തിരുവനന്തപുരം: മലയാളികള്‍ക്കുള്ള മോദി സര്‍ക്കാരിന്റെ ഓണ സമ്മാനമാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മന്ത്രി പദവിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കേരളത്തിന്റെ പ്രതിനിധിയായി ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അദ്ദേഹത്തിന് സാധിക്കുമെന്ന് കുമ്മനം പറഞ്ഞു.

മോദി സര്‍ക്കാരിന്റെ അഴിമതി വിരുദ്ധ പ്രതിച്ഛായ്ക്ക് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ സാന്നിദ്ധ്യം തിളക്കമേറ്റും. കേരളത്തിലെ ഇടത്, വലത് മുന്നണികളുടെ അഴിമതി ഭരണത്തില്‍ മനം നൊന്താണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്. അദ്ദേഹത്തിന്റെ നിലപാടുകള്‍ക്കുള്ള സമ്മാനമാണ് മന്ത്രി സ്ഥാനം. കേരളത്തിന്റെ വികസന സങ്കല്‍പ്പങ്ങള്‍ക്ക് ചിറക് നല്‍കാന്‍ അദ്ദേഹത്തിന് കഴിയുമെന്ന കാര്യം ഉറപ്പാണെന്നും കുമ്മനം പറഞ്ഞു.

കുമ്മനം രാജശേഖരന്റെയും സുരേഷ് ഗോപിയുടെയും സാധ്യതകളെ തള്ളിയാണ് കണ്ണന്താനം ഇന്ന് കേന്ദ്രമന്ത്രിയായി അധികാരമേറ്റത്.

ശിവ്പ്രതാപ് ശുക്ല (ഉത്തര്‍പ്രദേശ്), അശ്വനി കുമാര്‍ ചൗബെ (ബീഹാര്‍), വീരേന്ദ്ര കുമാര്‍ (മധ്യപ്രദേശ്), അനന്തകുമാര്‍ ഹെഗ്‌ഡെ (കര്‍ണാടക), രാജ്കുമാര്‍ സിംഗ് (ബീഹാര്‍), ഹര്‍ദീപ് സിംഗ് പുരി (മുന്‍ ഐ.എഫ്.എസ് ഉദ്യോഗസ്ഥന്‍), ഗജേന്ദ്ര ഷെഖാവത്ത് (രാജസ്ഥാന്‍), സത്യപാല്‍ സിംഗ് (ഉത്തര്‍പ്രദേശ്), അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവരാണ് കേന്ദ്രമന്ത്രിമാരായി അധികാരമേറ്റത്. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു.

നിലവില്‍ സഹമന്ത്രിമാരായിരുന്ന വാണിജ്യ, വ്യവസായ മന്ത്രി നിര്‍മലാ സീതാരാമന്‍, പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, ഊര്‍ജ സഹമന്ത്രി പീയൂഷ് ഗോയല്‍, പാര്‍ലമെന്ററികാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി എന്നിവര്‍ക്ക് കാബിനറ്റ് റാങ്ക് ലഭിച്ചു.