റോഹിന്‍ഗ്യന്‍ മുസ്ലിം അഭയാര്‍ഥികളെ തുരത്തും; നിലപാട് പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി

ദില്ലി: റോഹിന്‍ഗ്യ മുസ്‌ലിം അഭയാര്‍ഥികളെ മ്യാന്‍മറിലേക്ക് തിരിച്ചയയ്ക്കുന്ന വിഷയത്തില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോടു വിശദീകരണം തേടിയതിനു പിന്നാലെ കേന്ദ്ര മന്ത്രി നിലപാട് വ്യക്തമാക്കി രംഗത്തെത്തി. അനധികൃത കുടിയറ്റക്കാരായ റോഹിന്‍ഗ്യകളെ നാടുകടത്തുമെന്ന് കിരണ് റിജിജു വ്യക്തമാക്കി.

അഭയം നല്‍കുന്ന കാര്യത്തില്‍ ഇന്ത്യയെ പഠിപ്പിക്കാന്‍ ആരു വരേണ്ടെന്നും കേന്ദ്ര മന്ത്രി വിശദീകരിച്ചു. അന്താരാഷ്ട്ര മനുഷ്യാവകാശ കമീഷനോ മറ്റ് അന്താരാഷ്ട്ര സംഘടനകളോ റോഹിന്‍ഗ്യകളെ അഭയാര്‍ഥികളായി അംഗീകരിച്ചിട്ടുണ്ടോയെന്നും കിരണ്‍ റിജിജു ചോദിച്ചു.

നിയമപരമായി കാര്യങ്ങള്‍ മുന്നോട്ട് പോകുമ്പോള്‍ മനുഷ്യത്വമില്ലായ്മയെന്ന് കുറ്റപ്പെടുത്തുന്നതെങ്ങനെയാണെന്ന ചോദ്യവും മന്ത്രി ഉന്നയിച്ചു. റോഹിന്‍ഗ്യ വിഷയത്തില്‍ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായും കിരണ്‍ റിജിജു വ്യക്തമാക്കി.

നേരത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്രത്തോടു വിശദകരണം തേടിയത്. തങ്ങളെ മ്യാന്‍മറിലേക്കു തിരിച്ചയക്കാനുള്ള നീക്കം ഇന്ത്യന്‍ ഭരണഘടനയ്ക്കും യുഎന്‍ പ്രമേയങ്ങള്‍ക്കും വിരുദ്ധമാണെന്നും തടയണമെന്നും ആവശ്യപ്പെട്ടാണ് റോഹിന്‍ഗ്യ മുസ്‌ലിംകള്‍ സുപ്രീം കോടതിയെ സമീപിച്ചത്.

അഭയാര്‍ഥികളുടെ പ്രശ്‌നം സംബന്ധിച്ച് സര്‍ക്കാര്‍ എന്ത് നടപടികളാണ് സ്വീകരിക്കാനിരിക്കുന്നതെന്ന് വ്യക്തമാക്കി മറുപടി നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. മ്യാന്‍മാറില്‍ റോഹിംഗ്യകള്‍ കടുത്ത വേട്ടയാടലിന് ഇരയായിക്കൊണ്ടിരിക്കുകയാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

നിലവില്‍ 16,000 റോഹിംഗ്യന്‍ അഭയാര്‍ഥികളാണ് യുഎന്‍ ഹൈ കമ്മീഷണര്‍ മുമ്പാകെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രജിസ്റ്റര്‍ ചെയ്യപ്പെടാത്ത 40,000ല്‍ അധികം റോഹിംഗ്യകള്‍ ഇന്ത്യയില്‍ ഉണ്ടെന്നാണ് കണക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News