
ബംഗളൂരു: പ്രമുഖ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് സ്വന്തം വസതിയില്‍ വെടിയേറ്റ് മരിച്ചെന്ന വാര്‍ത്തയുടെ ഞെട്ടലില്‍ നിന്ന് പുരോഗമനവാദികള്‍ ഇനിയും മോചിതരായിട്ടില്ല. അതിനിടയിലാണ് ആരുടേയും കണ്ണ് നിറയ്ക്കുന്ന ഗൗരിയുടെ അവസാന കുറിപ്പുകള്‍ പുറത്തുവരുന്നത്. കൊലയാളികളുടെ തോക്കിന് ഇരയാകുന്നതിന് മണിക്കൂറുകള്‍ മുമ്പുള്ള ഫേസ്ബുക്ക് പോസ്റ്റിലും നിറഞ്ഞുനിന്നത് മതേതരത്വമുള്ള മനസായിരുന്നു.
വിശേഷാ മലയാളികളുടെ മതേതരത്വത്തെക്കുറിച്ചും പോരാട്ടത്തെക്കുറിച്ചുമായിരുന്നു ഗൗരിയുടെ കുറിപ്പുകള്‍. ഓണാഘോഷത്തിനിടയില്‍ കന്യാസ്ത്രീകള്‍ തിരുവസ്ത്രമണിഞ്ഞ് തിരുവാതിര കളിക്കുന്നതിന്റെ വീഡിയോ അടക്കം പങ്കുവെച്ചാണ് കേരളത്തോടുള്ള ബഹുമാനം അവര്‍ തുറന്നു കാട്ടിയത്. ശശി തരൂര്‍ എം.പി പോസ്റ്റ് ചെയ്ത വീഡിയോ ആയിരുന്നു ഗൗരി ഷെയര്‍ ചെയ്തത്. കേരളം ദൈവത്തിന്റെ സ്വന്തം നാടെന്നറിയപ്പെടുന്നത് ഇതൊക്കെ കൊണ്ടാണെന്ന് വര്‍ഗീയ വാദികളോടായി അവര്‍ പറയുകയും ചെയ്തിരുന്നു.
അടുത്ത തവണ കേരളത്തില്‍ വരുമ്പോള്‍ തനിക്ക് മനസു നിറയെ ബീഫ് കഴിക്കണമെന്നും ഗൗരി ലങ്കേഷ് കുറിച്ചിട്ടുണ്ട്. ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ പോരാട്ടത്തിന്റെ ഭാഗമായി ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ ചിത്രമാണ് ഗൗരി ലങ്കേഷിന്റെ ഫേസ്ബുക്ക പ്രൊഫൈല്‍ പിക്ചറെന്നതും ആ ജീവിതം എന്തായിരുന്നെന്ന് വിളിച്ചു പറയുന്നു. ബംഗളൂരുവിലെ വസതിയില്‍ വെച്ച് ഇന്നലെ രാത്രിയാണ് അജ്ഞാതരുടെ വെടിയേറ്റ് ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here