ആ അത്തപ്പൂക്കളം സ്വാതിയുടേത്; മൂന്നാം ക്ലാസുകാരിക്ക് സന്തോഷിക്കാന്‍ സുമനസ്സുകളുടെ സഹായപ്രവാഹം

തിരുവനന്തപുരം: ചെറ്റക്കുടിലിന് മുന്നില്‍ ഇല്ലായ്മയുടെ പൂക്കളമിട്ട് ഫോട്ടോയ്ക്ക് പോസ് ചെയ്ത് നില്‍ക്കുന്ന ആ പെണ്‍കുട്ടിയെ ആര്‍ക്ക് മറക്കാനാവും? ആഡംബര സമൃദ്ധമായ ഓണക്കാഴ്ച്ചകള്‍ക്കിടെ ഫേസ്ബുക്കിലും വാട്‌സാപ്പിലും എല്ലാവരുടെയും കണ്ണു നനയിപ്പിച്ച് ആ ഫോട്ടോ എത്തിയപ്പോഴായിരിക്കും ഇവിടുത്തെ പാവങ്ങളുടെ ശരിയായ ഓണത്തെക്കുറിച്ച് ചിലരെങ്കിലും കണ്ണു തുറന്നിട്ടുണ്ടാവുക.

അത്രയും വിനീതവും ലളിതവുമായ ഒരു പൂക്കളവും വീടും മലയാളിക്ക് ഇക്കാലത്ത് അതുപോലെ ഇനി വേറെ കാണാനുണ്ടാവില്ല. നിഷ്‌ക്കളങ്കമായ ആ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പെണ്‍കുട്ടിയെക്കുറിച്ചുള്ള അന്വേഷണത്തിലായി ചിലരെങ്കിലും. അജ്ഞാതയായ ആ പെണ്‍കുട്ടിക്ക് നിര്‍ലോഭമായ സഹായം വാഗ്ദാനം ചെയ്ത് പോസ്റ്റുകള്‍ പ്രവഹിച്ചു. പെണ്‍കുട്ടിയെ കണ്ടെത്തിയാല്‍ വീട് വെച്ച് നല്‍കാമെന്ന് വരെ സന്ദേശമുണ്ടായി. വിദേശത്തു നിന്നുവരെ ആളുകള്‍ പരസ്പരം വിളിച്ച് ചോദിച്ചുകൊണ്ടിരുന്നു ആരാണ് ആ പെണ്‍കുട്ടി? എവിടെയാണ് അവളുടെ വീട്, നാട്?

തിരുവോണവും നാലം ഓണവും കഴിഞ്ഞിട്ടും പെണ്‍കുട്ടി അജ്ഞാതയായി തന്നെ തുടര്‍ന്നു. ഒടുവില്‍ ആരുടെയോ ഫോണ്‍ സന്ദേശത്തിലൂടെ പെണ്‍കുട്ടിയുടെ ബന്ധുക്കളില്‍ ഒരാളുടെ മൊബൈല്‍നമ്പര്‍ കിട്ടിയതോടെയാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. അത് തിരുവനന്തപുരം ഭരതന്നൂര്‍ അംബേദ്ക്കര്‍ കോളനിയിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി സ്വാതിയുടെ അത്തപ്പൂക്കളമായിരുന്നു.
കോളനിയുടെയും ഒരു നാടിന്റെയും ഇല്ലായ്മയുടെ അരളിപ്പൂക്കളം. മലയാളി ലക്ഷങ്ങള്‍ പൂക്കളത്തിന് വേണ്ടി മാത്രം പൊടിച്ചുകളയമ്പോള്‍ വീട്ടുമുറ്റത്തെ അരളിയും ചെണ്ടുമല്ലിയും കോസ്മസും കൊണ്ട് മണ്‍കോലത്തിനൊപ്പം സ്വാതി ഇട്ട പൂക്കളം മലയാളി കാണാതെ പോകുന്ന ഒരു നാടിന്റെ വിലാപം കൂടി കേള്‍പ്പിക്കുകയായിരുന്നു.

ഭരതന്നൂര്‍ അംബേദ്ക്കര്‍ കോളനിയിലെ കൂലിപ്പണിക്കാരായ കുമാറിന്റെയും ബീനയുടെയും ഏക മകളാണ് ഭരതന്നൂര്‍ സ്‌ക്കൂളില്‍ തന്നെ മൂന്നാം തരത്തില്‍ പഠിക്കുന്ന സ്വാതി. മഴയൊന്ന് അമര്‍ന്ന് പെയ്താല്‍ നിലം പൊത്തിയേക്കാവുന്ന ഓലപ്പുരയാണ് ഇവരുടെ വീട്. സര്‍ക്കാരിന് വീട് വയ്ക്കാനുള്ള നിരവധി സഹായ പദ്ധതികളുണ്ടെങ്കിലും ഒന്നും ഇവരെ തേടിയെത്തിയിട്ടില്ല. ഇവര്‍ക്ക് സ്വന്തമായി റേഷന്‍ കാര്‍ഡ് പോലുമില്ല. ജീവിതത്തില്‍ വേറെ ഒരു അത്താണിയുമില്ല. അന്നന്നത്തെ കൂലിപ്പണികൊണ്ടാണ് അത്താഴം. അല്ലെങ്കില്‍ പട്ടിണി. ഇത് സ്വാതിയുടെ ഒരു വീടിന്റെ അവസ്ഥയല്ല. കോളനിയിലെ ഏതാണ്ടെല്ലാ കുടുംബങ്ങളുടെയും ജീവിതാവസ്ഥയാണ്. ഈ കൊച്ചു പെണ്‍കുട്ടിയുടെ പൂക്കളം അതിനൊരു നിമിത്തമായെന്ന് മാത്രം.

കുട്ടിയുടെ അച്ഛനും അമ്മയ്ക്കും മൊബൈല്‍ ഫോണില്ല. ബന്ധുവായ മനോജ് എടുത്തതാണ് ഫോട്ടോ. ഫോട്ടോ എങ്ങനെയോ വാട്‌സാപ്പ് വഴി പ്രചരിക്കുകയായിരുന്നു. ചാത്തന്നൂര്‍ സ്വദേശി മാളൂ ട്രാവല്‍സ് ഉടമ മോഹന്‍ലാല്‍ ഈ ഫോട്ടോ ഫേസ്ബുക്കിലിട്ടതോടെ രണ്ട് സ്ത്രീകള്‍ കുട്ടിക്ക് വീട് വെച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് രംഗത്ത് വന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞത്. കുട്ടിയെ സഹായിക്കാമെന്ന് പറഞ്ഞ് ചുരുങ്ങിയത് എണ്ണായിരം കോളെങ്കിലും വന്നുവെന്ന് മോഹന്‍ലാല്‍ കൈരളി ന്യൂസിനോട് പറഞ്ഞു. ഒടുവില്‍ ഫോണ്‍ സ്വിച്ച് ഓഫാക്കി ബന്ധു മനോജിന്റെ ഫോണ്‍ നമ്പര്‍ ഫേസ് ബുക്കിലിടുകയായിരുന്നു. കഴിഞ്ഞ ദിവസം ഏറണാകുളത്ത് നിന്ന് ഒരു സംഘം ഭരതന്നൂറിലെ ഈ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശ്ശിച്ചു.

ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനി വീട് വയ്ക്കാനുളള ഉല്‍പ്പന്നങ്ങള്‍ നല്‍കാമെന്ന് ഏറ്റിട്ടുണ്ട്. ഈ ഓണത്തിന് ഇങ്ങനെയൊരു നല്ല കാര്യത്തിന് കൂട്ടു നില്‍ക്കാനായതിന്റെ നിര്‍വൃതി ചെറുതല്ലെന്ന് പറയുകയാണ് മോഹന്‍ലാല്‍. എന്നാല്‍ ഓണം കഴിയുന്നതോടെ എല്ലാവരും സംഭവം മറക്കുമോ എന്ന ആധിയും അദ്ദേഹത്തിനുണ്ട്. സര്‍ക്കാര്‍ സംവിധാനം ഇക്കാര്യത്തില്‍ മുന്നിട്ടിറങ്ങണമെന്ന് ആവശ്യവും ഉയരുന്നുണ്ട്. കുട്ടിയുടെ ബന്ധു മനോജിന്റെ 9048996609 എന്ന ഫോണ്‍ നമ്പറിലേക്ക് സഹായ മനസ്സുള്ളവര്‍ക്ക് ഇനിയും വിളിക്കാവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here