‘പറയണമെന്ന് കരുതിയതല്ല, പറയിച്ചിട്ടാണ്; നിങ്ങളെപ്പോലുള്ളവര്‍ പറയിപ്പിക്കുന്നതാണ്’: ശാരദക്കുട്ടിക്ക് മറുപടിയുമായി ഷിംന അസീസ്

തിരുവനന്തപുരം: സ്വാശ്രയ കോളേജിലെ ഡോക്ടര്‍മാരെ രൂക്ഷമായി വിമര്‍ശിച്ച ശാരദക്കുട്ടിക്ക് മറുപടിയുമായി ഡോ. ഷിംന അസീസ്.

തങ്ങള്‍ക്ക് പഠിക്കാന്‍ ചെലവാകുന്ന ഭീമമായ തുക ചികിത്സയ്‌ക്കെത്തുന്ന രോഗിയുടെ പക്കല്‍ നിന്നും വാങ്ങാം എന്ന് കരുതുന്ന ഒരു തലമുറയാണ് വളര്‍ന്ന് വരുന്നതെന്നായിരുന്നു ശാരദക്കുട്ടിയുടെ പരാമര്‍ശം. വലിയ തുകയാണ് പ്രതിവര്‍ഷം മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതിനായി വിദ്യാര്‍ത്ഥികള്‍ ചെലവഴിക്കുന്നതെന്നും ഇത് ഒരു കൂട്ടം കൊള്ളക്കാരെ സമൂഹത്തിലേക്ക് തുറന്ന് വിടുന്നതിന് തുല്യമാണെന്നും ശാരദക്കുട്ടി പറഞ്ഞിരുന്നു. ഈ പരാമര്‍ശങ്ങളോടാണ് ഷിംന അസീസിന്റെ പ്രതികരണം.


ഷിംന അസീസ് പറയുന്നത് ഇങ്ങനെ:

ശ്രീമതി എസ്‌. ശാരദക്കുട്ടി മാഡം/സമാന ചിന്താഗതിയുള്ളവർക്ക്‌…

നിങ്ങൾ പറഞ്ഞ്‌ വെച്ച ‘സ്വാശ്രയ കോളേജിൽ പഠിച്ച ഡോക്‌ടർമാരുടെ ഫീസ്‌ മുതലാക്കൽ, കൊള്ളക്കാരെ സമൂഹത്തിലേക്ക്‌ തുറന്ന്‌ വിടൽ’ തുടങ്ങിയ പ്രസ്‌താവനകളോട്‌ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നു. നിങ്ങളുടെ മുൻവിധികളെ അഴിച്ചുവിടാനും അത്‌ പ്രസിദ്ധീകരിക്കാനും എടുക്കുന്നതിന്റെ പകുതി ഊർജം മതിയായിരുന്നല്ലോ ഒരു സ്വാശ്രയ മെഡിക്കൽ കോളേജ്‌ വിദ്യാർത്‌ഥിയുമായി നേരിട്ട്‌ കാര്യങ്ങൾ ചോദിച്ചറിയാൻ.

നിങ്ങൾക്ക്‌ കൊള്ള നടത്തുന്ന ഡോക്ടർമാരെ അറിയുമായിരിക്കാം. അങ്ങനെയുള്ളവരുണ്ടെന്നത്‌ നിഷേധിച്ച്‌ കണ്ണടച്ച്‌ ഇരുട്ടാക്കുന്നില്ല. പക്ഷേ, അവർ പഠിച്ച കോളേജല്ല അവരെ അങ്ങനെയാക്കുന്നത്‌, അവരുടെ മനോഭാവമാണ്‌. സ്വാശ്രയത്തിൽ പഠിച്ചവരെ മുഴുവൻ അങ്ങനെയങ്ങ്‌ കരിവാരിത്തേക്കാതെ…ഞങ്ങളും അതേ MBBS അതേ ആരോഗ്യസർവ്വകലാശാലക്ക്‌ കീഴിൽ പഠിച്ച്‌ പാസ്സാകുന്നവരാണ്‌.

സർക്കാർ സർവ്വീസ്‌ ആശിക്കുന്ന, സ്വന്തമാക്കാൻ ആഞ്ഞ്‌ ശ്രമിക്കുന്ന സ്വാശ്രയ മെഡിക്കൽ വിദ്യാർത്‌ഥികൾ ഉണ്ടെന്ന്‌ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? ആദ്യമായി കിട്ടുന്ന ഔദ്യോഗിക ജോലി സർക്കാരിൽ വേണമെന്ന നിർബന്ധത്തിൽ കാത്തിരിക്കുന്ന ഡോക്‌ടറാണ്‌ ഇതെഴുതുന്നത്‌. അടുത്ത മാസത്തോടെ കരാർ അടിസ്‌ഥാനത്തിലെങ്കിലും സർക്കാർ മെഡിക്കൽ കോളേജിൽ കയറാൻ തീരുമാനിച്ചതും ആത്‌മാർത്‌ഥമായ ആഗ്രഹത്തിന്റെ പേരിലാണ്‌. ഞാൻ കൊടുത്ത ഫീസ്‌ ‘മുതലാക്കാൻ’ ആ ജോലി എത്ര കാലം ചെയ്യണമെന്നറിയാമോ?

ശരി, നിങ്ങളെന്റെ അഞ്ചര വർഷത്ത ഫീസായി എനിക്ക്‌ ഏകദേശം അൻപത്‌ ലക്ഷം രൂപ വിലയിട്ടെന്ന്‌ വെക്കുക, എന്റെ അധ്വാനത്തിന്‌ എന്ത് വിലയിടും? എന്റെ പുസ്‌തകങ്ങളുടെ/പഠനോപകരണങ്ങളുടെ വില? എന്റെ അഞ്ചര വർഷത്തെ വണ്ടിക്കൂലി? ഞാൻ ഹോസ്‌റ്റലിൽ നിന്നിരുന്നെങ്കിൽ എന്റെ ഹോസ്‌റ്റൽ ഫീസ്‌, മെസ്സ്‌ ഫീസ്‌? എന്റെ മറ്റ്‌ ചിലവുകൾ? ഇതെല്ലാം ചേർത്തുണ്ടാക്കാൻ അല്ല മാഡം ഞാൻ ഉൾപ്പെടെയുള്ളവർ ഇതിന്‌ തുനിഞ്ഞിറങ്ങിയത്‌. ഇന്നത്തെ സാഹചര്യത്തിൽ അതിനൊട്ട്‌ സാധിക്കുകയുമില്ല. ഡോക്‌ടർമാർ പണത്തിന്‌ മുകളിൽ പള്ളി കൊള്ളുന്നവരല്ല.

മാഡത്തിനറിയാമോ ഒരു മനുഷ്യൻ കൺമുന്നിൽ കുഴഞ്ഞ്‌ മരിക്കും വരെ അയാളെ തിരിച്ച്‌ കിട്ടാൻ ശ്രമിക്കുന്ന വ്യഥ? അവരുടെ ബന്ധുക്കളെ രോഗകാഠിന്യത്തിന്റെ വിവരമറിയിക്കാൻ ചെല്ലുമ്പോൾ വാക്കുകൾ പുറത്ത്‌ വരാത്ത വിങ്ങലും വിറയലും അറിയാമോ? വിവരം കേട്ട്‌ കൈയിലേക്ക്‌ തളർന്ന്‌ വീണ ബന്ധുവിനെ നോക്കണോ അപ്പുറത്ത്‌ ജീവനും മരണത്തിനും ഇടയിൽ കിടക്കുന്ന രോഗിയെ നോക്കണോ എന്നറിയാതെ അന്തിച്ചു നിന്നിട്ടുണ്ടോ? (ആ സമയത്തൊന്നും പുട്ടടിക്കാൻ കാശുണ്ടാക്കണമെന്ന്‌ മനസ്സിൽ തോന്നില്ല. അങ്ങനെ തോന്നുന്നവരുണ്ടാകാം, ആ ചെറിയ കൂട്ടത്തെ ഡോക്‌ടറെന്ന്‌ പോയിട്ട്‌ മനുഷ്യനെന്ന്‌ പോലും വിളിക്കരുത്‌.) രോഗി payment patient ആണെന്ന്‌ അറിയുമ്പോൾ എഴുതാതെ വിട്ട ടെസ്‌റ്റുകളുടെ കണക്കറിയാമോ? എഴുതുന്നതിലും കൂടുതലാണ്‌ ഞങ്ങൾ എഴുതാത്തവ. ഞങ്ങളുടെ അദ്ധ്യാപകർ പഠിപ്പിച്ചത്‌ അതാണ്‌. തുടരാൻ പോകുന്നതും അത്‌ തന്നെ.

ഫീസ്‌ പതിനൊന്ന്‌ ലക്ഷമാക്കുന്നതിലെ അന്യായത്തിനെതിരെ ഇവിടെ സർക്കാർ മെഡിക്കൽ കോളേജിലെ വിദ്യാർത്‌ഥികൾ ഉൾപ്പെടെ പ്രതിഷേധിക്കുന്നത്‌ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ? അവരോരോരുത്തും പേരും വിലാസവും കൈയ്യൊപ്പും വെച്ച്‌ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്‌ അപേക്ഷ അയച്ചത്‌ അറിഞ്ഞിരുന്നോ?…ഞങ്ങളുടെ തൊഴിലിന്റെ മാന്യത നിലനിർത്താൻ പഠനസമയത്തേ ഞങ്ങൾ ശ്രദ്ധ ചെലുത്തുന്നു എന്നർത്‌ഥം. കാര്യമറിയാതെ സംസാരിക്കരുത്‌.

ഇത്രയൊന്നും എഴുതണമെന്ന്‌ കരുതിയതല്ല.പറയിച്ചിട്ടാണ്‌…നിങ്ങളെപ്പോലുള്ളവർ പറയിപ്പിക്കുന്നതാണ്‌.

സമൂഹത്തിൽ നിലയും വിലയുമുള്ളവർ കൂടി ഇത്‌ ഏറ്റുപാടുമ്പോൾ വലിയ വിഷമമുണ്ട്‌ മാഡം. ഞങ്ങളൊക്കെ സർക്കാർ മെഡിക്കൽ കോളേജിൽ പഠിക്കാൻ ആശിച്ചവർ തന്നെയാണ്‌. ചെറിയ റാങ്ക് വ്യത്യാസത്തിൽ ആ ഭാഗ്യം നഷ്‌ടപ്പെട്ടവരാണ്‌. ആതുരസേവനത്തിലേക്ക്‌ മോഹിച്ച്‌ വന്നവരാണ്‌(അല്ലാത്തവർ ന്യൂനപക്ഷം മാത്രം) …വർഷങ്ങളോളം ഊണും ഉറക്കവും നഷ്‌ടപ്പെടുത്തി അധ്വാനിച്ച്‌ നേടിയ ഡിഗ്രിയാണ്‌…

വന്ദിക്കണമെന്ന്‌ പറയില്ല.
സാമാന്യവൽക്കരിച്ച്‌ നിന്ദിക്കരുത്‌.

ബഹുമാനപൂർവ്വം,
Dr.Shimnazeez

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News