ദില്ലി: കശ്മീരുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളടങ്ങിയ ട്വീറ്റുകള്‍ക്കെല്ലാം ട്വിറ്റര്‍ നിരോധനമേര്‍പ്പെടുത്തി. നിരവധി അക്കൗണ്ടുകളും ട്വീറ്റുകളുമാണ് വിലക്കിയിരിക്കുന്നത്. കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയം ആഗസ്റ്റ് 24ന് ട്വിറ്ററിനയച്ച കത്തിലാണ് 19 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. ഭൂരിഭാഗവും കശ്മീരുമായി ബന്ധപ്പെട്ടതായിരുന്നു. 115 ഓളം ട്വീറ്റുകളും ഹാന്‍ഡിലുകളും നീക്കം ചെയ്യാനും നിര്‍ദ്ദേശിച്ചു. പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പഠിച്ച പ്രത്യേക കമ്മിറ്റി നിര്‍ദ്ദേശ പ്രകാരമാണ് നിരോധനം ഏര്‍പ്പെടുത്തുന്നത്.

ഐടി ആക്റ്റ് സെക്ഷന്‍ 69 പ്രകാരം ഇത്തരം പ്രവൃത്തികള്‍ പൊതുതാത്പര്യത്തിന് എതിരു നില്‍ക്കുന്നതാണെന്ന് കണ്ടെത്തുകയായിരുന്നു. ഇന്ത്യന്‍ നിയമത്തിന് വിരുദ്ധമായാണ് ട്വീറ്റുകളും അക്കൗണ്ടുകളും പ്രവര്‍ത്തിക്കുന്നതെന്ന് നിരവധി പേര്‍ക്ക് സന്ദേശങ്ങളും ട്വിറ്റര്‍ അയച്ചു. നിരവധി രാജ്യങ്ങളില്‍ ട്വിറ്റര്‍ അക്കൗണ്ടുകളെ നിയന്ത്രിക്കാന്‍ നിയമങ്ങള്‍ ഉണ്ട്. ശക്തമായ നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ടവരില്‍ നിന്നും ഉണ്ടായാല്‍ ട്വിറ്റര്‍ കൃത്യമായി അതൊക്കെ നിയന്ത്രിക്കുക തന്നെ ചെയ്യുമെന്നും ട്വിറ്റര്‍ വ്യക്തമാക്കി.