
തൃശൂര്‍: തൃശൂര്‍ അവണിശേരിയില്‍ ജപ്തി ചെയ്യപ്പെട്ട ദളിത് കുടുംബത്തിന്റെ കടബാധ്യത സംസ്ഥാന സര്‍ക്കാര്‍ തിരിച്ചടച്ചു. യൂണിയന്‍ ബാങ്കില്‍ കുടുംബത്തിനുണ്ടായിരുന്ന രണ്ടര ലക്ഷം രൂപയുടെ ബാധ്യതയാണ് സര്‍ക്കാര്‍ വീട്ടിയത്. ജപ്തി നടപടികള്‍ പിന്‍വലിപ്പിച്ച് റവന്യൂ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മന്ത്രി എ.സി മൊയ്തീന്‍ വീടിന്റെ താക്കോല്‍ കുടുംബത്തിന് കൈമാറി.
വായ്പയെടുത്ത പണം തിരികെ അടയ്ക്കാന്‍ സാധിക്കാതെ വന്നതോടെ വീട് ജപ്തി ചെയ്യപ്പെട്ട തൃശൂര്‍ ആനക്കല്ല് അംബേദ്ക്കര്‍ കോളനിയില്‍ മഞ്ജുളയ്ക്കാണ് സര്‍ക്കാര്‍ കൈത്താങ്ങായത്. കഴിഞ്ഞ മാസം വീടിന് പുറത്തു പോയി തിരിച്ചെത്തിയപ്പോള്‍ വീട് സീല്‍ ചെയ്യപ്പെട്ട നിലയിലായതോടെ ഈ കുടുംബം ദുരിതത്തിലായിരുന്നു.
വീടിന് പുറത്ത് ഷെഡ് കെട്ടിയാണ് ഇവര്‍ കഴിഞ്ഞത്. സംഭവം ശ്രദ്ധയില്‍ പെട്ടതോടെ മുഖ്യമന്ത്രിയുടെ ഇടപെടലോടെ കുടുംബത്തിന്റെ ബാധ്യത വീട്ടാന്‍ സര്‍ക്കാര്‍ ധനസഹായം അനുവദിച്ചു. പണം കൈമാറി ജപ്തി നടപടികള്‍ പിന്‍വലിപ്പിച്ച ശേഷം വീടിന്റെ താക്കോല്‍ മന്ത്രി എ.സി മൊയ്തീന്‍ കുടുംബത്തിന് കൈമാറി. റവന്യു ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു വീട് തുറന്നത്. മുന്നറിയിപ്പൊന്നുമില്ലാതെ പെരുവഴിയിലാക്കപ്പെട്ട കുടുംബത്തിന് ഓണത്തിനു മുമ്പായി വീട് തിരികെ കിട്ടിയതോടെ ആഹ്ലാദത്തിലായി.
ജപ്തി നടപടികള്‍ സ്വീകരിക്കുമ്പോള്‍ വീടുകളില്‍ നിന്ന് നിര്‍ബന്ധപൂര്‍വ്വം ആളുകളെ ഒഴിപ്പിച്ചു മാറ്റുന്ന പ്രവണത ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്ന് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here