ബംഗളുരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊന്നു. ബംഗളുരുവിലെ വസതിയില്‍ വെച്ചാണ് അക്രമികള്‍ ഗൗരിയെ വെടിവെച്ചുകൊന്നത്. തനിക്ക് ആര്‍ എസ് എസ് വധ ഭീഷണിയുണ്ടെന്ന് ഇവര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സംഭവം അസഹിഷ്ണുതാ കൊലപാതകമാണെന്ന ആരോപണമാണ് ഉയരുന്നത്.

അജ്ഞാതന്‍ വീടിനു മുന്നിലെത്തി വെടിവയ്ക്കുകയായിരുന്നു. നാലുപേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയതെന്നും സൂചനയുണ്ട്. ഗൗരി ലങ്കേഷ് പത്രിക എന്ന ടാബ്ലോയിഡിന്‍റെ എഡിറ്ററായിരുന്നു ഗൗരി. ഇവര്‍ക്കുനേരെ അക്രമി മൂന്നു തവണ വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ട്. വെടിവെച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

ആർഎസ്എസ്സിനും ബിജെപിക്കും എതിരെ ഒട്ടേറെ ലേഖനങ്ങവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏറെ വിവാദം സൃഷ്ടിച്ച കൽബുർഗി വധക്കേസുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങളിൽ സജീവ പങ്കാളിയായിരുന്നു.മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ പി.ലങ്കേഷിന്റെ മകളാണ് സാമൂഹ്യപ്രവർത്തക കൂടിയായിരുന്ന ഗൗരി ലങ്കഷ്.

അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ബിജെപി നേതാക്കള്‍ നല്‍കിയ കേസില്‍  ഗൗരി ലങ്കേഷിന് ആറു മാസം തടവും പതിനായിരം രൂപ പിഴ ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്. ഹുബള്ളി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയായിരുന്നു ശിക്ഷ വിധിച്ചിരുന്നത്.  രണ്ടു കേസുകളിലായാണ് ശിക്ഷ ലഭിച്ചത്.  രണ്ടു കേസുകളിലും മേല്‍ കോടതിയില്‍ നിന്നും ഗൗരി ജാമ്യം നേടിയിട്ടുണ്ടായിരുന്നു.

കര്‍ണാടകയിലെ പ്രമുഖ എഴുത്തുകാരന്‍ എംഎം കല്‍ബുര്‍ഗി വെടിയേറ്റ് മരിച്ച് രണ്ട് വര്‍ഷം തികയുമ്പോഴാണ് സമാനമായ സംഭവം അരങ്ങേറിയിരിക്കുന്നത്. 2015 ഓഗസ്റ്റ് 30 നായിരുന്നു കല്‍ബുര്‍ഗിയെ വെടിവെച്ചുകൊന്നത്.