് മില്‍, ട്രാന്‍സ്‌ഫോര്‍മേഴ്‌സ് ആന്‍ഡ് ഇലക്ട്രിക്കല്‍സ് കേരള, ട്രിവാന്‍ഡ്രം സ്പിന്നിങ് മില്‍, കെല്‍ട്രോണ്‍, യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് ലിമി., ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ്, ട്രാവന്‍കൂര്‍ ഹാന്‍ഡ്‌ലൂം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ കേരള, ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട്‌സ്, കേരള സിറാമിക്‌സ്, ട്രാവന്‍കൂര്‍ സിമന്റ്‌സ്, ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ്, കേരള ക്‌ളെയ്‌സ് ആന്‍ഡ് സെറാമിക്‌സ് പ്രൊഡക്ട്‌സ്, ട്രാക്കോ കേബിള്‍, കെല്‍, സില്‍ക്ക്, കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമി., സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍സ് കേരള ലിമി., എഫ്‌ഐടി ആലുവ, ഹാന്‍ഡിക്രാഫ്റ്റ്‌സ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍, ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളിലും ഫിഷറീസ് വകുപ്പിനു കീഴിലുള്ള മത്സ്യഫെഡിലും ബോണസ് സംബന്ധിച്ച വിഷയം ബന്ധപ്പെട്ട മന്ത്രിമാരുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചകളിലൂടെ തീരുമാനമായി.

സംസ്ഥാനത്താകെ സ്വകാര്യ സ്ഥാപനങ്ങളിലും എസ്റ്റേറ്റുകളിലും ബോണസുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിഷയങ്ങളില്‍ തൊഴില്‍വകുപ്പ് ഫലപ്രദമായ ഇടപെടലാണ് നടത്തുന്നത്. നാമമാത്രമായ തര്‍ക്കങ്ങള്‍മാത്രമാണ് നിലനില്‍ക്കുന്നത്. പൊതുവെ തൊഴില്‍തര്‍ക്കങ്ങളില്ലാത്ത പ്രശാന്തവും ഐശ്വര്യ സമ്പൂര്‍ണവുമായ ഒരു ഓണക്കാലമാണ് സംസ്ഥാനത്തെ അധ്വാനിക്കുന്ന തൊഴിലാളികള്‍ക്കായി സംസ്ഥാന തൊഴില്‍വകുപ്പ് ഒരുക്കിയിട്ടുള്ളത്.

സമൃദ്ധിയുടെ ഓണം എന്ന ഓരോ മലയാളിയുടെയും സ്വപ്നം യാഥാര്‍ഥ്യമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ ശ്രമത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളും ഇടതുപക്ഷ ജനാധിപത്യ മുന്നണിയോടൊപ്പം ഉണ്ടാകും എന്നാണ് സര്‍ക്കാര്‍ വിശ്വസിക്കുന്നത്. ഏവര്‍ക്കും ഐശ്വര്യപൂര്‍ണമായ ഓണം ആശംസകള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News