ദിലീപിനെ പിന്തുണച്ച് ഗണേഷ് കുമാര്‍ എംഎല്‍എ; കോടതി കുറ്റവാളിയാണെന്ന് വിധിക്കുന്നത് വരെ ദിലീപ് നിരപരാധി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനകുറ്റത്തിന് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ പിന്തുണച്ച് ഗണേഷ് കുമാര്‍ എംഎല്‍എ. കോടതി കുറ്റവാളിയാണെന്ന് വിധിക്കുന്നത് വരെ ദിലീപ് നിരപരാധിയാണെന്ന് നല്ല കാലത്ത് ദിലീപിന്റെ സഹായം സ്വീകരിച്ചവര്‍ ആപത്ത്കാലത്ത് കൈവിടരുതെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു. ആലുവ സബ് ജയിലില്‍ എത്തി ദിലീപിനെ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗണേഷ്.

അന്വേഷണത്തില്‍ തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രി ഇടപെട്ട് തിരുത്തണമെന്നും എംഎല്‍എ എന്ന നിലയിലല്ല,ഒരു സുഹൃത്ത് എന്ന നിലയിലാണ് ദിലീപിനെ കാണാന്‍ എത്തിയതെന്നും ഗണേഷ് പറഞ്ഞു. അരമണിക്കൂറിലേറെ നേരെ ഗണേഷ്, ദിലീപുമായി കൂടിക്കാഴ്ച നടത്തി.

അച്ഛന്റെ ശ്രാദ്ധച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ദിലീപിന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കിയതിന് പിന്നാലെ നിരവധി താരങ്ങളാണ് ആലുവ ജയിലില്‍ എത്തിയത്. നിര്‍മ്മാതാവ് ഹംസ, തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം, നടന്‍ സുധീര്‍ എന്നിവര്‍ ഇന്ന് ജയിലില്‍ എത്തിയിരുന്നു.

താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കലാഭവന്‍ ഷാജോണ്‍, സംവിധായകന്‍മാരായ രഞ്ജിത്ത്, നാദിര്‍ഷാ, നടന്മാരായ സുരേഷ് കൃഷ്ണ, ഹരിശ്രീ അശോകന്‍, ഏലൂര്‍ ജോര്‍ജ് എന്നിവരും കഴിഞ്ഞ ദിവസങ്ങളില്‍ ജയിലില്‍ എത്തിയിരുന്നു. ഭാര്യയും നടിയുമായ കാവ്യാ മാധവനും മകളും ജൂലൈ പത്തിന് ജയിലില്‍ എത്തി.

നാളെ രാവിലെ ഏഴുമുതല്‍ 11 വരെ വീട്ടിലും ആലുവ മണപ്പുറത്തും നടക്കുന്ന ബലിതര്‍പ്പണ ചടങ്ങുകളില്‍ പങ്കെടുക്കാനാണ് ദിലീപിന് കോടതി അനുമതി നല്‍കിയത്. മാധ്യമങ്ങളോട് സംസാരിക്കില്ലെന്നും സമയത്തിന് ജയിലില്‍ മടങ്ങി എത്താമെന്ന ഉറപ്പിലുമാണ് ദിലീപിന് താത്കാലിക പരോള്‍ കോടതി അനുവദിച്ചത്.

അതേസമയം, ജാമ്യം തേടി വീണ്ടും ഹൈക്കോടതിയെ സമീപിക്കാനാണ് ദിലീപിന്റെ തീരുമാനം. ഓണാവധിക്ക് ശേഷം ഹൈക്കോടതി തുറക്കുമ്പോള്‍ ഒരു ജാമ്യഹര്‍ജി കൂടി സമര്‍പ്പിക്കാനാണ് തീരുമാനം. അന്വേഷണം പൂര്‍ത്തിയായ കാര്യവും, സാഹചര്യങ്ങള്‍ മാറിയ വിവരവും, ചൂണ്ടിക്കാട്ടിയാകും പുതിയ ഹര്‍ജി സമര്‍പ്പിക്കുക. അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ കോടതി അനുമതി നല്‍കിയ കാര്യവും പുതിയ ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here