ഗൗരി ലങ്കേഷ് കൊലപാതകക്കേസ് അന്വേഷണത്തിന് പ്രത്യേകസംഘം; കര്‍ണാടക സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി ആഭ്യന്തര മന്ത്രാലയം

ദില്ലി: ഗൗരി ലങ്കേഷിന്റെ കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ആവശ്യമെങ്കില്‍ അന്വേഷണം സിബിഐയെ ഏല്‍പ്പിക്കാന്‍ തയ്യാറാണെന്നും സിദ്ധരമായ്യ മാധ്യമങ്ങളെ അറിയിച്ചു. അന്വേഷണത്തിന് പൊലീസിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു.

അതേസമയം, സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കര്‍ണാടക സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. ആഭ്യന്തരമന്ത്രി രാജ്‌നാഥിന്റെ നിര്‍ദേശപ്രകാരമാണ് വിശദീകരണം തേടിയത്.

ഇതിനിടെ സംഭവത്തില്‍ ബിജെപിക്കോ അനുബന്ധ സംഘടനകള്‍ക്കോ പങ്കില്ലെന്ന് വിശദീകരിച്ച് മന്ത്രി നിതിന്‍ ഗഡ്കരി രംഗത്തെത്തി.കര്‍ണാടക ഭരിക്കുന്നത് കോണ്‍ഗ്രസ് ആണെന്നും ക്രമസമാധാന നില പാലിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും ഗഡ്കരി പറഞ്ഞു. തങ്ങള്‍ക്കെതിരെ സംസാരിക്കുന്നവരെ കൊല്ലാന്‍ പോലും മടിക്കില്ലെന്നാണ് ബിജെപിയുടെ നിലപാടെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയോടാണ് ഗഡ്കരിയുടെ പ്രതികരണം.

അതേസമയം, ഗൗരിയുടെ വീടിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗൗരിക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട മറ്റൊരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചിക്കമംഗളൂര്‍ സ്വദേശിയെയാണ് കസ്റ്റഡിയിലായത്.

ലങ്കേഷ് പത്രികയുടെ എഡിറ്ററായിരുന്ന ഗൗരി കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെയാണ് വെടിയേറ്റ് മരിച്ചത്. വീട്ടിലേക്ക് വന്ന ഗൗരി കാറില്‍ നിന്നും ഇറങ്ങുമ്പോഴാണ് വെടിയേറ്റത്. ഏഴുവട്ടമാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. ഇതില്‍ നാല് വെടിയുണ്ടകള്‍ വീടിന്റെ ഭിത്തിയിലാണ് തറച്ചത്. മൂന്നെണ്ണം ഗൗരിയുടെ ദേഹത്തും. രണ്ട് വെടിയുണ്ടകള്‍ നെഞ്ചിലും ഒന്ന് നെറ്റിയിലും. തല്‍ക്ഷണം മരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News