
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനകുറ്റത്തിന് റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെ കാണാന്‍ നടന്‍ കലാഭവന്‍ ഷാജോണ്‍ ആലുവ ജയിലിലെത്തി. ഇന്ന് രാവിലെയാണ് ഷാജോണ്‍ ദിലീപിനെ കണ്ടത്. പത്തുമിനിറ്റാണ് കൂടിക്കാഴ്ചയ്ക്ക് അനുവദിച്ചതെന്നും കൂടുതലൊന്നും സംസാരിച്ചില്ലെന്നും പുറത്തിറങ്ങിയ ശേഷം ഷാജോണ്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെ നാദിര്‍ഷ, ആല്‍വിന്‍ ആന്റണി എന്നിവരും ജയിലില്‍ എത്തി ദിലീപിനെ കണ്ടിരുന്നു. പിന്നാലെ ഭാര്യയും നടിയുമായ കാവ്യ മാധവന്‍, മകള്‍ മീനാക്ഷി, കാവ്യയുടെ പിതാവ് മാധവന്‍ എന്നിവരും ജയിലില്‍ എത്തി.
അതേസമയം, ജാമ്യം തേടി വീണ്ടും ഹൈക്കോടതിയെ സമീപിക്കാനാണ് ദിലീപിന്റെ തീരുമാനം. ഓണാവധിക്ക് ശേഷം ഹൈക്കോടതി തുറക്കുമ്പോള്‍ ഒരു ജാമ്യഹര്‍ജി കൂടി സമര്‍പ്പിക്കാനാണ് തീരുമാനം. അന്വേഷണം പൂര്‍ത്തിയായ കാര്യവും, സാഹചര്യങ്ങള്‍ മാറിയ വിവരവും, ചൂണ്ടിക്കാട്ടിയാകും പുതിയ ഹര്‍ജി സമര്‍പ്പിക്കുക.
അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ കോടതി അനുമതി നല്‍കിയ കാര്യവും പുതിയ ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും. മാത്രവുമല്ല, കസ്റ്റഡി തുടര്‍ച്ചയായി രണ്ടുമാസം പൂര്‍ത്തിയായ സാഹചര്യവും കോടതിയുടെ ശ്രദ്ധയില്‍ പെടുത്തും. ഇത് മൂന്നാം തവണയാണ് ജാമ്യ ഹര്‍ജിയും ആയി ദിലീപ് ഹൈക്കോടതിയെ സമീപിക്കുന്നത്. രണ്ടുതവണ ഹൈക്കോടതിയും ഒരുതവണ അങ്കമാലി കോടതിയും ജാമ്യാപേക്ഷ നിരസിച്ചിരുന്നു.
ഇതിനിടെ ഇന്നലെ ദിലീപിന്റെ റിമാന്റ് കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി 16 വരെ റിമാന്റ് ചെയ്തിരുന്നു. 16ന് മുന്‍പുതന്നെ ഹൈക്കോടതിയുടെ പരിഗണനയില്‍ എത്തുന്ന വിധമായിരിക്കും പുതിയ ഹര്‍ജി ഫയല്‍ ചെയ്യുക.
കഴിഞ്ഞതവണ ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ബി രാമന്‍പിള്ള തന്നെ വീണ്ടും ജാമ്യ ഹര്‍ജി സമര്‍പ്പിക്കും. ഓണാവധിക്കു ശേഷം ഹൈക്കോടതി പുനരാരംഭിക്കുമ്പോള്‍ ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങള്‍ മാറും. രണ്ടുതവണ ദിലീപിന്റെ ജാമ്യഹര്‍ജി കള്‍ തള്ളിയ ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ചില്‍ നിന്നും ജാമ്യാപേക്ഷകള്‍ ജസ്റ്റിസ് ടി. ഉബൈദിന്റെ ബഞ്ചിലേക്ക് മാറുക. എന്നാല്‍ ഒരേ പ്രതിയുടെ ജാമ്യഹര്‍ജി ആണെങ്കില്‍ മുന്‍പു പരിഗണിച്ച് അതേ ബെഞ്ച് തന്നെ പരിഗണിക്കുന്നതാണ് ഹൈക്കോടതിയിലെ കീഴ്‌വഴക്കം. അങ്ങനെയെങ്കില്‍ ജസ്റ്റിസ് സുനില്‍ തോമസിന്റെ മുന്നില്‍ തന്നെയാകും മൂന്നാമതും ദിലീപിന്റെ ജാമ്യഹര്‍ജി എത്തുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here