സംസ്ഥാനവികസനത്തിന് രാഷ്ട്രീയം തടസമാവില്ലെന്ന് മുഖ്യമന്ത്രി പിണറായിയും മന്ത്രി കണ്ണന്താനവും

ദില്ലി: കേരളത്തിന്റെ വികസനത്തിന് രാഷ്ട്രീയം തടസമാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും. ദില്ലി കേരളാ ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ സംസ്ഥാനത്തിന്റെ വികസനപദ്ധതികള്‍ ഇരുവരും വിലയിരുത്തി.

ഗവി-വാഗമണ്‍-തേക്കടി ഇക്കോ സര്‍ക്യൂട്ട്, ശബരിമല-എരുമേലി-പമ്പ-സന്നിധാനം ആത്മീയ സര്‍ക്യൂട്ട്, ശ്രീ പത്മനാഭ-ആറന്‍മുള-ശബരിമല സര്‍ക്യൂട്ട്, മലനാട്-മലബാര്‍ ക്രൂസ് സര്‍ക്യൂട്ട്, അതിരപ്പിളളി-മലയാറ്റൂര്‍-കാലടി-കോടനാട് സര്‍ക്യൂട്ട്, നിള ഗ്രാമീണ ടൂറിസം പദ്ധതി, കേരള തീരദേശ സര്‍ക്യൂട്ട്, ഹൈവേ ടോയിലറ്റ് പദ്ധതി തുടങ്ങി പദ്ധതികള്‍ ഇരുവരും ചര്‍ച്ച ചെയ്തു.

ഈ പദ്ധതികള്‍ ഘട്ടം ഘട്ടമായി നടപ്പാക്കാന്‍ വേണ്ടത് ചെയ്യുമെന്നും കൂടിക്കാഴ്ചയില്‍ തീരുമാനമായി. പിണറായി വിജയന്‍ മുന്നോട്ട് വച്ച മുഴുപ്പിലങ്ങാട് ടൂറിസം പദ്ധതിയ്ക്ക് കേന്ദ്രമന്ത്രി തത്വത്തില്‍ അംഗീകാരം നല്‍കി. കേരളത്തിനായി ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രിയ്ക്ക് കണ്ണന്താനം ഉറപ്പും നല്‍കി.

ടൂറിസം വകുപ്പിന്റെ സ്വതന്ത്രചുമലയുള്ള സഹമന്ത്രിയായി സ്ഥാനമേറ്റ് ശേഷം ആദ്യമായാണ് കണ്ണന്താനവും പിണറായി വിജയനും തമ്മിലുള്ള കൂടിക്കാഴ്ച്ച നടക്കുന്നത്. സിപിഐഎം പോളിറ്റ് ബ്യൂറോയോഗത്തില്‍ പങ്കെടുക്കാന്‍ ദില്ലിയിലെത്തിയതായിരുന്നു പിണറായി വിജയന്‍. മുഖ്യമന്ത്രി കണ്ണന്താനത്തിന് ഉച്ചവിരുന്നും ഒരുക്കിയിരുന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മുഖ്യമന്ത്രിയുടെ മാധ്യമഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് തുടങ്ങിയവരും കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News