ലങ്കേഷിന്റെ മകൾക്ക് ലാൽ സലാം

ലങ്കേഷിന്റെ മകളാണ് ഗൗരി. കവിയുടെ സംസ്‌കാരപുത്രി. സോഷ്യലിസ്റ്റിന്റെ രാഷ്ട്രീയപുത്രി.

അടിയന്തരാവസ്ഥ അറബിക്കടലിലാഴ്ന്നപ്പോള്‍ മാസ് ഫിലിം സൊസൈറ്റി തൃശ്ശൂര്‍ മാതായില്‍ സംസ്‌കാരയെത്തിച്ചു.

അനന്തമൂര്‍ത്തിയുടെ നോവലിന്റെ ചലച്ചിത്രഭാഷ്യം. ജാതിവ്യവസ്ഥയെ എതിര്‍ക്കുന്നതുകൊണ്ട് പ്രദര്‍ശനം വിലക്കപ്പെട്ട സിനിമ.

എതിര്‍പ്പു മൂലം സംസ്‌കാര പിന്നീട് വെളിച്ചം കണ്ടതും 1970 ല്‍ രാജ്യത്തെ ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള പുരസ്‌കാരം നേടിയതും കന്നടയിലെ സമാന്തരസിനിമാപ്രസ്ഥാനത്തിനു നാന്ദി കുറിച്ചതും ചരിത്രം.

മാതയിലന്ന് സ്‌നേഹ ലതാ റെഡി അവതരിപ്പിച്ച ചന്ദ്രിക്കായിരുന്നു കൈയടി. അന്നേയ്ക്ക് സ്‌നേഹലത രക്തസാക്ഷിയായിരുന്നു. കറുത്ത കാലത്തെ എതിര്‍ത്ത് ജയിലിലായി. രോഗിണിയായി. ചികിത്സകിട്ടാതെ മരണാസന്നയായി. പരോളില്‍ വിട്ട് അഞ്ചാം ദിവസം കണ്ണടച്ചു.

സംസ്‌കാരയിലെ വിമതനും നിഷേധിയുമായ നാരാണപ്പയായത് ലങ്കേഷാണ്. കന്നടയുടെ കവി. നായകനെയും നയിച്ച നായകേതരസാന്നിദ്ധ്യമായി വെള്ളിത്തിരയില്‍ കത്തിനിന്നു ആ സാംസ്‌കാരികപ്രവര്‍ത്തകന്‍.

ലങ്കേഷ് പിന്നെ പത്രാധിപരുമായി. കന്നടത്തിലെ ആദ്യത്തെ ടാബ്ലോയ്ഡ് തുടങ്ങി ലങ്കേഷ് പത്രികെ. സോഷ്യലിസ്റ്റിന്റെ ടാബ്ലോയ്ഡ്. ലോഹൈറ്റിന്റെ ടാബ്ലോയ്ഡ്.

ആ ലങ്കേഷിന്റെ മകളാണ് ഇപ്പോള്‍ രക്തസാക്ഷിയായി ഇന്ത്യയുടെ തലയ്ക്കു മുകളില്‍ നില്‍ക്കുന്ന ഗൗരി. അച്ഛന്റെ വഴിയേ നടന്ന മകള്‍. കവിയുടെ സംസ്‌കാരപുത്രി. സോഷ്യലിസ്റ്റിന്റെ രാഷ്ട്രീയപുത്രി.

നാലു പതിറ്റാണ്ടു മുമ്പ് ഫാസിസത്തിന്റെ വേട്ടമൃഗപ്പട്ടികയില്‍ രാഷ്ട്രീയവും ജനാധിപത്യവും സംസ്‌കാരവുമൊക്കെയായിരുന്നു. ഉന്മൂലനപട്ടികയില്‍ ആളുകളേ മാറിയിട്ടുള്ളൂ അച്ഛന്റെയും സഖാക്കളുടെയും പേരുകള്‍ക്കു പകരം മകളുടെയും സഖാക്കളുടെയും പേരുകള്‍. തലമുറകള്‍ വരുന്നു, പോകുന്നു; ഇരുട്ടിന്റെയും വെളിച്ചത്തിന്റയും മഹായുദ്ധം തുടരുന്നു.അച്ഛന്റെ ദൗത്യം പിന്‍തുടര്‍ന്ന് മരിച്ചു വീണ മകളുടെ ചോരയാണ് ഇന്ത്യയ്ക്കു മുന്നില്‍.

സംസ്‌കാരയുടെ തിരശ്ശീലയില്‍ സ്‌നേഹലത തെളിഞ്ഞപ്പോള്‍ വീരകരഘോഷം മുഴക്കിയ കൗമാരക്കാരന്റെ കൈകള്‍ ലങ്കേഷിന്റെ മകളുടെ രക്തസാക്ഷിത്വത്തിനു മുന്നിലിതാ ഐക്യദാര്‍ഢ്യമുദ്രയുമായി ഉയരുന്നു.

ഗൗരീ ലങ്കേഷിന് ലാല്‍ സലാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News