മോദിയുടെ നോട്ട് നിരോധനം മണ്ടത്തരമാണെന്ന് അന്നേ പറഞ്ഞതല്ലേ; വിമര്‍ശനവുമായി ഫോബ്സ് മാഗസിന്‍

ലണ്ടന്‍:  നരേന്ദ്രമോദി നടപ്പിലാക്കിയ നോട്ടുനിരോധനത്തിനെതിരെയുള്ള പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും അവസാനിക്കുന്നില്ല. മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ നോട്ടുനിരോധനത്തിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് താന്‍ സര്‍ക്കാറിനെ ബോധ്യപ്പെടുത്തിയിരുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നായലെയാണ് ഫോബ്‌സ് മാഗസിന്‍ എഡിറ്റര്‍ സ്റ്റീവ് ഫോബ്‌സ് നോട്ടുനിരോധനത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ രംഗത്തെത്തിയിരിക്കുന്നത്.

നോട്ടുനിരോധനത്തെ നീതികെട്ടതെന്നും അസന്മാര്‍ഗികമെന്നും വിശേഷിപ്പിച്ച ഫോബ്‌സ്, പ്രധാനമന്ത്രിയായിരുന്ന ഇന്ദിരഗാന്ധി 1970 കളില്‍ നടപ്പിലാക്കിയ കൂട്ട വന്ധീകരണത്തോടാണ് നോട്ടു നിരോധനത്തെ ഉപമിച്ചത്.

സ്വന്തം രാജ്യത്തെ ജനങ്ങളടെ വസ്തുക്കളെ മോഷ്ടിക്കുകയാണ് ഈ നിരോധനത്തിലൂടെ ഗവര്‍ണ്മെന്റ് ചെയ്തിരിക്കുന്നത്. ജീവനക്കാര്‍ക്ക് ശബളം കൊടുക്കാന്‍ കഴിയാതെ പല ബിസിനസ്സ് കമ്പനികളും പൂട്ടിയെന്നും നോട്ട് നിരോധനം തീവ്രവാദികളെ ഒരു തരത്തിലും ബാധിക്കില്ലെന്നും സ്റ്റീവ് പറഞ്ഞു. നോട്ട് നിരോധനത്തിലൂടെ ലോകത്തിന് മുമ്പില്‍ ഒരു മോശം ഉദാഹരണമാണ് ഇന്ത്യകാണിച്ച് കൊടുത്തതെന്നും സ്റ്റീവ് ചൂണ്ടിക്കാട്ടി.

നോട്ട് നിരോധനത്തിലൂടെ രാജ്യം ഡിജിറ്റലൈസ്ഡ് ആകാന്‍ പോകുന്നു എന്ന വാദത്തെയും സ്റ്റീവ് എതിര്‍ത്തു . ഡിജിറ്റലൈസേഷന്‍ ഒരു സ്വതന്ത്ര കമ്പോളത്തില്‍ കുറച്ച് നാളുകള്‍ക്കുള്ളില്‍ തനിയെ സംഭവിക്കുമെന്നും അതിന് കുറച്ച് സമയം അനുവദിച്ച് കൊടുത്താല്‍ മാത്രം മതിയെന്നും ഫോബ്‌സ് വ്യക്തമാക്കുന്നു.

നികുതി നല്‍കാന്‍ പലരും മടിക്കുന്നതിന്റെ കാരണം നികുതി സംവിധാനങ്ങള്‍ വളരെ സങ്കീര്‍ണ്ണമായതിനാലാണ്.അതിനാല്‍ നികുതി ഘടന ലഘൂകരിക്കണമെന്നും ഇന്ത്യന്‍ രൂപയെ സ്വിസ് ഫ്രാങ്കിനെ പോലെ ശക്തിപ്പെടുത്തണമെന്ന ഉപദേശവും ഫോബ്‌സ് നല്‍കുന്നുണ്ട്.

കള്ളപ്പണം തടയുമെന്ന പ്രഖ്യാപനത്തോടെ നടത്തിയ നോട്ടുനിരോധനം വന്‍പരാജയമാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിരോധിച്ച നോട്ടുകളില്‍ ഏകദേശം 99 ശതമാനം നോട്ടുകളും തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കൂടാതെ അയല്‍ രാഷ്ട്രമായ നേപ്പാള്‍ അവരുടെ കൈവശമുള്ള ഇന്ത്യന്‍ നോട്ടുകള്‍ തിരച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കൂടിയാകുമ്പോള്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ പണം തിരിച്ചെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News