കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വിമാനം തെന്നിമാറിയ സംഭവത്തില്‍ വിശദീകരണവുമായി എയര്‍ഇന്ത്യ. കനത്ത മഴ പൈലറ്റിന്റെ കാഴ്ച മറച്ചതാണ് അപകടത്തിന് കാരണമായതെന്നും യാത്രക്കാരുടെ സാധനങ്ങള്‍ വീടുകളില്‍ എത്തിക്കുമെന്നും എയര്‍ഇന്ത്യ അറിയിച്ചു. സംഭവത്തില്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ അന്വേഷണം തുടങ്ങിയെന്നും എയര്‍ഇന്ത്യ വക്താവ് പറഞ്ഞു.
അബുദാബിയില്‍ നിന്നും കൊച്ചിയിലേക്ക് വന്ന എയര്‍ ഇന്ത്യാ വിമാനം IX 452 വിമാനമാണ് അപകടത്തില്‍ പെട്ടത്. പുലര്‍ച്ചെ 2:45നായിരുന്നു അപകടം. റണ്‍വേയില്‍ നിന്ന് പാര്‍ക്കിംഗ് വേയിലേക്ക് മാറ്റുന്നതിനിടെ വിമാനം തെന്നിമാറി ഓടയിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് വിമാനത്തിനുള്ളില്‍ നിന്നും യാത്രക്കാരെയെല്ലാം ഒഴിപ്പിച്ചു. വിമാനത്തിലുണ്ടായിരുന്ന 102 യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. വിമാനത്തിന്റെ ടയറുകള്‍ ചെളിയില്‍ പുതഞ്ഞു പോയതിനാല്‍ അപകട സ്ഥലത്തു നിന്നും വിമാനം ഇനിയും മാറ്റാന്‍ ആയിട്ടില്ല.
വിമാനം ലാന്റ് ചെയ്ത ശേഷം മുന്നോട്ട് നീങ്ങവേ വലിയ ശബ്ദം കേട്ടതായി യാത്രക്കാര്‍ പറഞ്ഞു. പിന്‍വശത്തെ രണ്ടു ടയറുകളും ഓടയില്‍ കുടുങ്ങിക്കിടക്കുകയാണ്. ലഗേജുകള്‍ സൂക്ഷിച്ചിട്ടുള്ള ഭാഗത്തെ വാതില്‍ തുറക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ ചില യാത്രക്കാരുടെ ലഗേജുകള്‍ ഇനിയും പുറത്തെടുക്കാന്‍ ആയിട്ടില്ല.

Get real time update about this post categories directly on your device, subscribe now.