അന്‍വറിന്റെ പാര്‍ക്കിന് സമീപത്തെ മര്‍ദനം; രണ്ടു പെലീസുകാരടക്കം 14 പേര്‍ക്കെതിരെ കേസ്

കോഴിക്കോട്: പിവി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിന് സമീപം, യുവാക്കള്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ രണ്ടു പെലീസുകാരടക്കം 14 പേര്‍ക്കെതിരെ കേസ്. തിരുവമ്പാടി സ്റ്റേഷനിലെ രണ്ടു പൊലീസുകാര്‍ക്കെതിരെയാണ് കോസെടുത്തത്. സംഭവം കോഴിക്കോട് റൂറല്‍ എസ്പി യുടെ നിര്‍ദ്ദേശപ്രകാരം താമരശേരി സിഐ അന്വേഷിക്കും.

ഞായറാഴ്ച രാത്രി 12 മണിയോടെയാണ് കോഴിക്കോട് വെസ്റ്റ് കൊടിയത്തൂര്‍ സ്വദേശികളായ നാലു യുവാക്കള്‍ക്ക് കക്കാടംപൊയില്‍ പിവിആര്‍ പാര്‍ക്കിന് സമീപം വെച്ച് മര്‍ദ്ദനമേറ്റത്. സ്ഥലത്തുണ്ടായിരുന്ന പൊലീസ്, റോഡില്‍ മുട്ട്കുത്തിച്ച് നിര്‍ത്തിയെന്നും നാട്ടുകാര്‍ പൊലീസിന്റെ സാന്നിധ്യത്തില്‍ മര്‍ദ്ദിച്ചുവെന്നും കാട്ടി യുവാക്കള്‍ കോഴിക്കോട് റൂറല്‍ എസ്പിക്ക് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് സംഭവത്തില്‍ കേസെടുത്ത് അന്വേഷിക്കാന്‍ എസ്പി നിര്‍ദ്ദേശം നല്‍കിയത്. താമരശേരി സിഐക്കാണ് അന്വേഷണ ചുമതല.

തിരുവമ്പാടി സ്റ്റേഷനിലെ രണ്ടു പൊലീസുകാര്‍ക്കും കണ്ടാലറിയാവുന്ന നാട്ടുകാരായ 12 പേര്‍ക്കുമെതിരെയാണ് കേസ്. മര്‍ദ്ദനത്തില്‍ പരുക്കേറ്റ നാലു പേരും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഷെറിന്‍, ഷാനു ജസീം, അല്‍താഫ്, ഷഹദ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

അതേസമയം, പാര്‍ക്ക് അടച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് സംഭവം നടന്നതെന്നും, ഇതില്‍ തങ്ങള്‍ക്ക് യാതൊരു ബന്ധമില്ലെന്നും പാര്‍ക്ക് അധികൃതര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here