ഓണം വാരാഘോഷത്തിന്റെ നിറവില്‍ അനന്തപുരി; നക്ഷത്രതിളക്കത്തിന്റെ തിരക്കില്‍ നാടും നഗരവും

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്റെ തിരക്കിലാണ് നഗരം. ഇന്നലെ വൈകുന്നേരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് തുടക്കം കുറിച്ചത്. ദൈവത്തിന്റെ സ്വന്തം നാടെന്ന പേര് കേരളത്തിന് എവിടെയൊക്കെയോ നഷ്ടപ്പെടുന്നുണ്ടെന്ന് മുഖ്യമന്ത്രി ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. അതെല്ലാം തിരിച്ച് പിടിക്കണമെന്നും ദൈവത്തിന്റെ സ്വന്തം നാടെന്ന ഖ്യാതി തിരിച്ചുകിട്ടാന്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചടങ്ങില്‍ ചലച്ചിത്ര താരം മമ്മൂട്ടി മുഖ്യാതിഥിയായിരുന്നു. ഓണദിനങ്ങള്‍ എല്ലാ ദിവസവും ഉണ്ടാകണമെന്ന് അദ്ദേഹം തന്റെ പ്രസംഗത്തില്‍ ആവശ്യപ്പെട്ടു. ഓണമെന്ന് താന്‍ ഉദ്ദേശിച്ചത് അവധിയെടുത്ത് ആഘോഷിക്കലല്ല. മറിച്ച് മഹാബലി ഭരിച്ച ദിവസങ്ങളുടെ നന്മ തിരിച്ച് പിടിക്കലാണെന്നും അദ്ദേഹം പറഞ്ഞു.

നടിയും നര്‍ത്തകിയുമായ മഞ്ജു വാര്യരുടെ നൃത്തവിരുന്നും ഓണം വാരാഘോഷ പരിപാടികള്‍ക്ക് മിഴിവേകി. ഗായകന്‍ വിജയ് യേശുദാസും ഗായിക രാജലക്ഷമിയും സംഘവും ഒരുക്കിയ സംഗീതനൃത്ത വിസ്മയവും നല്ലോണം പൊന്നോണമെന്ന നൃത്ത നിശയും ആഘോഷ പരിപാടികള്‍ക്ക് മാറ്റേകി.

നിശാഗന്ധി ഓഡിറ്റോറിയത്തില്‍ 40ല്‍ പരം യുവ കലാ കാരന്‍മാര്‍ അണിനിരന്ന പഞ്ചാരിമേളത്തോടെയായിരുന്നു ഓണം വാരാഘോഷത്തിന് തിരശ്ശീല ഉയര്‍ന്നത്. തുടര്‍ന്ന് നല്ലോണം പൊന്നോണമെന്ന നൃത്ത വിസ്മയം അരങ്ങ് തകര്‍ത്തു. കാണികള്‍ക്ക് വേറിട്ട ഓണ കാഴ്ച സമ്മാനിക്കുകയായിരുന്നു നല്ലോണം പൊന്നോണം.

പിന്നെ അരങ്ങിലെത്തിയത് നടിയും നര്‍ത്തകിയുമായ മഞ്ജു വാര്യരുടെ നൃത്ത സദ്യ. ഭരതനാട്യത്തില്‍ മഞ്ജു വാര്യര്‍ നടനവൈഭവം തീര്‍ത്തപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ആസ്വാദകര്‍ നിറഞ്ഞ കരഘോഷത്തോടെ സ്വീകരിച്ചു.

പിന്നണി ഗായകരായ വിജയ് യേശുദാസ്, രാജലക്ഷ്മി, വിധു പ്രതാപ് തുടങ്ങിയവരുടെ ഗാനവിരുന്നും നിശാഗന്ധിയിലെ നിറഞ്ഞ് കവിഞ്ഞ സദസിന് ആസ്വാദ്യമായി. നഗരത്തിനകത്തും പുറത്തുമായി 30 ലധികം വേദികളിലാണ് ഇനിയുള്ള ഒരാഴ്ച കലാ മാമാങ്കം അരങ്ങേറുക. 9ന് നടക്കുന്ന വര്‍ണ്ണാഭമായ ഘോഷയാത്രയോടെ ഓണം വാരാഘോഷത്തിന് സമാപനമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News