ഗുരുദേവ സന്ദേശങ്ങളെ വികൃതമാക്കുന്നതാരാണ്

ചിങ്ങമാസത്തിലെ ചതയദിനം ജനഹൃദയങ്ങളില്‍ ശ്രീനാരായണസ്മൃതി ഉണര്‍ത്തുന്നു; അതോടൊപ്പം, ഒരു മാതൃകാലോകത്തെക്കുറിച്ചുള്ള സ്വപ്നവും. സ്വപ്നങ്ങളാണ് ഭാവിയിലേക്ക് നീങ്ങാന്‍ ദിശാബോധം നല്‍കുന്നത്. ഏതു മഹാത്മാവിന്റെ സന്ദേശവും സ്വപ്നങ്ങളിലൂടെ തലമുറകളെ നയിക്കുന്നു.

ശ്രീനാരായണഗുരുവിന്റെ സന്ദേശത്തില്‍ ജാതിഭേദവും മതദ്വേഷവുമില്ലാത്ത ഒരു ലോകമാണുള്ളത്. ആ ലോകം സൃഷ്ടിക്കുന്നതിന് സ്വന്തം ജീവിതം അദ്ദേഹം സമര്‍പ്പിച്ചു. കുമാരനാശാന്റെ ഭാഷയില്‍ പറഞ്ഞാല്‍, “ആയുസ്സും വപുസ്സും ആത്മതപസ്സും അതിനുവേണ്ടി അദ്ദേഹം ബലിയര്‍പ്പിച്ചു”. 40 വര്‍ഷം വിശ്രമം എന്തെന്നറിയാതെ ജനങ്ങള്‍ക്കിടയില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. അതിന്റെ ഫലമായി കേരളീയ ജനത പ്രബുദ്ധതയിലേക്ക് ഉണരുന്നത് കണ്ടുകൊണ്ടാണ് ഗുരുദേവന്‍ ലോകത്തോട് വിടപറഞ്ഞത്.

എല്ലാ നിലയിലും ധന്യമായ ആ ജീവിതത്തിന്റെ കര്‍മമാര്‍ഗങ്ങള്‍ പലതായിരുന്നു. അതിലൊന്ന് പോരാളിയുടേതും. കാലം മുന്നോട്ടുപോകുന്നതിന് വിഘാതമായി നിന്ന ‘സ്മൃതി’യും അനാചാരങ്ങളും അവയ്ക്ക് ആധാരമായ അന്ധവിശ്വാസങ്ങളും അദ്ദേഹം നിരാകരിച്ചു. സമൂഹമധ്യേ ജാതിമതഭേദമില്ലാത്ത, തുല്യതയിലധിഷ്ഠിതമായ ഒരു ലോകത്തെ സംബന്ധിക്കുന്ന പ്രതീക്ഷയുടെ മാര്‍ഗദീപങ്ങള്‍ അദ്ദേഹം തെളിച്ചുവച്ചു. അദ്ദേഹം ഉപയോഗിച്ച ഭാഷ ലളിതമായിരുന്നു; സൌമ്യവും. എങ്കിലും അനാചാരത്തിന്റെ കോട്ടകളില്‍ ആ ഭാഷ അഗ്നിഗോളംപോലെയാണ് നിപതിച്ചത്.

സമൂഹത്തില്‍ നിലനിന്നിരുന്ന പലതരം അനാചാരങ്ങളെ നിര്‍മാര്‍ജനം ചെയ്യുന്നതിന് അദ്ദേഹം നേരിട്ടുപ്രവര്‍ത്തിക്കുകയാണ് ചെയ്തത്.ജനങ്ങള്‍ അന്ധതയില്‍നിന്ന് ഉണരാതെ പുരോഗതി സാധ്യമല്ലെന്ന് മനസ്സിലാക്കിയ ഗുരു, വിദ്യയുടെ സന്ദേശം എല്ലാ ഹൃദയങ്ങളിലും സന്ധ്യാദീപംപോലെ കൊളുത്തിവച്ചു. അതിന്റെ ഫലമായി സാക്ഷരത വര്‍ധിച്ചു. ജനഹൃദയങ്ങളില്‍ ആലോചനാശീലത്തിന്റെ ചലനങ്ങള്‍ ഉണര്‍ന്നു. ആ ചലനങ്ങള്‍ പ്രായോഗികതലത്തില്‍ സാക്ഷാല്‍കൃതമാകുന്നതിന് സംഘടനകളെ അദ്ദേഹം ഉപാധിയാക്കുകയും ചെയ്തു. അറിവാണ് സംഘടനാപ്രവര്‍ത്തനത്തെ സാര്‍ഥകമാക്കുന്നതെന്ന് അദ്ദേഹം തെളിയിച്ചു.
അറിവില്ലെങ്കില്‍ സംഘടനാപ്രവര്‍ത്തനം കാടത്തമായി മാറാമെന്ന് വര്‍ത്തമാനകാലം നമ്മെ പഠിപ്പിക്കുന്നു.

ഗുരുസന്ദേശങ്ങളുടെ കാതലായ അംശങ്ങള്‍ പലതും ഗുരുവിന്റെ പേരിലുള്ള സംഘടനകള്‍തന്നെ നശിപ്പിച്ചുകൊണ്ടിരിക്കുന്നതാണ് ഇന്നു നാം കാണുന്നത്.
ഒരിക്കല്‍ ഗുരുദേവന്‍ പറഞ്ഞു- “ഇപ്പോള്‍ കാണുന്ന മനുഷ്യനിര്‍മിതമായ ജാതിവിഭാഗത്തിന് ഒരു അര്‍ഥവുമില്ല; അത് അനര്‍ഥകവുമാണ്. അത് നശിക്കുകതന്നെ വേണം. മേല്‍ജാതിയെന്നും കീഴ്ജാതിയെന്നുമുള്ള വിചാരംതന്നെ ഇല്ലാതാക്കണം…”

സാമുദായികസംഗതികള്‍ മതത്തിനോ, മതം സാമുദായിക സംഗതികള്‍ക്കോ കീഴടങ്ങിയിരിക്കുന്നത് തെറ്റാണ്. സാമുദായികസംഗതികള്‍ക്കും മതത്തിനും തമ്മില്‍ സംബന്ധമൊന്നും പാടില്ല. മതം മനസ്സിന്റെ കാര്യമാണ്. ആരുടെയും മതസ്വാതന്ത്യ്രത്തെ തടയരുത്. പലതരക്കാരായ മനുഷ്യരുണ്ടല്ലോ. അവരില്‍ ഓരോരുത്തരുടെയും മനസ്സിന്റെ ഗതിക്കും വളര്‍ച്ചയ്ക്കുമനുസരിച്ച് ഭിന്നമതങ്ങള്‍ കൂടിയേതീരൂ. “എന്റെ മതം സത്യം, മറ്റുള്ളതെല്ലാം അസത്യം എന്നാരും പറയരുത്. സകല മതങ്ങളിലും സത്യമുണ്ട്”.

ഈ ആശയം ലഘുവായി വിശദീകരിച്ചശേഷം അദ്ദേഹം തുടര്‍ന്നു- “നാമായിട്ട് ഒരു പ്രത്യേക മതം സ്ഥാപിച്ചിട്ടില്ല. എല്ലാ മതങ്ങളും നമുക്ക് സമ്മതമാണ്. നാം ചില ക്ഷേത്രങ്ങള്‍ പ്രതിഷ്ഠിച്ചിട്ടുള്ളത് ഹിന്ദുക്കളില്‍ ചിലരുടെ ആഗ്രഹം അനുസരിച്ചാണ്. ഇതുപോലെ ക്രിസ്ത്യാനികള്‍, മുഹമ്മദീയര്‍ മുതലായ മറ്റു മതക്കാരും ആഗ്രഹിക്കുന്നപക്ഷം അവര്‍ക്കായും വേണ്ടത് ചെയ്യാന്‍ നമുക്ക് എപ്പോഴും സന്തോഷമാണുള്ളത്. നാം ജാതിമതങ്ങള്‍ വിട്ടിരിക്കുന്നു എന്നുപറയുന്നതിന് ഒരു ജാതിയോടും മതത്തോടും നമുക്ക് പ്രത്യേക മമതയില്ലെന്നുമാത്രമേ അര്‍ഥമുള്ളൂ” (‘സ്മരണമഞ്ജരി’- കുറ്റിപ്പുഴ കൃഷ്ണപിള്ള).

ഇതുപോലൊരു ചിന്താഗതിയില്‍ ജാതിബോധത്തിനോ മതദ്വേഷത്തിനോ സ്ഥാനമുണ്ടോ? ഇല്ലെന്നു പ്രത്യേകം പറയേണ്ടതില്ല. പക്ഷേ, ഗുരു സ്ഥാപിച്ചതും ഗുരുവിന്റെ നാമധേയത്തില്‍ ഉള്ളതുമായ സംഘടനകള്‍തന്നെ ഈ വിശുദ്ധമായ ആശയം തകര്‍ത്തുകൊണ്ടിരിക്കുന്നതല്ലേ ഇപ്പോള്‍ നാം കാണുന്നത്? സ്വന്തം ജാതിയെക്കുറിച്ച് അഭിമാനം കൊള്ളാനും അന്യജാതിക്കാരെ വൈരികളായി കാണാനുമുള്ള പ്രവണത അനുയായികളില്‍ വളര്‍ത്തുന്നതിന് അവര്‍ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. മതവിദ്വേഷത്തിന്റെ കാര്യം പറയുകയേ വേണ്ട. മാത്രമല്ല, മനുഷ്യപുരോഗതിക്ക് വിഘാതമായി നില്‍ക്കുന്ന അനേകം അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ശവക്കുഴികളില്‍നിന്ന് പൊക്കിയെടുത്ത് ജനങ്ങള്‍ക്കിടയില്‍ പ്രതിഷ്ഠിക്കാന്‍ അക്കൂട്ടര്‍ നിരന്തരം തുനിഞ്ഞുകൊണ്ടിരിക്കുന്നു.

ഈ ദുരവസ്ഥയല്ലേ ഇന്ന് നാലുപാടും നാം കാണുന്നത്. ജനഹൃദയങ്ങളെ കബളിപ്പിച്ച് നൂറ്റാണ്ടുകള്‍ പിറകോട്ടുനയിക്കുന്ന ഈ സമ്പ്രദായത്തിന്റെ ദുരിതഫലങ്ങള്‍ വര്‍ത്തമാനകാല ജീവിതത്തെ അളവില്ലാതെ വികൃതമാക്കിത്തീര്‍ത്തുകൊണ്ടിരിക്കുന്നു!

ഗുരുവിന്റെ മഹനീയ സന്ദേശങ്ങള്‍ ഇപ്രകാരം വികൃതമാക്കുന്നതിനെക്കുറിച്ച് ഗുരുഭക്തിയെന്നാണോ… ഗുരുനിന്ദയെന്നാണോ പറയേണ്ടത്? ഗുരുനിന്ദയെന്നാണ് പറയേണ്ടതെന്നുമാത്രമേ ആലോചനാശീലമുള്ള ഏത് മനസ്സും പറയുകയുള്ളൂ.

ആവര്‍ത്തിക്കട്ടെ, ഗുരുദേവന്‍ സ്ഥാപിച്ചതും ഗുരുദേവനാമത്തില്‍ സ്ഥാപിതവുമായ സംഘടനകളും സ്ഥാപനങ്ങളുംതന്നെ, അറിഞ്ഞോ അറിയാതെയോ ഈ ഗുരുനിന്ദയെന്ന പാപകര്‍മം തുടര്‍ന്നുകൊണ്ടിരിക്കുന്നുവെന്ന ദുഃഖകരമായ സത്യം ജനങ്ങള്‍ കണ്ണുതുറന്നുകാണണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ശ്രീനാരായണ സംഘടനകളെ നിക്ഷിപ്തതാല്‍പ്പര്യത്തിന്റെ പിടിയിലമരാനും അപഥസഞ്ചാരത്തിനിടയാക്കാനും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഉപയോഗപ്പെടുത്തുന്ന സമ്പ്രദായത്തിനെതിരെ പൊതുജനാഭിപ്രായം ഉയരണമെന്നാണ്, എളിയ ഗുരുഭക്തനെന്നനിലയില്‍ എനിക്ക് അഭ്യര്‍ഥിക്കാനുള്ളത്.
കുമാരനാശാന്റെ നാലുവരികള്‍ ഉദ്ധരിച്ചുകൊണ്ട് ഈ അഭ്യര്‍ഥന ഞാന്‍ ഉപസംഹരിക്കട്ടെ.

“സത്യം ശ്വസിച്ചും സമത്വമാര്‍ന്നും സ്നേഹ
സത്തുനുകര്‍ന്നും കൃതാര്‍ത്ഥരായി
സധര്‍മത്തിലൂടെ ചരിക്കട്ടെ മാനവ
രിദ്ധര സ്വര്‍ഗമായ്ത്തീര്‍ന്നിടട്ടെ”

ഈ വാക്കുകളിലൊതുങ്ങുന്നു ഗുരുസന്ദേശം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News