നിലമ്പൂരില്‍ ബിയര്‍ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; പരുക്കേറ്റവരെ രക്ഷിക്കാതെ നാട്ടുകാര്‍ ബോട്ടിലുകളുമായി മുങ്ങിയെന്ന് ആരോപണം

മലപ്പുറം: ബിയര്‍ലോറിയും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായപ്പോള്‍ പരുക്കേറ്റവരെ രക്ഷിക്കാന്‍ തയ്യാറാകാതെ നാട്ടുകാര്‍ ബിയര്‍ ബോട്ടിലുകളുമായി മുങ്ങിയെന്ന് ആരോപണം. നിലമ്പൂര്‍ കെഎന്‍ജി റോഡില്‍ പൂച്ചക്കുത്തിന് സമീപമാണ് സംഭവം.

ലോറിയും കാറും കൂട്ടിയിടിച്ച് മറിയുകയായിരുന്നു. 515 കെയ്‌സ് ബിയറാണ് ലോറിയില്‍ ഉണ്ടായിരുന്നത്. ഓരോ കെയ്‌സിലുമായി 650 മില്ലി ലിറ്ററിന്റെ 12 കുപ്പികള്‍ വീതം. മൊത്തം 6180 ബിയര്‍ ബോട്ടിലുകള്‍. അപകടം നടന്നതോടെ കുറിച്ചുകുപ്പികള്‍ റോഡില്‍വീണ് പൊട്ടി. എന്നാല്‍ മറ്റുള്ളവ ഓടികൂടിയവര്‍ എടുത്തുകൊണ്ടുപോയെന്നാണ് ദൃക്‌സാക്ഷികളുടെ ആരോപണം.

ഫയര്‍ ഫോഴ്‌സ് ഓഫീസര്‍ക്ക് എത്തിയ സന്ദേശവും ഇക്കാര്യം തന്നെയാണ് വ്യക്തമാക്കുന്നത്. അപകടസ്ഥലത്തെത്തിയവര്‍ പരുക്കേറ്റവരെ ആശുപത്രിയിലാക്കുന്നതിന് പകരം ബിയര്‍ കുപ്പികള്‍ കടത്തിക്കൊണ്ടിരിക്കുകയാണെന്നാണ് ഫോണില്‍ വിവരമറിയിച്ചയാള്‍ പറഞ്ഞതെന്ന് സ്റ്റേഷന്‍ ഓഫീസര്‍ എം അബ്ദുല്‍ ഗഫൂര്‍ വ്യക്തമാക്കി.

ഉടന്‍ തന്നെ പൊലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തിയ ശേഷമാണ് ബിയര്‍ കടത്തുന്നവര്‍ പിന്‍മാറിയത്. തുടര്‍ന്ന് നിലമ്പൂരില്‍ നിന്നെത്തിച്ച ആംബുലന്‍സില്‍ പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മറ്റൊരു ലോറിയെത്തി അവശേഷിക്കുന്ന ബിയര്‍ മാറ്റുന്നതുവരെ പൊലീസ് കാവല്‍ നില്‍ക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News