മോഹന്‍ ഭാഗവതിന്റെ പ്രസംഗം വര്‍ഗീയ കലാപങ്ങളിലേക്ക് നയിക്കും; മുന്‍കരുതലുമായി മമതാ സര്‍ക്കാര്‍

കൊല്‍ക്കത്ത: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പങ്കെടുക്കുന്ന പരിപാടിക്കുള്ള ഓഡിറ്റോറിയത്തിന്റെ അനുമതി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ റദ്ദാക്കി. മോഹന്‍ ഭാഗവതിന്റെ സന്ദര്‍ശനവും പ്രസംഗവും കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്ന സൂചനകളെത്തുടര്‍ന്നാണ് തീരുമാനം.

സിസ്റ്റര്‍ നിവേദിത മിഷന്‍ ഒക്ടോബര്‍ മൂന്നിന് നടത്തുന്ന പരിപാടിക്കാണ് അനുമതി നിഷേധിച്ചത്. കൊല്‍ക്കത്തയിലെ പ്രമുഖ ഓഡിറ്റോറിയമായ മഹാജതി സദനിലാണ് പരിപാടി നിശ്ചയിച്ചിരുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഓഡിറ്റോറിയമാണിത്.

വിജയദശമിയും മുഹറവും അടുത്തടുത്ത ദിവസങ്ങളില്‍ വരുന്നത് പരിഗണിച്ചാണ് ഓഡിറ്റോറിയത്തിന്റെ ബുക്കിംഗ് റദ്ദാക്കിയതെന്നും സൂചനയുണ്ട്. കഴിഞ്ഞവര്‍ഷം മുഹറം-വിജയദശമി ദിവസങ്ങളില്‍ ബംഗാളിലെ വിവിധ ജില്ലകളില്‍ ഹിന്ദു-മുസ്ലിം വര്‍ഗീയ കലാപങ്ങള്‍ നടന്നിരുന്നു. ഇതും കൂടി പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനം.

അതേസമയം, ആയുധപൂജ അടക്കമുളള പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ആര്‍എസ്എസ് വക്താക്കള്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here