ജനാധിപത്യത്തിന്റെ കൊലപാതകം; ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധം ശക്തമാകുന്നു

ബെംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും സാമൂഹ്യപ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിലെ ഞെട്ടലിലാണ് രാജ്യം. സ്വവസതിയില്‍ വെടിയേറ്റ് മരിച്ച ഗൗരിക്ക് വേണ്ടി രാജ്യവ്യാപക പ്രതിഷേധം ശക്തമാകുകയാണ്. സംഘപരിവാറിന്റെ ഫാസിസത്തിന്റെ അവസാന ഇരയെന്നാണ് ഗൗരിയുടെ കൊലപാതകത്തെ രാഷ്ട്രീയ ലോകം വിലയിരുത്തുന്നത്.

മതേതര ശക്തികള്‍ ഒന്നിച്ച് പ്രതികരിക്കണമെന്ന് സി പി ഐ എം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പ്രതികരിച്ചത്. ജനാധിപത്യത്തിന്റെ കൊലപാതകമാണെന്നാണ് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചത്. കുറ്റവാളികളെ എത്രയും വേഗം പിടികൂടണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു. സത്യത്തെ ഒരിക്കലും നിശബ്ദമാക്കാനാകില്ലെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

കേരള മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഗൗരിയുടെ കൊലപാതകത്തില്‍ ഇന്നലെതന്നെ നടുക്കം രേഖപ്പെടുത്തിയിരുന്നു. കല്‍ബുര്‍ഗിയുടെ കൊലപാതകവുമായി ഇതിന് സാമ്യമുണ്ടെന്നായിരുന്നു പിണറായി വ്യക്തമാക്കിയത്. കര്‍ണാടക സര്‍ക്കാര്‍ എത്രയും വേഗം കുറ്റവാളികളെ കണ്ടെത്തുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഗൗരി ലങ്കേഷിന്റെ കൊലപാതകം ആസൂത്രിതമാണന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. അന്വേഷണം തുടങ്ങിയെന്നും കുറ്റവാളികളെ ഉടന്‍ കണ്ടെത്തുമെന്നും ആഭ്യന്തരമന്ത്രി ഉറപ്പു നല്‍കി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഗൗരി ലങ്കേഷിന്റെ സഹോദരന്‍ ഇന്ദ്രജിത്ത് ലങ്കേഷ് രംഗത്തെത്തി.

കൊലപാതകത്തെ തുടര്‍ന്ന് ബെംഗളൂരു നഗരത്തില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. ഇന്നലെ രാത്രി ബൈക്കിലെത്തിയ അക്രമി സംഘമാണ് ഗൗരി ലങ്കേഷിനെ വെടിവെച്ചുകൊന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News