തിരുവസ്ത്രമണിഞ്ഞ് കന്യാസ്ത്രീകളുടെ തിരുവാതിര കളി തരംഗമാകുന്നു; ഇങ്ങനെയൊക്കെയാണ് സര്‍ കേരളം ദൈവത്തിന്റെ സ്വന്തം നാടാകുന്നത്

തിരുവനന്തപുരം: കേരളം പല കാര്യങ്ങളിലും രാജ്യത്തിന് മാതൃകയാണ്. കേരളത്തെ അപമാനിക്കാനുള്ള നീക്കത്തിനെതിരെ ദിവസങ്ങള്‍ക്ക് മുമ്പ് മലയാളികള്‍ ഒന്നടങ്കം പ്രതികരണവുമായി രംഗത്തെത്തിയത് നമ്മള്‍ കണ്ടതാണ്. മതസൗഹാര്‍ദത്തിന്റെ പേരിലാണെങ്കില്‍ കേരളം രാജ്യത്തിന് തന്നെ അഭിമാനമാണ്.

ഓണവും ക്രിസ്മസും റംസാനുമെല്ലാം ആഘോഷിക്കാന്‍ മലയാളികള്‍ക്ക് ഒരേ മനസാണ്. അതുകൊണ്ട് തന്നെയാണ് കേരളത്തില്‍ മതത്തിന്റെ പേരില്‍ കലാപം നടത്താനുള്ള വര്‍ഗീയ വാദികളുടെ നീക്കങ്ങള്‍ ഈ മണ്ണില്‍ ചിലവാകാത്തതും. മലയാളികള്‍ ഒരേ മനസാല്‍ ആഘോഷിക്കുന്ന ഉത്സവ ദിനങ്ങളാണ് ഓണനാളുകള്‍. കയ് മെയ് മറന്ന് ഏവരും ആഘോഷത്തിന്റെ താള ലയങ്ങള്‍ തീര്‍ക്കുമ്പോള്‍ എങ്ങും ഉയരുന്നത് പൂവിളകള്‍ മാത്രമാണ്.

ഓണാഘോഷങ്ങള്‍ക്കിടയില്‍ ഇന്ന് ഏറ്റവും സജീവമായത് തിരുവാതിരക്കളിയാണ്. സ്‌കൂളിലും കോളേജിലുമെന്നല്ല എല്ലായിടത്തും ഇപ്പോള്‍ ഓണത്തിനിടയില്‍ തിരുവാതിരക്കളി നടക്കാറുണ്ട്. എന്നാല്‍ കന്യാസ്ത്രീകള്‍ അവരുടെ തിരുവസ്ത്രമണിഞ്ഞ് പൂക്കളത്തിന് ചുറ്റും നടത്തുന്ന തിരുവാതിര കളി അധികമാരും കണ്ടിട്ടുണ്ടാകില്ല. മലയാളികളുടെ മതസൗഹാര്‍ദത്തിന്റെ മഹത്വം വിളിച്ചോതുന്നതാണ് ഇത്.

ശശി തരൂര്‍ എംപി യാണ് തന്റെ ഫേസ്ബുക്കിലൂടെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. കേരളം എന്തുകൊണ്ടാണ് ദൈവത്തിന്റെ സ്വന്തം നാടാകുന്നതെന്ന് വിളിച്ചു പറയുന്ന വീഡിയോ ആണ് കന്യാസ്ത്രീകളുടെ തിരുവാതിക്കളി. രക്തത്തില്‍ മതം കലരാത്ത മൈത്രിയാണ് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കി മാറ്റുന്നത്.

മതനിരപേക്ഷമായ ഐക്യത്തിന്റെ സന്ദേശമാണ് ഓണം നല്‍കുന്നതെന്ന് തരൂര്‍ പറയുന്നു. ഏതായാലും ശശി തരൂരിന്റെ വീഡിയോ വൈറലായി. ഒന്നര ലക്ഷത്തിലധികം വ്യൂ ഈ വീഡിയോയ്ക്ക് ലഭിച്ചുകഴിഞ്ഞു. മതം കലരാത്ത മാനവ സ്‌നേഹം വിളിച്ചുപറയുന്നവര്‍ക്ക് ഈ വീഡിയോ കണ്ട് കയ്യടിക്കാം. കേരളത്തില്‍ വര്‍ഗീയ വിഷം തീണ്ടാന്‍ കിണഞ്ഞ് പരിശ്രമിക്കുന്നവരാകട്ടെ വീഡിയോ കണ്ട ശേഷം ഒന്ന് പൊട്ടിക്കരയുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News