61 തടവുകാര്‍ക്കൊപ്പം ദിലീപും; ആലുവ ജയിലിലെ ഓണസദ്യ ഇങ്ങനെ

മുമ്പൊക്കെ ഓണമാകുമ്പോള്‍ ദിലീപിന്റെ ദേ മാവേലി കൊമ്പത്ത് റിലീസാകുന്നുണ്ടോ എന്നായിരുന്നു മലയാളികളുടെ കാത്തിരിപ്പ്. ഈ ഓണത്തിന് ദിലീപിന്റെ റിലീസ് ഉണ്ടാകുമോ എന്നായിരുന്നു മലയാളികളുടെ ആകാംഷ. എന്നാല്‍ ഹൈക്കോടതി വീണ്ടും ജാമ്യം നിഷേധിച്ചതോടെ ആ ചോദ്യത്തിനും ഉത്തരമായി. അങ്ങനെ ഇത്തവണ ദിലീപ് ഓണം ഉണ്ണുക ആലുവ സബ് ജയിലിലെ അന്തേവാസികള്‍ക്കൊപ്പമാണ്. ദിലീപ് കാവ്യാ ദമ്പതികളുടെ വിവാഹത്തിനുശേഷമുള്ള ആദ്യ ഓണം ഇരുവര്‍ക്കും കയ്പ്പാര്‍ന്ന ഓര്‍മ്മകളാണ് സമ്മാനിക്കുന്നത്.

എല്ലാ ജയിലുകളിലും ഇന്ന് തിരുവോണ സദ്യ നടക്കുമെങ്കിലും ആലുവ ജയില്‍ ദിലീപിന്റെ സാന്നിധ്യത്തിലെ സദ്യ കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. സെല്ലുകള്‍ക്ക് ഇടയിലുള്ള വരാന്തയുടെ തറയില്‍ തൂശനിലയിലാണ് സദ്യ ഒരുക്കുന്നത്.

തടവുകാരെല്ലാവരും ചേര്‍ന്ന് സദ്യവട്ടമൊരുക്കും. 61 തടവുകാര്‍ ഇപ്പോള്‍ ജയിലിലുണ്ട്. ജീവനക്കാരെയും കൂട്ടി 75 പേര്‍ക്കാണ് ഇലയിടുക. ഓണസദ്യയ്ക്ക് ഒരാള്‍ക്ക് 25 രൂപ വീതം കൂടുതല്‍ അനുവദിക്കാറുണ്ട്.

അതേസമയം, ജാമ്യം തേടി വീണ്ടും ഹൈക്കോടതിയെ സമീപിക്കാനാണ് ദിലീപിന്റെ തീരുമാനം. ഓണാവധിക്ക് ശേഷം ഹൈക്കോടതി തുറക്കുമ്പോള്‍ ഒരു ജാമ്യഹര്‍ജി കൂടി സമര്‍പ്പിക്കാനാണ് തീരുമാനം. അന്വേഷണം പൂര്‍ത്തിയായ കാര്യവും, സാഹചര്യങ്ങള്‍ മാറിയ വിവരവും, ചൂണ്ടിക്കാട്ടിയാകും പുതിയ ഹര്‍ജി സമര്‍പ്പിക്കുക. അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ കോടതി അനുമതി നല്‍കിയ കാര്യവും പുതിയ ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും.

ദിലീപിനെ കാണാന്‍ നടന്‍മാരായ ഹരിശ്രീ അശോകനും സുരേഷ് കൃഷ്ണയും കലാഭവന്‍ ഷാജോനും സംവിധായകന്‍ രഞ്ജിത്തും ഇന്നലെ ആലുവ ജയിലിലെത്തിയിരുന്നു. കഴിഞ്ഞദിവസം നാദിര്‍ഷ, ആല്‍വിന്‍ ആന്റണി എന്നിവരും ജയിലില്‍ എത്തി ദിലീപിനെ കണ്ടിരുന്നു. പിന്നാലെ ഭാര്യയും നടിയുമായ കാവ്യ മാധവന്‍, മകള്‍ മീനാക്ഷി, കാവ്യയുടെ പിതാവ് മാധവന്‍ എന്നിവരും ജയിലില്‍ എത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News