കല്‍ബുര്‍ഗിയെ കൊന്നതുപോലെ ഗൗരി ലങ്കേഷിനെ കൊന്നതാര്; സംഭവത്തിലെ ഞെട്ടലും പ്രതിഷേധവും രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊന്ന സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. സംഭവത്തില്‍ ശക്തമായി പ്രതിഷേധിച്ച പിണറായി കൊലയാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കര്‍ണാടക സര്‍ക്കാരിന് സാധിക്കുമെന്ന് പ്രത്യാശിച്ചു. ആര്‍ എസ് എസിനും സംഘപരിവാറിനുമെതിരെ വിമര്‍ശനമുന്നിയിച്ചിരുന്ന ഗൗരി ലങ്കേഷിനെ കല്‍ബുര്‍ഗിയെ കൊന്നതുപോലെയാണ് അക്രമികള്‍ വകവരുത്തിയതെന്നും മുഖ്യമന്ത്രി ചൂണ്ടികാട്ടി.

വര്‍ഗീയതയ്ക്കും അഴിമതിക്കുമെതിരെ ശക്തമായി നിലക്കൊണ്ട മാധ്യമ പ്രവര്‍ത്തകയാണ് ഗൗരി ലങ്കേഷെന്നും അദ്ദേഹം വിവരിച്ചു. മത നിരപേക്ഷതയില്‍ അടിയുറച്ച് വിശ്വസിക്കുകയും നിര്‍ഭയം മാധ്യമ പ്രവര്‍ത്തനം നടത്തുകയും ചെയ്ത ഗൗരി ലങ്കേഷിന്റെ വിയോഗത്തില്‍ അതിയായ ദു:ഖം രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം

വർഗീയതയ്ക്കും അഴിമതിക്കുമെതിരെ ശക്തമായി നിലക്കൊണ്ട മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊന്നു എന്ന വാർത്ത ഞെട്ടിക്കുന്നതാണ്. കർണ്ണാടകത്തിൽ പുരോഗമന – മത നിരപേക്ഷ ചിന്തകൾ ശക്തി പ്രാപിക്കുന്ന ഘട്ടത്തിലാണ്, കലബുർഗിയെ കൊന്ന രീതിയിൽ ഗൗരി ലങ്കേഷിന്റെ ജീവനെടുത്തത്. കൊലയാളികളെയും അവരുടെ ഉദ്ദേശ്യത്തെയും ജനങ്ങൾക്കും നിയമത്തിനും മുന്നിൽ കൊണ്ടുവരാൻ കർണാടക സർക്കാരിന് എത്രയും വേഗം കഴിയും എന്ന് പ്രത്യാശിക്കുന്നു. മത നിരപേക്ഷതയിൽ അടിയുറച്ച് വിശ്വസിക്കുകയും നിർഭയം മാധ്യമ പ്രവർത്തനം നടത്തുകയും ചെയ്ത ഗൗരി ലങ്കേഷിന്റെ വിയോഗത്തിൽ അതിയായ ദു:ഖം രേഖപ്പെടുത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here