പോരാടാം, ആള്‍ദൈവങ്ങളും കാവിഭീകരതയുമില്ലാത്ത ഓണക്കാലത്തിന്റെ വരവിനായി

ചുട്ടുപൊള്ളുന്ന ഒരു കാലത്താണ് ഇത്തവണ നമ്മള്‍ ഓണം ആഘോഷിക്കുന്നത്. ദുഃഖങ്ങള്‍ എന്നും നമ്മുടെ കൂടെയുണ്ട്. പക്ഷേ, അതൊക്കെ മറന്ന് മഹാബലിയെ വരവേല്‍ക്കാനും ആ വരവേല്‍പ്പിനെ പുതുവസ്ത്രങ്ങള്‍ ധരിച്ചും സദ്യയുണ്ടും ആഘോഷിക്കാനുമുള്ള അവസരമാണ് ഓണം. എന്നാല്‍, ഇക്കുറി നമുക്ക് അങ്ങനെ എളുപ്പത്തില്‍ മറക്കാന്‍ കഴിയാത്ത ഒരു തീവ്രദുഃഖത്തിന്റെ കാലത്താണ് ഓണംവരുന്നത്. ഗുര്‍മീത് റാം റഹിം സിങ് എന്ന ഒരു ആള്‍ദൈവത്തിന്റെ പേരില്‍ നാട് കത്തിയെരിയുന്നത് നമ്മള്‍ കണ്ടു. നാല്‍പ്പതോളം മനുഷ്യജീവിതങ്ങള്‍ കൂടെ കത്തിയെരിഞ്ഞു. പെണ്‍കുട്ടികളെ ശുദ്ധീകരിക്കാന്‍വേണ്ടിയാണ് താന്‍ അവരെ പീഡിപ്പിക്കുന്നത് എന്ന് അവകാശപ്പെടുന്ന ഒരു വ്യാജ ആത്മീയഗുരുവിനുവേണ്ടിയായിരുന്നു അത്. ഗുര്‍മീത് സിങ്ങിനെ ആള്‍ദൈവം എന്ന് വിളിക്കുന്നത് ദൈവങ്ങള്‍ക്ക് അപമാനകരമാണ്. അതിന് കൂട്ടുനിന്നത് കാവിഭരണകൂടമാണെന്നതാണ് നമ്മെ ഏറെ അസ്വസ്ഥരാക്കുന്നത്.

മഹാബലിയെപ്പോലും അപഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അത് നാം കാണാതെ പോകരുത്. ഭാവിയില്‍ ഓണക്കാലത്ത് വരിക മഹാബലിയായിരിക്കില്ല. വാമനനായിരിക്കും. മഹാത്മാ ഗാന്ധിയുടെ ഘാതകരെ ആരാധിക്കുന്നവര്‍ നാളെ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയ വാമനന്റേതാണ് ഓണം എന്ന് പറഞ്ഞുകൂടെന്നില്ല. അതിന്റെ സൂചനകള്‍ നമുക്ക് ലഭിച്ചിട്ടുണ്ട്.

സാഹിത്യത്തില്‍ ഞാന്‍ ആധുനികനും ഉത്തരാധുനികനുമൊക്കെ ആയിരിക്കാം. പക്ഷേ, ഓണസ്വപ്നങ്ങളുടെ കാര്യത്തില്‍ ഞാന്‍ തികച്ചും പഴഞ്ചനാണ്. നെല്‍പ്പാടങ്ങളുടെ കരകളില്‍ തുമ്പപ്പൂക്കള്‍ കണ്ണുമിഴിക്കുകയായി. മാമ്പൂക്കളുടെ മണം കലര്‍ന്ന ചിങ്ങക്കാറ്റ് വീശുകയായി. കായലുകളില്‍ വള്ളംകളിക്ക് വള്ളങ്ങള്‍ ഒരുങ്ങുകയായി. ഓണപ്പൊട്ടന്മാര്‍ വയല്‍വരമ്പുകളിലൂടെ മണി കിലുക്കി വരവായി. ഓര്‍മകളിലെ പഴയകാലത്തെ ഓണാഘോഷങ്ങളാണ് എന്റെ മനസ്സില്‍. ഓര്‍ക്കാനും ഓര്‍മകളില്‍ താലോലിക്കാനും എന്തെങ്കിലുമുണ്ടെങ്കില്‍ അതെല്ലാം പഴയകാലത്തിനുമാത്രം അവകാശപ്പെട്ടതാണ്.

ചിങ്ങമാസം പിറന്നാല്‍ ഓണംവരും. നമ്മുടെ നാട്ടില്‍ എത്ര കഷ്ടപ്പാടുകളുണ്ടായാലും എന്തൊക്കെ അത്യാഹിതങ്ങള്‍ സംഭവിച്ചാലും മാവേലി വരും. നമ്മുടെ ആഹ്‌ളാദങ്ങളിലും വ്യസനങ്ങളിലും ഞാന്‍ നിങ്ങളുടെ കൂടെ ഉണ്ടെന്ന് നമ്മെ അറിയിക്കാനായി ആ ധര്‍മിഷ്ഠനായ രാജാവ് വരും. നഷ്ടങ്ങളുടെ ദുഃഖം മറ്റാരേക്കാളും നന്നായി മനസ്സിലാക്കുന്നത് രാജ്യവും സിംഹാസനവും പ്രജകളും നഷ്ടപ്പെട്ട മാവേലിയല്ലാതെ മറ്റാരാണ്?

നഷ്ടങ്ങളുടെ കഥകളാണ് നമുക്കെല്ലാവര്‍ക്കും പറയാനുള്ളത്. പാരമ്പര്യങ്ങളും ആചാരങ്ങളും നമുക്ക് കൈമോശംവന്നിരിക്കുന്നു. ജീവിതത്തിലെ ലാളിത്യവും സ്‌നേഹവും ത്യാഗബോധവും നഷ്ടമായിരിക്കുന്നു. ആ നഷ്ടങ്ങളെക്കുറിച്ച് പലരും ബോധവാന്മാരല്ല എന്നതാണ് നമ്മെ ഏറെ വ്യസനിപ്പിക്കുന്നത്. കാല്‍ക്കീഴില്‍ മണ്ണ് കത്തുമ്പോള്‍ ഒന്നും കണ്ടില്ലെന്നു നടിച്ച് നാം ജീവിതം ആഘോഷിക്കുകയാണ്. മലയാളികള്‍ മുമ്പൊരിക്കലും ജീവിതം ഇങ്ങനെ ആഘോഷമാക്കിയിട്ടില്ല.

ഓണത്തിന് സദ്യവേണം. സദ്യക്ക് പച്ചക്കറികള്‍ വേണം. തോരന് ചീര വേണം. അവിയലിന് മുരിങ്ങയും പച്ചക്കായും കുമ്പളങ്ങയും പാവയ്ക്കയും പച്ചമുളകും കറിവേപ്പിലയും വേണം. പക്ഷേ, എല്ലാറ്റിലും വിഷമാണ്. ഞങ്ങള്‍ മയ്യഴിക്കാര്‍ക്ക് ഓണത്തിന് മീന്‍ വേണം. നത്തോലിയും മത്തിയും ഒന്നും പോരാ. ആവോലിപോലുള്ള വലിയ മീന്‍തന്നെ വേണം. ഓണത്തിന് മീന്‍ വരുന്നത് ഗുജറാത്തില്‍നിന്നും മറ്റുമാണ്. ആ മീനുകളിലാകെ അമോണിയമാണ്. മീന്‍ പൊതിഞ്ഞുവച്ചിരിക്കുന്ന ഐസ്‌കട്ടകളില്‍ നിറയെ ഫോര്‍മലീനാണ്. പഴങ്ങളും പച്ചക്കറികളും കൈകൊണ്ട് തൊടാന്‍ കഴിയാതെയായിരിക്കുന്നു. ആപ്പിളിലും തക്കാളിയിലുമെല്ലാം എന്‍ഡോസള്‍ഫാനാണ്. ഒന്ന് പുഴയിലിറങ്ങി മുങ്ങിക്കുളിക്കാമെന്നുവച്ചാല്‍ പുഴയില്‍ വെള്ളമുണ്ടോ? മണല്‍ വാരി വാരി പുഴയില്‍ വെള്ളം ഇല്ലാതെയായി.

എന്നും സാമൂഹ്യനീതി നടപ്പാക്കിയ, അതിന്റെ പേരില്‍ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തപ്പെട്ട മാവേലി രാജാവിന് സാമൂഹ്യനീതി എന്നേ മറന്ന തന്റെ പ്രജകളെ കണ്ടാല്‍ എന്ത് തോന്നും ആവോ.

കാലം മാറുകയാണ്. ഈ മാറ്റം ഉള്‍ക്കൊള്ളാനുള്ള പ്രയാസങ്ങള്‍ ഓണക്കാലത്ത് നമ്മള്‍ പ്രത്യേകം തിരിച്ചറിയുന്നു. പഴയകാലത്തെ തരളചിന്തകളും മനുഷ്യസ്‌നേഹവുമെല്ലാം ഉപേക്ഷിക്കുക. മാറുന്ന കാലം പറയുന്നു. മഴക്കാലം കഴിഞ്ഞ് മാനം കൃഷ്ണവര്‍ണം പൂകുമ്പോള്‍, പാടങ്ങളുടെ കരയില്‍ വയലറ്റ് കാക്കപ്പൂവുകള്‍ വിരിയുമ്പോള്‍, മാമ്പൂക്കളുടെ മണമുള്ള കാറ്റ് വീശുമ്പോള്‍, വീട്ടുമുറ്റത്തെ വാഴക്കൈകളില്‍ ഓണത്തുമ്പികള്‍ വന്നിരിക്കുമ്പോള്‍, അപ്പോഴല്ലേ നാമറിഞ്ഞിരുന്നത് ഓണംവരികയാണെന്ന്? ഇനി അതിനൊന്നുംവേണ്ടി ആരും കാത്തിരിക്കേണ്ടതില്ല.

പേമാരികളുടെ മഴക്കാലം നേര്‍ത്തുനേര്‍ത്ത് ഇല്ലാതെയാകുന്നു. പാടങ്ങള്‍മുഴുവന്‍ നികത്തി മാളികകളും ഷോപ്പിങ് കോംപ്‌ളക്‌സുകളും പണിതു. വാഴക്കൂമ്പുകളില്‍ കീടനാശിനികളാണ്. കടം വാങ്ങി ഷോപ്പിങ് ചെയ്യുക. സൂപ്പര്‍ മാര്‍ക്കറ്റുകളിലും മാളുകളിലും കയറിയിറങ്ങി ആവശ്യമുള്ളതും ഇല്ലാത്തതുമായ വസ്തുക്കള്‍ വാങ്ങിക്കുട്ടുക. അതാണ് ഇപ്പോള്‍ നമുക്ക് ഓണം.

ഈറന്‍ തലമുടിയില്‍ തുളസിക്കതിരുകള്‍ ചൂടി, നെറ്റിയില്‍ ചന്ദനക്കുറി ചാര്‍ത്തി വരുന്ന പെണ്ണിനെ ഇനി ഓണക്കാലത്ത് പ്രതീക്ഷിക്കരുത്. ഇലയില്‍ വിളമ്പുന്ന പുത്തരിച്ചോറും പച്ചടിയും നാരങ്ങ അച്ചാറും ഇനി പ്രതീക്ഷിക്കരുത്. മണികിലുക്കി വയല്‍വരമ്പിലൂടെ വരുന്ന ഓണപ്പൊട്ടനെയും ഇനി കാത്തിരിക്കേണ്ട.

ഇനി ചിക്കന്‍ ചൌമീനും പീസ്സയും പാസ്തയും കഴിച്ചുകൊണ്ടായിരിക്കും നാം ഓണസദ്യയുണ്ണുന്നത്. ഓണപ്പൊട്ടന്‍ ഇനി മണികിലുക്കി വരുന്നത് ബൈക്കിലാകാം. പുന്നമടക്കായലില്‍ വള്ളംകളി മത്സരത്തിന് ഇനി ചെല്ലിക്കാടന്‍ വള്ളം തുഴയുക കുളിവേഷത്തിലുള്ള മദാമ്മമാരായിരിക്കാം. ഈ മാറ്റങ്ങളെ ഇനി നമുക്ക് കണ്ടില്ലെന്നു നടിക്കാന്‍ കഴിയില്ല. അംഗീകരിച്ചുകൊടുക്കാനും കഴിയില്ല.

ഓണം നമുക്ക് ഗൃഹാതുരങ്ങളായ ഓര്‍മകളും മാറിവരുന്ന പൊള്ളുന്ന യാഥാര്‍ഥ്യങ്ങളും തമ്മിലുള്ള സംഘര്‍ഷമാണ്. യാഥാര്‍ഥ്യങ്ങള്‍ അസ്വാസ്ഥ്യം നല്‍കുന്നതുകൊണ്ട് പഴയകാലത്തെക്കുറിച്ചുള്ള ഓര്‍മകളില്‍ മുഴുകിയിരിക്കാന്‍ നമ്മള്‍ ശ്രമിക്കുന്നു. വര്‍ത്തമാനകാലത്തിന്റെ ക്രൂരമായ യാഥാര്‍ഥ്യങ്ങള്‍ക്ക് പകരംവയ്ക്കാന്‍ പോയിമറഞ്ഞ നല്ല കാലത്തിന്റെ ഓര്‍മകള്‍മാത്രമേ നമ്മുടെ കൈയിലുള്ളൂ. അങ്ങനെ കരുതി ഓര്‍മകളുടെ ഉള്ളില്‍ അതിന്റെ വാതിലുകള്‍ പൂട്ടി സുരക്ഷിതരായിരിക്കാന്‍ നമ്മള്‍ ശ്രമിക്കുന്നു. അത് ഒളിച്ചോട്ടമാണ്.

ഒരു മതനിരപേക്ഷമായ ഓണാഘോഷമാണ് എന്റെ മനസ്സിലുള്ളത്. ഹിന്ദുക്കളും മുസ്‌ളിങ്ങളും ക്രിസ്ത്യാനികളും ഒന്നിച്ചിരുന്ന് വാഴയിലയില്‍ വിളമ്പിയ സദ്യ ഉണ്ണുന്നു. എത്ര മനോഹരമാണ് ഈ സ്വപ്നം. അത് കണ്ട് നീതിമാനായ മഹാബലി രാജാവ് എന്തുമാത്രം സന്തോഷിക്കും.

ഓണംപോലെതന്നെ വലിയൊരു ആഘോഷമാണ് റമദാന്‍. കഴിഞ്ഞ റമദാന്‍കാലത്ത് അഞ്ചാറിടങ്ങളില്‍ ഞാന്‍ നോമ്പ് തുറക്കാന്‍ പോയി. ചിലയിടത്ത് ക്രിസ്ത്യന്‍ സുഹൃത്തുക്കളുമുണ്ടായിരുന്നു. നമ്മുടെ മുസ്‌ളിം സഹോദരന്മാര്‍ക്ക് റമദാന്‍ മതനിരപേക്ഷമായി ആഘോഷിക്കാന്‍ കഴിയുമെങ്കില്‍ എന്തുകൊണ്ട് ഹിന്ദുക്കള്‍ക്ക് അങ്ങനെ ഓണം കൊണ്ടാടാന്‍ കഴിയാതെ പോകുന്നു? നിരാശപ്പെടരുത്. പ്രതീക്ഷകള്‍ കൈവെടിയരുത്. നമുക്ക് പോരാടാം. ആള്‍ദൈവങ്ങളും കാവിഭീകരതയുമില്ലാത്ത ഒരു നല്ല ഓണക്കാലത്തിന്റെ വരവിനായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News