ഗൗരി ലങ്കേഷ് സംഘപരിവാറിന്റെ വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ ശക്തമായി പ്രതികരിച്ച വ്യക്തി: മരണത്തില്‍ നടുക്കം രേഖപ്പെടുത്തി ജിഗ്‌നേഷ് മേവാനിയും ഉമര്‍ഖാലിദും കനയ്യകുമാറും

ദില്ലി: സംഘപരിവാര്‍ അനുഭാവികളുടെ വെടിയേറ്റ് മരിച്ച മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ മരണത്തില്‍ നടുക്കം രേഖപ്പെടുത്തി ജിഗ്‌നേഷ് മേവാനിയും ഉമര്‍ഖാലിദും കനയ്യകുമാറും ഷെഹ്‌ല റാഷിദും.

സംഘപരിവാറിന്റെ വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ ശക്തമായി പ്രതികരിച്ച വ്യക്തിയായിരുന്നു ഗൗരി ലങ്കേഷെന്ന് ജിഗ്‌നേഷ് മേവാനി പറഞ്ഞു. ഫാസിസ്റ്റ് ശക്തികള്‍ എല്ലാ എതിര്‍പ്പുകളെയും ഇല്ലാതാക്കികൊണ്ടിരിക്കുകയാണ്. സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ പ്രതികരിക്കാന്‍ ഗൗരി ഭയപ്പെട്ടിരുന്നില്ലയെന്നും അതിന്റെ ഫലമാണ് കൊലപാതകമെന്നും ജിഗ്‌നേഷ് പറഞ്ഞു.

ഗൗരി ലങ്കേഷ് മരിക്കില്ലെന്നും പോരാടാനുള്ള ദൃഢനിശ്ചയത്തെ ഇത് ശക്തിപ്പെടുത്തുമെന്നും കനയ്യകുമാര്‍ പറഞ്ഞു. വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്ക് എന്നും പിന്തുണ നല്‍കിയ വ്യക്തിത്വമായിരുന്നു അവരെന്നും കനയ്യ പറഞ്ഞു.


ഗൗരിയുടെ കൊലപാതകത്തില്‍ ഹിന്ദുത്വ സംഘപരിവാര്‍ ശക്തികളുടെ പങ്ക് അന്വേഷിക്കണമെന്ന് ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് ഷെഹ്‌ല റാഷിദ് ആവശ്യപ്പെട്ടു. ഇത്തരം കൊലപാതകത്തില്‍ അന്വേഷണം നടത്താന്‍ ഒരു സംഘടനയും തയ്യാറാവില്ലെന്നത് ദുഃഖകരമാണെന്നും ഷെഹ്‌ല പറഞ്ഞു.

ജെഎന്‍യുവിലെ വിദ്യാര്‍ഥി പോരാട്ടങ്ങളെ എന്നും പിന്തുണയ്ക്കുന്ന വ്യക്തിയായിരുന്നു ഗൗരിയെന്നും മാധ്യമപ്രവര്‍ത്തകയേക്കാളുപരി ബന്ധം തങ്ങള്‍ക്കും അവരുമായി ഉണ്ടായിരുന്നുവെന്നും ഉമര്‍ ഖാലിദ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News