ദിലീപിന്റെ ‘സമയം’ കഴിഞ്ഞു; വീണ്ടും കാരാഗൃഹവാസം

കൊച്ചി: കോടതി ഇളവ് അനുവദിച്ചതിനെ തുടര്‍ന്ന് അച്ഛന്റെ ശ്രാദ്ധ കര്‍മങ്ങള്‍ക്കായി പുറത്തിറങ്ങിയ ദിലീപിനെ തിരികെ ജയിലിലെത്തിച്ചു. ശ്രാദ്ധ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കിയ ദിലീപ് ഒരു മണിക്കുറോളം വീട്ടില്‍ ചിലവഴിച്ചു. ഭാര്യ കാവ്യാമാധവന്‍ മകള്‍ മീനീക്ഷി, അമ്മ, സഹോദരന്‍ തുടങ്ങി അടുത്ത ബന്ധുക്കളെല്ലാം ആലുവയിലെ പത്മസരോവരമെന്ന വീട്ടിലുണ്ടായിരുന്നു.

രണ്ട് മണിക്കൂര്‍ നേരത്തേക്കാണ് കോടതി ദിലീപിന് ഇളവ് അനുവദിച്ചത്. 8 മണിക്ക് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ദിലീപിന് 10 മണിക്കകം ജയിലില്‍ തിരിച്ചെത്തിക്കണമെന്ന് കോടതി നിര്‍ദ്ദേശമുണ്ടായിരുന്നു. 9.55 ന് ദിലീപിനെ ജയിലില്‍ തിരികെയെത്തിച്ചു.

അച്ചന്‍ പത്മനാഭന്‍ പിള്ളയുടെ ശ്രാദ്ധ കര്‍മത്തില്‍ പങ്കെടുക്കാനായി അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് ദിലീപ് സബ്ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. കര്‍മങ്ങള്‍ക്കായി 4 മണിക്കൂര്‍ ഇളവാണ് ദിലീപ് ആവശ്യപ്പെട്ടിരുന്നത്. പ്രത്യേക അനുമതി തേടി ശനിയാഴ്ചയാണ് ദിലീപ് അങ്കമാലി കോടതിയില്‍ അപേക്ഷ നല്‍കിയത്.

ആലുവ ഗസ്റ്റ് ഹൗസിന് സമീപമുള്ള ദിലീപിന്റെ വീട്ടിലായിരുന്നു ശ്രാദ്ധ ചടങ്ങുകള്‍. ആലുവ മണപ്പുറത്ത് ചടങ്ങില്‍ പങ്കെടുക്കാനും കോടതി അനുമതി നല്‍കിയിട്ടുണ്ടായിരുന്നെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ അത് ഒഴിവാക്കുകയായിരുന്നു. ദിലീപിനൊപ്പം മകള്‍ മീനാക്ഷിയും സഹോദരന്‍ അനൂപും കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി.

ആലുവ സബ് ജയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ ദൂരത്താണ് ദിലിപിന്റെ വീട്. കര്‍ശന സുരക്ഷ ക്രമീകരണങ്ങളാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആലുവ റൂറല്‍ എസ് പിക്കായിരുന്നു ദിലീപിന്റെ സുരക്ഷ മേല്‍ നോട്ട ചുമതല. രാവിലെ മുതല്‍ ദിലീപിന്റെ വീടും പരിസരവും ആലുവ മണപ്പുറവും പൊലീസിന്റെ കര്‍ശന നിരീക്ഷണത്തിലായിരുന്നു. ദിലീപിന്റെ അടുത്ത ബന്ധുക്കളെ മാത്രമാണ് വീടിന് ഉള്ളിലേക്ക് പ്രവേശിപ്പിച്ചത്.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപ് ഇനി എന്ന് വെളിച്ചം കാണുമെന്ന കാര്യത്തിലും ഉറപ്പില്ല. ഹൈക്കോടതിയിലടക്കം ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും ഫലമുണ്ടായില്ല. ഇന്ന് രാവിലെ എട്ട് മണിക്ക് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ദിലീപ് പത്ത് മിനിട്ടിനകം ആലുവയിലെ പത്മസരോവരത്തിലെത്തി. അരമണിക്കൂര്‍ സമയം കൊണ്ട് അച്ഛന്റെ ശ്രാദ്ധചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ദിലീപ് പിന്നീടുള്ള ഒരു മണിക്കൂര്‍ സമയം കാവ്യയ്ക്കും മീനാക്ഷിയ്ക്കുമൊപ്പം ചെലവഴിക്കുകയായിരുന്നു. ഒടുവില്‍ രണ്ട് മണിക്കൂര്‍ പൂര്‍ത്തിയാക്കി ജയിലിലേക്ക് മടങ്ങാന്‍ നേരം ശോകമൂകമായിരുന്നു പത്മസരോവരത്തിലെ കാഴ്ച.

കര്‍ശന നിബന്ധനകളോടെയാണ് കോടതി ദിലീപിന്റെ ഹര്‍ജിയില്‍ ഇളവ് അനുവദിച്ചത്. പൊലീസ് ഉദ്യോസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കണം, അനുമതി ദുരുപയോഗം ചെയ്യരുത്, ചെലവുകള്‍ സ്വയം വഹിക്കണം എന്നീ നിര്‍ദ്ദേശങ്ങള്‍ കോടതി നല്‍കിയിട്ടുണ്ട്.

ദിലീപിന്റെ റിമാന്റ് കാലാവധി 16 തീയതി വരെ കോടതി നീട്ടിയിരുന്നു. ഇതിനിടെ ദിലീപ് മൂന്നാംതവണയും ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. രണ്ടാംതവണയും ജാമ്യം നിഷേധിച്ച് ഏതാനും ദിവസങ്ങള്‍ക്കകം തന്നെയാണ് താരം വീണ്ടും ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുന്നത്. ഈ മാസം ഏഴിനോ അല്ലെങ്കില്‍ പന്ത്രണ്ടിനോ ജാമ്യപേക്ഷ സമര്‍പ്പിക്കാനാണ് സാധ്യത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News