കേരളത്തിന് ദൈവത്തിന്റെ സ്വന്തം നാടെന്ന ഖ്യാതി തിരിച്ചുകിട്ടാന്‍ എല്ലാവരും ഒന്നിക്കണമെന്ന് മുഖ്യമന്ത്രി പിണറായി; ഓണം വാരാഘോഷത്തിന് തുടക്കം

തിരുവനന്തപുരം: ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.

ദൈവത്തിന്റെ സ്വന്തം നാടെന്ന പേര് കേരളത്തിന് എവിടെയൊക്കെയോ നഷ്ടപ്പെടുന്നുണ്ടെന്ന് മുഖ്യമന്ത്രി ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. അതെല്ലാം തിരിച്ച് പിടിക്കണമെന്നും ദൈവത്തിന്റെ സ്വന്തം നാടെന്ന ഖ്യാതി തിരിച്ചുകിട്ടാന്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടി ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. എല്ലാ ദിവസവും ഓണദിനങ്ങളായിരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് മമ്മൂട്ടി പറഞ്ഞു. ഓണമെന്ന് ഉദ്ദേശിച്ചത് അവധിയെടുത്ത് ആഘോഷിക്കലല്ലെന്നും മഹാബലി ഭരിച്ച ദിവസങ്ങളുടെ നന്മ തിരിച്ച് പിടിക്കലാണെന്നും മമ്മൂട്ടി പറഞ്ഞു.


ഉദ്ഘാടന ചടങ്ങിന് ശേഷം നടി മഞ്ജു വാര്യര്‍, ഗായകന്‍ വിജയ് യേശുദാസ് എന്നിവരുടെ നേതൃത്വത്തില്‍ നൃത്തസംഗീത വിരുന്ന് അരങ്ങേറി. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എ.സമ്പത്ത് എംപി, എംഎല്‍എ മാരായ സി.ദിവാകരന്‍, ഐ.ബി സതീഷ് ,വി.എസ് ശിവകുമാര്‍, മേയര്‍ വികെ പ്രശാന്ത് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ഒന്‍പത് വരെ ജില്ലയിലെ 30 വേദികളിലായാണ് ഓണം വാരാഘോഷം നടക്കുന്നത്. കഴക്കൂട്ടം, ആക്കുളം ടൂറിസ്റ്റ് വില്ലേജ് എന്നിവിടങ്ങള്‍ ഈ വര്‍ഷത്തെ പ്രധാനവേദികളാണ്. ശംഖുമുഖത്തെ വേദി സ്ത്രീകളുടെയും കുട്ടികളുടെയും പരിപാടികള്‍ക്കായാണ് മാറ്റി വച്ചിരിക്കുന്നത്. കനകക്കുന്നിലെ തിരുവരങ്ങ്, നാട്ടരങ്ങ്, സോപാനം വേദികള്‍ പരമ്പരാഗതകലകള്‍ക്കു മാത്രമായുള്ളവയായിരിക്കും. വിവിധ വാര്‍ത്താമാധ്യമങ്ങള്‍ ഒരുക്കുന്ന മെഗാ ഷോയാണ് മറ്റൊരു ഹൈലൈറ്റ്. സെപ്റ്റംബര്‍ 9നു സംഘടിപ്പിക്കുന്ന വര്‍ണ്ണശമ്പളമായ ഘോഷയാത്രയോടെ ഓണാഘോഷപരിപാടികള്‍ക്ക് സമാപനമാകും. ചടങ്ങില്‍ മലയാളത്തിന്റെ മഹാനടന്‍ പദ്മശ്രീ മധുവിനെ ആദരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News