ദൈവമൊക്കെ ക്രിക്കറ്റില്‍; സച്ചിനെതിരെ പ്രതിഷേധവുമായി ആരാധകര്‍

ഇന്ത്യന്‍ കായികലോകത്ത് ഏറ്റവും തിളക്കമുള്ള പേര് സച്ചിന്‍ രമേശ് തെന്‍ഡുല്‍ക്കറിന്റെതാണ്. രാജ്യം ഒന്നടങ്കം അത് അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെയാണ് ക്രിക്കറ്റ് ദൈവമെന്നൊക്കെ സച്ചിനെ വിശേഷിപ്പിക്കുന്നത്. മറ്റ് കായിക മേഖലയുടെ പുരോഗതിക്കായി തന്നാലാകും വിധം സച്ചിന്‍ പ്രയത്‌നിക്കുന്നുണ്ട്. എന്നാല്‍ ക്രിക്കറ്റിനപ്പുറം സച്ചിന്‍ ഇതിഹാസമാണെന്ന് പറയുക വയ്യ.

അണ്ടര്‍ 17 ലോകകപ്പുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് ദൈവം വിവാദത്തിലായിരിക്കുകയാണ്. ലോകകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തിറങ്ങിയതോടെയാണ് പുതിയ വിവാദം തലപൊക്കിയത്. സച്ചിനെ താരമായി വര്‍ണിച്ചുകൊണ്ടാണ് അധികൃതര്‍ ഫുട്‌ബോള്‍ ലോകകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തിറക്കിയിരിക്കുന്നത്. ഇതിനെതിരെ സോഷ്യല്‍ മീഡിയയിലും മറ്റും ശക്തമായ പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു.

ഫുട്‌ബോള്‍ ലോകകപ്പുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ ബന്ധമെന്താണെന്ന ചോദ്യമടക്കം ഉയര്‍ന്നിട്ടുണ്ട്. ക്രിക്കറ്റിലെ ഇതിഹാസമാണെന്ന് അംഗീകരിക്കുമ്പോള്‍ തന്നെ ഫുട്‌ബോളില്‍ സച്ചിന്റെ പ്രസക്തി എന്താണെന്ന് ചോദിക്കുന്നവരും കുറവല്ല. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ നായകന്‍ സുനില്‍ ചേത്രിയെ ഉള്‍പ്പെടുത്താതെ സച്ചിനെ ഉള്‍പ്പെടുത്തിയതിനു പിന്നിലെ ചേതോവിഹാരം എന്താണെന്ന ചോദ്യവും ഉയരുന്നുണ്ട്.

‘കര്‍ക്കേ ദിഖ്‌ലാ ദേ ഗോള്‍ ‘ എന്നാണ് ഗാനത്തിന് നല്‍കിയിരുന്ന പേര്. കേരളത്തിന്റെ മനോഹാരിതയില്‍ നിന്നും തുടങ്ങി കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഉടമ സച്ചിന്‍ ടെണ്ടുല്‍കറും ഗായകന്‍ ബാബുല്‍ സപ്രിയോയും , ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ബൈച്ചുങ് ബൂട്ടിയ എന്നിവരും ഉള്‍പ്പെടുന്നതാണ് ഔദ്യോഗികഗാനം.

2017 ഒക്ടോബര്‍ ആറിനാണ് ഫിഫ അണ്ടര്‍ 17 ലോകകപ്പ് തുടങ്ങുക. കൊച്ചി ഉള്‍പ്പെടെ ആറ് നഗരങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. ഗ്രൂപ്പ് എയില്‍ യുഎസ്എ, ഘാന, കൊളംബിയ എന്നിവര്‍ക്കൊപ്പമാണ് ഇന്ത്യയുടെ പോരാട്ടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News