ബംഗളുരു: സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ നിരന്തരം വിമര്‍ശനവുമാി കളം നിറഞ്ഞിരുന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതക വാര്‍ത്ത രാജ്യം ഞെട്ടലോടെയാണ് കേട്ടത്. എന്നാല്‍ ഗൗരിയെ ക്രൂരമായി വെടിവച്ച് കൊന്നതില്‍ ആഹ്ലാദിച്ചും അവരെ പരിഹസിച്ചും ആക്ഷേപിച്ചും സംഘപരിവാറുകാര്‍ രംഗത്തെത്തി. മാധ്യമപ്രവര്‍ത്തകരാണ് ഇത്തരം ക്യാംപെയിന് നേതൃത്വം കൊടുക്കുന്നതെന്നതാണ് ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യം.
സീ ന്യൂസിലെ ജാഗ്രതി ശുക്ല അടക്കമുള്ള മാധ്യമപ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് സോഷ്യല്‍മീഡിയയിലൂടെയുള്ള ആഹ്ലാദ പ്രകടനങ്ങളും അധിക്ഷേപ പരാമര്‍ശങ്ങളും.
ഗൗരിയെ കൊന്നത് സന്തോഷിക്കേണ്ട കാര്യമാണെന്നും ഹിന്ദുരാഷ്ട്രം വിജയിക്കട്ടെ എന്നുമായിരുന്നു സംഘപരിവാര്‍ പ്രവര്‍ത്തകരും അനുകൂലികളുമായവരുടെ കമന്റുകളില്‍ പലതും. മാര്‍ക്സിസ്റ്റ് ശൂര്പ്പണകയെന്നും ഗൗരിയെ ഇവര്‍ വിശേഷിപ്പിക്കുന്നു. നിങ്ങളുടെ പ്രവൃത്തി നിങ്ങളെ വേട്ടയാടിയെന്നും ദയാരഹിതമായി ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടു എന്നുമാണ് സീ ന്യൂസിലെ ജാഗ്രതി ശുക്ല കുറിച്ചിരിക്കുന്നത്.
കമ്മി എന്നാണ് ഗൗരിയെ ജാഗ്രതി മറ്റൊരു ട്വീറ്റില്‍ വിശേഷിപ്പിച്ചത്. കമ്മി ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിരിക്കുന്നു. നിങ്ങളുടെ പ്രവൃത്തികളാണ് നിങ്ങളെ വേട്ടയാടിയതെന്നും ‘ആമേന്‍’ എന്നും ജാഗ്രതി കുറിച്ചു. ‘ബ്ലഡി റെവലൂഷനില്‍’ വിശ്വസിക്കുന്നവര്‍ ഇപ്പോള്‍ ദു:ഖിക്കുകയാണെന്നും. അവസാന നിമിഷം നിങ്ങള്‍ക്കെന്താണ് തോന്നുന്നതെന്ന പരിഹാസവും സംഘികള്‍ നടത്തുന്നു.
പ്രമുഖ കന്നഡ പത്രമായ വിശ്വവാണിയിലെ പ്രമുഖ മാധ്യമപ്രവര്ത്തകന് വിശ്വേശ്വര്‍ ഭട്ട് നക്സല്‍ അനുഭാവിയായ മാധ്യമപ്രവര്‍ത്തക വീട്ടില്‍ വെടിയേറ്റ് മരിച്ചെന്നായിരുന്നു ട്വിറ്റില്‍ കുറിച്ചത്. ഗൗരിയുടെ കൊലപാതകത്തില്‍ രാജ്യമാകെ പ്രതിഷേധം ഉയരുന്നതിനിടെയാണ് സംഘി മാധ്യമപ്രവര്‍ത്തകരുടെ ആഘോഷമെന്നത് ശ്രദ്ധേയമാണ്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here