ചികിത്സകിട്ടാതെ മരിച്ച മുരുകന്റെ ഓര്‍മ്മ നമ്മുടെ നാടിന്റെ നൊമ്പരം; സ്വകാര്യ ആശുപത്രികള്‍ നിര്‍ബന്ധമായും ചികിത്സ ലഭ്യമാക്കണം: പിണറായി വിജയന്‍

കൊല്ലം: അത്യാഹിതങ്ങള്‍ സംഭവിച്ചെത്തുന്നവര്‍ക്ക് സ്വകാര്യ ആശുപത്രികള്‍ നിര്‍ബന്ധമായും ചികിത്സ ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. ആ ഘട്ടത്തില്‍ പണമുണ്ടോ ഇല്ലയോ എന്നത് നോക്കേണ്ട കാര്യമില്ല.

കൊല്ലം ജില്ലാ ആശുപത്രിയില്‍ സ്ഥാപിച്ച എം ആര്‍ ഐ സ്‌കാന്‍ നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അപകടങ്ങള്‍ സംഭവിച്ചാല്‍ ഉടന്‍ ചികിത്സ ലഭ്യമാക്കുക എന്നത് വളരെ പ്രധാനമാണ്. ഇത് നിയമപരമായി ഉറപ്പാക്കുന്നതിനുള്ള നടപടികളിലേക്ക് നീങ്ങാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. സ്വകാര്യ ആശുപത്രികള്‍ പൊതുജനാരോഗ്യ രംഗത്ത് വലിയ പങ്ക് വഹിക്കുന്നവയാണ്. എന്നാല്‍ ലാഭചിന്തയോടെ മാത്രം പ്രവര്‍ത്തിക്കുന്ന ചിലരാണ് വീഴ്ച്ചകള്‍ വരുത്തുന്നത്.

നമ്മുടെ നാടിന്റെ തന്നെ ഒരു നൊമ്പരമാണ് മുരുകന്റെ ഓര്‍മ്മകളെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.വാര്‍ഷിക പദ്ധതിയില്‍ എം ആര്‍ ഐ സ്‌കാനിനായി ഫണ്ട് വകയിരുത്തിയ ജില്ലാ പഞ്ചായത്തിനെയും ആശുപത്രി അടിസ്ഥാന സൗകര്യ വികസനത്തിനായി ഫണ്ട് അനുവദിച്ച ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.വനം വകുപ്പ് മന്ത്രി കെ രാജു വിശിഷ്ടാതിഥിയായി. മേയര്‍ അഡ്വ വി രാജേന്ദ്ര ബാബു, എന്‍ കെ പ്രേമചന്ദ്രന്‍ എം പി, അഡ്വ കെ സോമപ്രസാദ് എം പി, എം നൗഷാദ് എം എല്‍ എ,തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel