‘വേട്ടയാടുന്നത് മോദി ഭക്തന്‍മാരും ഹിന്ദുത്വ തീവ്രവാദികളും’; മരണത്തെ മുന്നില്‍ കണ്ട് ഗൗരി ലങ്കേഷ് അന്ന് പറഞ്ഞത്

തിരുവനന്തപുരം: ഗൗരി ലങ്കേഷ് തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ അചഞ്ചലമായ നിലപാട് സ്വീകരിച്ച മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയുമായിരുന്നു. ‘മോഡി ഭക്തന്‍മാരും ഹിന്ദുത്വ തീവ്രവാദികളും തന്നെ ലക്ഷ്യമിടുന്നു’ എന്ന് ഗൗരി ലങ്കേഷ് തിരിച്ചറിഞ്ഞിരുന്നു. പ്രതികരിച്ചിരുന്നു.

സംഘപരിവാര്‍ തന്നെ ലക്ഷ്യമിടുന്ന വിവരം ഗൗരി ലങ്കേഷ് പല തവണ വ്യക്തമാക്കിയിട്ടുമുണ്ട്. ഭീഷണികളെക്കുറിച്ച് ‘ലങ്കേഷ് പത്രിക’യിലും മറ്റ് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളിലും ഗൗരി പരാമര്‍ശിച്ചു.

കഴിഞ്ഞ വര്‍ഷം നവംബറില്‍ അപകീര്‍ത്തിക്കേസില്‍ കോടതി ഗൗരിയ്‌ക്കെതിരെ ശിക്ഷ വിധിച്ചു. 10,000 രൂപ പിഴയും ആറ് മാസം തടവുമായിരുന്നു ശിക്ഷ. ബിജെപി എംപി പ്രഹ്ലാദ് ജോഷിയും മറ്റൊരു നേതാവ് ഉമേഷ് ദുഷി എന്നിവര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നായിരുന്നു ശിക്ഷാവിധി. 2008ല്‍ സ്വര്‍ണവ്യാപാരിയില്‍ നിന്നും മൂന്ന് ബിജെപി നേതാക്കള്‍ ഒരു ലക്ഷം രൂപ തട്ടിയെടുത്തെന്ന വാര്‍ത്തയായിരുന്നു കേസിനാധാരം. എന്നാല്‍ മറ്റ് പത്രങ്ങള്‍ ഇതേ വാര്‍ത്ത നല്‍കിയിട്ടും തന്നെ ലക്ഷ്യമിടാന്‍ കാരണം രാഷ്ട്രീയ നിലപാടാണെന്ന് ഗൗരി ചൂണ്ടിക്കാട്ടി.

‘ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെയും ജാതീയതയ്‌ക്കെതിരെയുമുള്ള എന്റെ വിമര്‍ശനം എനിക്ക് ഹിന്ദു വിരോധി എന്ന പേര് ചാര്‍ത്തിത്തന്നിരിക്കുകയാണ്. പക്ഷെ അതെന്റെ ഭരണാഘടനാപരമായ കടമയാണെന്ന് ഞാന്‍ കരുതുന്നു. ബസവണ്ണയെയും ഡോ.അംബേദ്കറെയും പോലെ എന്റെ ചെറുതായ മാര്‍ഗത്തിലൂടെ സ്ഥിതിസമത്വപൂര്‍ണമായ ഒരു സമൂഹത്തിന് വേണ്ടിയാണ് എന്റെ പോരാട്ടം. ഹിന്ദുരാഷ്ട്രവാദത്തേയും ഇപ്പോള്‍ അതിന്റെ പരമോന്നത നേതാവായ നരേന്ദ്ര മോദിയെയും എതിര്‍ക്കുന്നവരെ കൊന്നുതള്ളുകയാണ്. എംഎം കല്‍ബുര്‍ഗി, യുആര്‍ അനന്തമൂര്‍ത്തി, നരേന്ദ്ര ധബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ വധങ്ങള്‍ ആഘോഷിക്കുകയും പ്രതികള്‍ നിയമത്തിനുമുന്നില്‍ പോലും എത്താതിരിക്കുകയുമാണ്. ഈ തീവ്രഹിന്ദുവാദികളും ഹിന്ദുത്വ ബ്രിഗേഡുമാണ് എന്നെ വേട്ടയാടാന്‍ ശ്രമിക്കുന്നത്.’

അപകീര്‍ത്തിക്കേസില്‍ താന്‍ ശിക്ഷിക്കപ്പെട്ട വാര്‍ത്ത വന്നതിനെത്തുടര്‍ന്ന് ട്വിറ്റര്‍ പ്രതികരണങ്ങളുണ്ടായപ്പോള്‍തന്നെ മരണം പതിയിരിക്കുന്നതായി ഗൗരി മനസിലാക്കി. സമൂഹത്തോട് തന്നെ ആ അപായ മണം പങ്കുവച്ചു.

മോദി ഭക്തന്‍മാരെയും ഹിന്ദുത്വ തീവ്രവാദികളെയും വിമര്‍ശിക്കുന്നവര്‍ക്കെതിരെ കടുത്ത അസഹിഷ്ണുത വെറുപ്പായി ഗൗരിക്കെതിരെ ട്വീറ്റുകളില്‍ പ്രകടമായി. പുരോമഗന ചിന്തയ്ക്കും മാധ്യമപ്രവര്‍ത്തനത്തിനും കടുത്ത വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഫാസിസ്റ്റ് സമീപനം ഗൗരി സുവ്യക്തമായി തിരിച്ചറിഞ്ഞു. ഇന്ത്യാ രാജ്യത്ത് ഈ കരിനിഴല്‍ തന്നെ ഭയപ്പെടുത്തിയതായി അവര്‍ തുറന്നു പറഞ്ഞു. നമ്മുടെ രാജ്യത്തെ നാലാം തൂണായ ആവിഷ്‌കാര സ്വാതന്ത്ര്യം വ്യക്തിപരമായി മാത്രമല്ല, വിശാലമായ പശ്ചാത്തലത്തിലും ആക്രമിക്കപ്പെടുകയാണെന്ന് ഗൗരി ലങ്കേഷ് ഇന്ത്യയോട് വിളിച്ചു പറഞ്ഞു.

2005 മുതല്‍ ഗൗരി ‘ലങ്കേഷ് പത്രിക’യുടെ എഡിറ്ററായിരുന്നു. ഗൗരിയെ പടിഞ്ഞാറന്‍ ബംഗളൂരുവിലെ രാജരാജേശ്വരി നഗറിലുള്ള വീട്ടില്‍ വച്ചാണ് കൊലപ്പെടുത്തിയത്. കൊലപാതകമാണെന്ന് ബംഗളൂരു പൊലീസ് സ്ഥിരീകരിച്ചു. കൊല്ലാനായി ഏഴ് തവണ വെടിയുതിര്‍ത്തു. മൂന്ന് വെടിയുണ്ടകള്‍ ഗൗരിയുടെ ശരീരത്ത് കൊണ്ട് തല്‍ക്ഷണം മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

അത്ര നിസാരമല്ല ലോകത്തിലെ തന്നെ ജനാധിപത്യ ശ്രീകോവിലില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന കാടത്തം. തിരിച്ചറിയാന്‍ ഇനിയും വൈകരുതെന്ന വലിയ സന്ദേശം ജീവന്‍കൊണ്ട് ഇന്ത്യാക്കാരോട് പറഞ്ഞാണ് ഗൗരി ലങ്കേഷ് ചരിത്രമായിരിക്കുന്നത്. കേരളത്തെ കൊതിയോടെ ആഗ്രഹിക്കുന്നതായും ആ മണ്ണിന്റെ സ്‌നേഹത്തെ സമത്വത്തെ തന്റെ നാട്ടിലിരുന്ന് അത്ഭുതത്തോടെ കാണുകയാണെന്നുംകൂടി അവസാന നാളുകളില്‍ കുറിച്ചിടാന്‍ ആ സര്‍ഗ്ഗപ്രതിഭ മറന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News