ബൂത്ത് ഭാരവാഹികളെ തീരുമാനിച്ചതിന് ബഹുവര്‍ണ്ണ ഫ്‌ളക്‌സ്; എന്നാല്‍ കണ്ണന്താനം കേന്ദ്രമന്ത്രിയായപ്പോള്‍ ബിജെപി ക്യാമ്പ് ശോകമൂകം; ഭൈമീ കാമുകന്‍മാരെ മറികടന്ന കണ്ണന്താനത്തെ ബിജെപി സ്വീകരിക്കുന്നത് ഇങ്ങനെ

തിരുവനന്തപുരം: അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്ര മന്ത്രിയായെങ്കിലും സംസ്ഥാന ബിജെപി ക്യാമ്പ് പൂര്‍ണമായും നിരാശയിലാണ്. സത്യപ്രതിജ്ഞ നടക്കുമ്പോള്‍ കേരളത്തില്‍ ആഘോഷങ്ങള്‍ ഒന്നും തന്നെയില്ല. കേരളത്തിലെ ചെറിയ വിജയങ്ങള്‍ പോലും വന്‍ ആഘോഷമാക്കിയ ചരിത്രം ഉളള ബിജെപിക്ക് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പുതിയ സ്ഥാനലബ്ദി കൈയ്യ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും കഴിയാത്ത അവസ്ഥയില്‍ എത്തിച്ചിരിക്കുകയാണ്.

മോദി അധികാരത്തിലെത്തിയത് മുതല്‍ കേരളത്തിലെ ബിജെപി നേതാക്കളുടെ നിരന്തരമായ ആവശ്യമായിരുന്നു കേരളത്തില്‍ നിന്നൊരു മന്ത്രി സ്ഥാനം. മൂന്ന് വര്‍ഷം പിന്നിട്ടപ്പോള്‍ അതിന് പ്രതിഫലം ഉണ്ടായിരിക്കുന്നു. ലഭിച്ച അംഗീകാരത്തില്‍ സ്വാഭാവികമായും സന്തോഷം അലയടിക്കേണ്ട സമയമാണ്. എന്നാല്‍ കേരളത്തിലെ ബിജെപി നേതൃത്വം ഇങ്ങനെയൊരാള്‍ മന്ത്രിയായത് തന്നെ അറിഞ്ഞ മട്ടില്ല. സാധാരണഗതിയില്‍ ലഡു വിതരണം ചെയ്തും, പടക്കം പൊട്ടിച്ചും വിജയാഹ്‌ളാദ പ്രകടനം നടത്തുമെന്ന് പ്രതീക്ഷിച്ചാണ് കൈരളി വാര്‍ത്ത സംഘം സംസ്ഥാന കമ്മിറ്റി ഓഫീസില്‍ എത്തിയത്. എന്നാല്‍ ആളൊഴിഞ്ഞ ഓഫീസാണ് ഞങ്ങളെ വരവേറ്റത്. പേരിന് പോലും ഒരു നേതാവും സംസ്ഥാന കാര്യലയത്തില്‍ ഇല്ല.

സംഘടനാ ചുമതലയുളള ആര്‍എസ്എസ് പ്രചാരകന്‍ ഗണേശന്‍ മാത്രമാണ് ഇന്ന് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ എത്തിയ ഏക നേതാവ്. എന്നാല്‍ സത്യപ്രതിജ്ഞ ടിവിയില്‍ കാണിക്കും മുന്‍പ് അദ്ദേഹവും എങ്ങോട്ടോ പോയി. ദേഹാസ്വാസ്ഥത്തെ തുടര്‍ന്ന് പാര്‍ട്ടി അദ്ധ്യക്ഷന്‍ കുമ്മനം കായകുളത്താണെന്നാണ് ഓഫീസ് ജീവനക്കാരന്‍ ഞങ്ങളോട് പറഞ്ഞത്. നഗരത്തില്‍ എവിടെയെങ്കിലും പുതിയ കേന്ദ്രമന്ത്രിക്ക് അഭിവാദ്യം അര്‍പ്പിച്ച് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടോ എന്ന് നോക്കാം എന്ന് കരുതിയിറങ്ങിയെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകരും അല്‍ഫോണ്‍സ് കണ്ണന്താനത്തെ മറന്നു.

എന്നാല്‍ സംസ്ഥാന ഓഫീസിന് തൊട്ടടുത്തുളള ജംഗ്ഷനില്‍ കുന്നുകുഴി ബൂത്ത് ഭാരവാഹികളെ തീരുമാനിച്ചതിന്റെ ബഹുവര്‍ണ്ണ ഫ്‌ളക്‌സ് ബോര്‍ഡ് ഇന്ന് രാവിലെയോടെ സ്ഥാപിച്ചിട്ടുണ്ട്. അവരും അല്‍ഫോണ്‍സ് കണ്ണന്താനത്തെ മറന്നു. മാധ്യമങ്ങള്‍ നിരന്തരം പ്രതികരണത്തിനായി വിളിച്ചതോടെ പേരിന് ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ട് കുമ്മനം രാജശേഖരന്‍ ആശംസ നേര്‍ന്നെന്ന് വരുത്തി. നേതാക്കള്‍ എല്ലാം ഓണത്തിരക്കിലാണെന്നാണ് ബിജെപി കേന്ദ്രങ്ങള്‍ നല്‍കുന്ന വിശദീകരണം.

എന്നാല്‍ വാജ്‌പേയി മന്ത്രിസഭയുടെ കാലത്ത് ഒ.രാജഗോപാലിനെ കേന്ദ്ര റെയില്‍വേ സഹമന്ത്രിയാക്കിയപ്പോള്‍ ഒരാഴ്ച്ച നീണ്ട് നിന്ന ആഹ്ലാദ പ്രകടനങ്ങള്‍ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. അതിന് വിരുദ്ധമായി സ്വതന്ത്ര ചുമതലയുളള സഹമന്ത്രി സ്ഥാനം ലഭിച്ചിട്ടും ആഹ്‌ളാദം ഇല്ലാതെ പോകുന്നത് പച്ചമലയാളത്തില്‍ കൊതികെറുവാണെന്നാണ് ജനങ്ങള്‍ സോഷ്യല്‍ മീഡിയയിലെ സംസാരം.

മന്ത്രി പദവി ലഭിക്കാതെ പോയ സംസ്ഥാന ബിജെപി നേതൃത്വത്തെ കളിയാക്കി കൊണ്ടുളള ട്രോളുകള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടുണ്ട്. ഒന്നീലേറെ ഭൈമീ കാമുകന്‍മാരെ മറികടന്ന് കേന്ദ്ര മന്ത്രിയായ അല്‍ഫോണ്‍സ് കണ്ണന്താനവും സംസ്ഥാന ബിജെപി നേതൃത്വവും രണ്ട് സമാന്തരപാതകളിലൂടെയാവും സഞ്ചരിക്കുക എന്നതാണ് ഇതാകെ സൂചിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News