
കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപ് 59 ദിവസത്തിന് ശേഷം പുറത്തിറങ്ങി. ഇടയ്ക്ക് കോടതിയില്‍ ഹാജരാക്കിയിരുന്നെങ്കിലും വ്യക്തിപരമോ കുടുംബപരമോ ആയ ആവശ്യത്തിനായി രണ്ട് മാസത്തിനിടെ ജയിലിന് പുറത്തെത്തുന്നത് ഇതാദ്യമായാണ്.
അച്ഛന്റെ ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച ശ്രാദ്ധ കര്‍മത്തില്‍ പങ്കെടുക്കാന്‍ മജിസ്‌ട്രേട്ട് കോടതി താല്‍ക്കാലിക അനുവാദം നല്‍കിയതോടെയാണ് താരം പുറത്തിറങ്ങിയത്.
ബുധനാഴ്ച രാവിലെ എട്ടു മുതല്‍ 10 വരെ ആലുവ മണപ്പുറത്തും വീട്ടിലും നടക്കുന്ന ചടങ്ങുകളില്‍ ദിലീപിനു പങ്കെടുക്കാം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്, കോടതിയുടെ അനുമതി ദുരുപയോഗം ചെയ്യരുത്, അന്വേഷണ ഉദ്യോഗസ്ഥന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കണം, ചെലവ് സ്വയം വഹിക്കണം തുടങ്ങിയ കര്‍ശന വ്യവസ്ഥകളും കോടതി മുന്നോട്ട് വെച്ചിട്ടുണ്ട്.
ആലുവ ഗസ്റ്റ് ഹൗസിന് സമീപമുള്ള ദിലീപിന്റെ വീട്ടിലായിരിക്കും ശ്രാദ്ധ ചടങ്ങുകള്‍. ആലുവ മണപ്പുറത്ത് ചടങ്ങില്‍ പങ്കെടുക്കാനും കോടതി അനുമതി നല്‍കിയിട്ടുണ്ട്. ആലുവ സബ് ജയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ ദൂരത്താണ് ദിലിപിന്റെ വീട്. കര്‍ശന സുരക്ഷ ക്രമീകരണങ്ങളാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സബ് ജയില്‍ സൂപ്രണ്ട് ദിലീപിനെ അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂര്‍ സി ഐ ബൈജു കെ പൗലോസിന് കൈമാറുയായിരുന്നു.
ആലുവ റൂറല്‍ എസ് പിക്കാണ് സുരക്ഷ മേല്‍ നോട്ട ചുമതല. രാവിലെ മുതല്‍ ദിലീപിന്റെ വീടും പരിസരവും ആലുവ മണപ്പുറവും പൊലീസിന്റെ കര്‍ശന നിരീക്ഷണത്തിലായിരുന്നു.
അതേസമയം ദിലീപിന്റെ റിമാന്റ് കാലാവധി 16 തീയതി വരെ കോടതി നീട്ടിയിരുന്നു. ഇതിനിടെ ദിലീപ് മൂന്നാംതവണയും ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. രണ്ടാംതവണയും ജാമ്യം നിഷേധിച്ച് ഏതാനും ദിവസങ്ങള്‍ക്കകം തന്നെയാണ് താരം വീണ്ടും ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുന്നത്. ഈ മാസം ഏഴിനോ അല്ലെങ്കില്‍ പന്ത്രണ്ടിനോ ജാമ്യപേക്ഷ സമര്‍പ്പിക്കാനാണ് സാധ്യത.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here